
ഇറാൻ-ഇസ്രയേൽ (Iran-Israel) സംഘർഷത്തിന് ഉടൻ അയവുണ്ടാകാനുള്ള സാധ്യതയില്ലെന്ന് വ്യക്തമാക്കി, ഇറാനെതിരായ ഭീഷണിയുടെ സ്വരം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (Donald Trump) കൂടുതൽ കടുപ്പിച്ചതോടെ രാജ്യാന്തര സ്വർണവില (gold price) വീണ്ടും കുതിപ്പ് തുടങ്ങി. യുദ്ധം പോലുള്ള സാഹചര്യങ്ങളിലെപ്പോഴും സ്വർണത്തിന് കിട്ടാറുള്ള ‘സുരക്ഷിത നിക്ഷേപം’ (safe-haven demand) എന്ന പെരുമയാണ് കാരണം.
നിക്ഷേപകർ ഓഹരി (Stock market), കടപ്പത്ര (debt market) വിപണികളെ കൈവിട്ട് ഗോൾഡ് ഇടിഎഫിലേക്ക് (gold ETF) നിക്ഷേപം മാറ്റുന്നതോടെ വില കുതിക്കും. ഇക്കുറി പക്ഷേ, സ്വർണത്തിനൊപ്പം വെള്ളിയും (Silver Price) റെക്കോർഡ് ഉയരത്തിലേക്ക് കുതിക്കുകയാണ്.
കേരളത്തിൽ വില പുതിയ ഉയരം കുറിച്ചു. സിൽവർ ഇടിഎഫ് (Silver ETF) നിക്ഷേപങ്ങൾക്ക് പ്രിയമേറുന്നതും വ്യാവസായിക ആവശ്യത്തിനുള്ള വെള്ളിക്ക് ഡിമാൻഡ് ഉയരുന്നതുമാണ് വിലക്കുതിപ്പ് കാരണം.
വീണ്ടും 74,000 തൊട്ട് പവൻ ഇന്നലെ രാവിലെ കേരളത്തിൽ സ്വർണവില (Kerala Gold Price) നിശ്ചയിക്കുമ്പോൾ ഔൺസിന് 3,378 ഡോളറായിരുന്ന രാജ്യാന്തരവില, ഇന്ന് വിലനിർണയ വേളയിലുള്ളത് 3,390 ഡോളറിനടുത്ത്. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,392 ഡോളറിലും.
ലാഭമെടുപ്പ് സമ്മര്ദത്തെ തുടർന്ന് ഒരുവേള 3,372 ഡോളർ വരെ താഴ്ന്നശേഷം പിന്നീട് വില ഉയരുകയായിരുന്നു. ഇത് കേരളത്തിലും ഇന്ന് വില കൂടാനിടയാക്കി.
സംസ്ഥാനത്ത് ഗ്രാമിന് ഇന്ന് വില 50 രൂപ വർധിച്ച് 9,250 രൂപയും പവന് 500 രൂപ ഉയർന്ന് 74,000 രൂപയുമായി. ഇതോടൊപ്പം 3% ജിഎസ്ടി (GST), 53.10 രൂപ ഹോൾമാർക്ക് ഫീസ് (HUID Charge), പണിക്കൂലി (3-35%) എന്നിവയും ചേരുമ്പോഴേ ആഭരണവിലയാകൂ.
ഇന്നലെ ഗ്രാമിന് 105 രൂപയും പവന് 840 രൂപയും ഇടിഞ്ഞിരുന്നു. ഈമാസം 14ന് ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന റെക്കോർഡിൽ എത്തിയിരുന്നു.
കേരളത്തിലെ സ്വർണവില നിർണയ ഘടകങ്ങളായ മുംബൈ വിപണിവില (Mumbai Rate) ഗ്രാമിന് ഇന്നുരാവിലെ 53 രൂപയും സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന വില (Bank Rate) 56 രൂപയും വർധിച്ചതും ഡോളറിനെതിരെ (US Dollar) രൂപ (Rupee) 11 പൈസ നഷ്ടത്തോടെ 86.35ലേക്ക് വീണതും സ്വർണവില കൂടാനുള്ള വഴിയൊരുക്കി. അതേസമയം യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് (US Dollar Index) 0.14% താഴ്ന്ന് 98.69 എന്ന ദുർബലനിലയിലായതും സ്വർണത്തിന് നേട്ടമായി.
വെള്ളിക്ക് റെക്കോർഡ് തിളക്കം രാജ്യാന്തര വെള്ളിവില ഔൺസിന് ഇന്ന് 2 ശതമാനത്തോളം കുതിച്ച് 13 വർഷത്തെ ഉയരമായ 37.28 ഡോളറിലെത്തി. ഇതോടെ കേരളത്തിൽ ചില കടകളിൽ വില ഗ്രാമിന് മൂന്നു രൂപ ഉയർന്ന് റെക്കോർഡ് 121 രൂപയായി.
മറ്റു ചില കടകളിൽ വില ഗ്രാമിന് 3 രൂപ തന്നെ വർധിച്ചെങ്കിലും 118 രൂപയേയുള്ളൂ. വ്യത്യസ്ത അസോസിയേഷനുകൾ വ്യത്യസ്തമായി വിലനിശ്ചയിക്കുന്നതാണ് ഈ ‘പലവില’യ്ക്ക് കാരണം.
വെള്ളിയാഭരണം, വെള്ളികൊണ്ടുള്ള പാത്രങ്ങൾ, പൂജാസാമഗ്രികൾ തുടങ്ങിയവ വാങ്ങുന്നവർക്ക് തിരിച്ചടിയാണ് ഈ വിലവർധന. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവിലയും ഇന്ന് ഉയർന്നെങ്കിലും വെള്ളിക്ക് സമാനമായി വ്യത്യസ്ത വിലയാണുള്ളത്.
ചില കടകളിൽ ഗ്രാമിന് 40 രൂപ വർധിച്ച് 7,615 രൂപ. മറ്റു ചില കടകളിൽ 40 രൂപ തന്നെ ഉയർന്നെങ്കിലും വില 7,590 രൂപ.
സ്വർണവില ഇനി എങ്ങോട്ട്? ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ (geopolitical tensions), സാമ്പത്തിക പ്രതിസന്ധികൾ (economic crises) എന്നിവ സ്വർണത്തിന് മുന്നേറാനുള്ള അനുകൂലഘടകങ്ങളാണ്. കേന്ദ്രബാങ്കുകൾ പലിശനിരക്ക് കുറയ്ക്കുന്നതും ഗുണം ചെയ്യുക സ്വർണത്തിനു തന്നെ.
കാരണം, പലിശനിരക്ക് കുറഞ്ഞാൽ ആനുപാതികമായി സർക്കാരിന്റെ കടപ്പത്ര ആദായനിരക്കും (ബോണ്ട് യീൽഡ്) കറൻസികളുടെ മൂല്യവും കുറയും. കടപ്പത്ര ആദായനിരക്ക് അനാകർഷകമാവുകയും വിദേശനിക്ഷേപം പിൻവലിയുകയും ചെയ്യുന്നതാണ് കറൻസിക്ക് തിരിച്ചടിയാവുക.
ഇത് സ്വർണം, വെള്ളി നിക്ഷേപങ്ങളെ ആകർഷകമാക്കുകയും വില കൂടുകയും ചെയ്യും. അതാണ് നിലവിൽ സംഭവിക്കുന്നത്.
പുറമെ കേന്ദ്രബാങ്കുകൾ വിദേശ കറൻസികളെ കൈവിട്ട് വിദേശനാണയ ശേഖരത്തിലേക്ക് കൂടുതലായി സ്വർണം വാങ്ങിക്കൂട്ടുന്നതും വില വർധനയുടെ ആക്കംകൂട്ടും. ഇറാൻ-ഇസ്രയേൽ സംഘർഷത്തിനു അയവുവന്നാൽ സ്വർണവില താഴാനുള്ള വഴിയൊരുങ്ങും.
മറ്റൊന്ന്, ലാഭമെടുപ്പ് ഉണ്ടാവുന്നതും വിലയെ താഴേക്ക് നയിക്കും. എങ്കിലും, ഇപ്പോൾ വിപണി പ്രധാനമായും ഉറ്റുനോക്കുന്നത് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് (US Fed) ഇന്നു പ്രഖ്യാപിക്കുന്ന പണനയത്തിലേക്കാണ്.
അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച ഫെഡിന്റെ വാക്കുകളിലേക്കാണ് ഏവരും കാതോർക്കുന്നത്. പലിശ കുറയ്ക്കുമെന്ന് ഫെഡ് സൂചിപ്പിച്ചാൽ അതു സ്വർണത്തിന് കുതിപ്പിനുള്ള വളമാകും.
മറിച്ചെങ്കിൽ ഡോളറും ബോണ്ടും കരുത്താർജിക്കും. സ്വർണവില താഴേക്കും നീങ്ങുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]