
നഷ്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിച്ചെങ്കിലും നഷ്ടത്തിൽ തന്നെ അവസാനിച്ചു. ഓട്ടോ ഭീമൻമാരും ഏഷ്യൻ പെയിന്റ്സും ബാങ്കിങ് ഓഹരികളും വിപണിയെ വീഴാതെ താങ്ങിയപ്പോൾ ടിസിഎസ് 1.82% നഷ്ടം കുറിച്ചതാണ് മുൻനിര സൂചികകൾക്ക് വിനയായത്.
നിഫ്റ്റി 24750 പോയിന്റ് വരെ വീണ് ശേഷം 41 പോയിന്റുകൾ നഷ്ടമാക്കി 24812 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 138 പോയിന്റുകൾ നഷ്ടത്തിൽ 81444 പോയിന്റിലും ക്ളോസ് ചെയ്തു.
ബാങ്ക് നിഫ്റ്റിയും ഓട്ടോയുമൊഴികെ ഇന്ത്യൻ വിപണിയിലെ മറ്റെല്ലാ സെക്ടറുകളും ഇന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. നാസ്ഡാകിന്റെ ഇന്നലത്തെ വീഴ്ച ഐടി സെക്ടറിന് ഒരു ശതമാനത്തോളം നഷ്ടം നൽകി.
സെൻസെക്സിലെ മാറ്റങ്ങൾ ജൂൺ ഇരുപത്തിമൂന്നിന് നടക്കുന്ന ബിഎസ്ഇ സൂചികകളുടെ റീബാലൻസിങ് അതാത് ഓഹരികൾക്ക് പ്രധാനമാണ്. സൂചികകളിലേക്ക് പുതിയ ഓഹരികൾ വരുന്നതിനനുസരിച്ച് സൂചികാധിഷ്ഠിത ഫണ്ടുകൾ അതാത് ഓഹരികളിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നതും പുറത്ത് പോകുന്നവ ഫണ്ടുകളിൽ നിന്നും മാറ്റുന്നതും ഓഹരി വിലകളിലും പ്രതിഫലിച്ചേക്കും.
ഭാരത് ഇലക്ട്രോണിക്സും ട്രെന്റ് ലിമിറ്റഡും സെൻസെക്സിലേക്ക് വരുന്നത് ഇരു ഓഹരികളെയും ആകർഷകമാക്കുന്നു. ബ്രിട്ടാനിയയ്ക്കും ഹീറോ മോട്ടോഴ്സിനും പകരമായി സെൻസെക്സ്-50യിലേക്ക് ശ്രീറാം ഫൈനാൻസും ഇൻഡിഗോയും വരുന്നു.
സെൻസെക്സ് 100-ലേക്ക് ഡിക്സൺ, കോഫോർജ്, ഇൻഡസ് ടവേഴ്സ് എന്നിവ വരുമ്പോൾ സീമെൻസ്, ഭാരത് ഫോർജ്, ഡാബർ എന്നിവയാണ് പുറത്ത് പോകുന്നത്. കാനറാ ബാങ്കിന് പകരമായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ബാങ്കെക്സിലേക്കും വരുന്നു.
യുദ്ധം ആരുടേത് ? നിരുപാധികം കീഴടങ്ങാൻ ആഹ്വാനം ചെയ്ത അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവനയോടെ ഇസ്രായേൽ ഇറാനിൽ നടത്തുന്ന ആക്രമണങ്ങൾ അമേരിക്കയുടേത് കൂടിയാണെന്നും സൂചിപ്പിക്കപ്പെടുന്നു. നിരുപാധികം കീഴടങ്ങുകയോ യുദ്ധം ചെയ്യുകയോ അല്ലാതെ ഇറാന്റെ മുൻപിൽ വേറെ വഴിയില്ലാത്ത അവസ്ഥയിൽ ലോകം വീണ്ടും യുദ്ധഭീതിയിൽ ആയിക്കഴിഞ്ഞു.
ട്രംപിന്റെ തുടർ ട്വീറ്റുകളും ഇറാന്റെ നീക്കങ്ങളും തന്നെയാകും കാര്യങ്ങൾ തീരുമാനിക്കുക. ഇറാന്റെ ആണവനിരായുധീകരണം എന്ന കടമ്പയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് അമേരിക്കയും ചിത്രത്തിൽ വരുന്നതിനും ഒപ്പം യുദ്ധം നീളുന്നതിനും കാരണമാകും.
ഫെഡ് തീരുമാനങ്ങൾ ഇന്ന് ട്രംപിന്റെ ഭീഷണികൾക്ക് വഴങ്ങി അമേരിക്കൻ ഫെഡ് റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറക്കുകയില്ലെന്ന് തന്നെയാണ് വിപണിയും പ്രതീക്ഷിക്കുന്നത്. എന്നാൽ പണപ്പെരുപ്പം തല്ക്കാലം നിയന്ത്രിതമാണെന്നത് കണക്കിലെടുത്ത് വിപണി അനുകൂല നിലപാടുകളിലേക്ക് ജെറോം പവൽ നീങ്ങിയാൽ യുദ്ധ സാഹചര്യങ്ങൾക്കിടയിലും വിപണി നേട്ടം കുറിച്ചേക്കാം.
ഇന്നലെ അമേരിക്കൻ വിപണി നഷ്ടം കുറിച്ചിരുന്നെങ്കിലും ഫ്യൂച്ചറുകൾ നേട്ടത്തിൽ തുടരുന്നത് വിപണിക്ക് പ്രതീക്ഷയാണ്. ജാപ്പനീസ്, കൊറിയൻ വിപണികൾക്ക് പിന്നാലെ യൂറോപ്യൻ വിപണികളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ഡോളർ ഫെഡ് തീരുമാനങ്ങൾക്ക് മുന്നോടിയായി നേട്ടത്തിൽ തന്നെയാണ് അമേരിക്കൻ ഡോളർ തുടരുന്നത്. ഫെഡ് റിസർവ് നിരക്ക് കുറക്കാതെ വിടുന്നത് അമേരിക്കൻ ഡോളറിനും, ബോണ്ട് യീൽഡിനും പിന്തുണ നൽകും.
അമേരിക്കൻ ഡോളർ 86.48/- നിരക്കിലാണ് ഇന്ത്യൻ രൂപക്കെതിരെ വ്യാപാരം തുടരുന്നത്. സ്വർണം യുദ്ധഭീതിയെ തുടർന്നുണ്ടാക്കിയ നേട്ടങ്ങൾ കൈവിട്ട
രാജ്യാന്തര സ്വർണവില ഫെഡ് തീരുമാനങ്ങൾ കാത്ത് ഔൺസിന് 3400 ഡോളർ എന്ന നിരക്കിന് ചുറ്റും ക്രമപ്പെടുകയാണ്. ഫെഡ് തീരുമാനങ്ങൾ വിപണിക്കെന്നപോലെ സ്വർണത്തിനും നിർണായകമാണ്.
ഫെഡ് നിരക്ക് കുറയ്ക്കാതെ വിടുന്നത് സ്വർണത്തിനും ക്ഷീണമാണ്. ക്രൂഡ് ഓയിൽ ഏഷ്യൻ വിപണി സമയത്ത് 77.33 ഡോളർ വരെ പോയ ബ്രെന്റ് ക്രൂഡ് ഓയിൽ 76 ഡോളറിന് മുകളിൽ തന്നെയാണ് വ്യാപാരം തുടരുന്നത്.
ചൈനയുടെ എണ്ണ ആവശ്യകത പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ ശക്തമാകുമെന്ന സൂചനയും ക്രൂഡ് ഓയിൽ ഉല്പാദനത്തിന്റെ 50% നടക്കുന്ന അറേബ്യൻ മേഖല യുദ്ധക്കെടുതിയിലാകുന്നതും ക്രൂഡ് ഓയിലിന് അനുകൂലമാണ്. മിഡിൽ ഈസ്റ്റിലെ യുദ്ധത്തിന് അറുതി വരാതെ ക്രൂഡ് ഓയിൽ വില വീണേക്കില്ല.
എണ്ണ ഓഹരികൾ ക്രൂഡ് ഓയിൽ വില മുന്നേറുന്നത് ഇന്ത്യൻ എണ്ണ ഓഹരികൾക്ക് അനുകൂലമാണ്. ഓഎൻജിസി, ഓയിൽ ഇന്ത്യ എന്നിവ ശ്രദ്ധിക്കുക.
ലേഖകന്റെ വാട്സാപ് : 8606666722 Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്.
സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]