
മധ്യപൂർവദേശത്ത് സംഘർഷം കൂടുതൽ രൂക്ഷമായേക്കുമെന്ന് സൂചിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമൂഹിക മാധ്യമ പോസ്റ്റ് പുറത്തുവന്നത് ആഗോളതലത്തിൽ ഓഹരി വിപണികൾക്ക് വൻ തിരിച്ചടിയായി. വെടിനിർത്തൽ കൊണ്ട് പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ക്ഷമ നശിക്കുകയാണെന്നും ഇറാനിയൻ നേതാക്കൾ നിരുപാധികം കീഴടങ്ങുന്നതാണ് നല്ലതെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാന്റെ ആണവ കേന്ദ്രങ്ങളെ യുഎസ് ആക്രമിച്ചേക്കുമെന്നും സൂചനകളുണ്ട്. യുഎസ് സൈന്യത്തിന്റെ യുദ്ധവിമാനങ്ങൾ മധ്യേഷ്യയിലേക്ക് പറന്നുവെന്നാണ് റിപ്പോർട്ടുകൾ.
രാജ്യാന്തര ക്രൂഡ് ഓയിൽ ഉൽപാദന, വിതരണരംഗത്തെ നിർണായക കേന്ദ്രമായ മധ്യേഷ്യ യുദ്ധകലുഷിതമാകുന്നതും ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ യുഎസും ആക്രമണത്തിൽ പങ്കുചേരുന്നതും ആഗോളതലത്തിൽ വാണിജ്യ, വ്യാപാര മേഖലകളെ ആശങ്കയിലാഴ്ത്തും. നിക്ഷേപകരുടെ ആത്മവിശ്വാസം കുറയും.
ഇതിന്റെ തിരിച്ചടി ഓഹരി വിപണികളിലാണ് കൂടുതൽ പ്രതിഫലിക്കുക. സംഘർഷം അകലുന്നതുവരെ നിക്ഷേപകർ നിക്ഷേപം സുരക്ഷിതമാക്കാനായി വിറ്റൊഴിയൽ സമ്മർദം ശക്തമാക്കും.
ഇതാണ് ഓഹരി വിപണികളെ തളർത്തുന്നത്. വിദേശ സൂചികകളും ഗിഫ്റ്റ് നിഫ്റ്റിയും യുഎസ് ഓഹരി സൂചികകളായ എസ് ആൻഡ് പി500 0.84%, നാസ്ഡാക് 0.91%, ഡൗ ജോൺസ് 0.70% എന്നിങ്ങനെയും യുഎസ് ഫ്യൂച്ചേഴ്സിൽ ഡൗ ജോൺസ്, എസ് ആൻഡ് പി500, നാസ്ഡാക് 100 എന്നിവ 0.02 ശതമാനം വരെയും താഴ്ന്നു.
യുഎസിൽ ഉപഭോക്തൃവിപണിയിൽ മാന്ദ്യമുണ്ടെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം റീട്ടെയ്ൽ വിൽപന 0.9% താഴ്ന്നതും സൂചികകളെ ഉലച്ചു. പ്രതീക്ഷിച്ചതിനേക്കാൾ കുറവാണ് വളർച്ച.
വാഹന വിൽപനയാണ് കൂടുതൽ തളർന്നത്. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.57%, ഓസ്ട്രേലിയയുടെ എഎസ്എക്സ് 0.02% എന്നിങ്ങനെ നേട്ടം കുറിച്ചു.
ഹോങ്കോങ് 0.89%, ഷാങ്ഹായ് 0.10% എന്നിങ്ങനെ നഷ്ടത്തിലാണ്. ഇന്ത്യയിൽ ഡെറിവേറ്റീവ് വിപണിയായ ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തിൽ നിന്ന് കരകയറി 0.12% നേട്ടത്തിലേക്കുവന്നത് സെൻസെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങിയേക്കാമെന്ന സൂചന നൽകുന്നു.
എങ്കിലും ചാഞ്ചാട്ടത്തിന് സാധ്യതയേറെ. ഇന്നലെ സെൻസെക്സ് 212 പോയിന്റ് (-0.26%) താഴ്ന്ന് 81,583ലും നിഫ്റ്റി 93 പോയിന്റ് (-0.37%) നഷ്ടവുമായി 24,853ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓഹരി വിപണിയെ സ്വാധീനിക്കാവുന്ന ഘടകങ്ങൾ ∙ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനം ഇന്ന് ഇന്ത്യൻ സമയം വൈകിട്ടോടെ പ്രതീക്ഷിക്കാം. അടിസ്ഥാന പലിശനിരക്കിൽ മാറ്റം വരുത്താൻ സാധ്യതയില്ലെങ്കിലും പലിശയുടെ ദിശ സംബന്ധിച്ച സൂചന ഫെഡറൽ റിസർവ് നൽകും.
പണപ്പെരുപ്പവും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആശങ്കപ്പെടുത്തുന്നതാണെന്ന് ഫെഡ് അഭിപ്രായപ്പെട്ടാൽ പലിശനിരക്ക് സമീപഭാവിയിലെങ്ങും കുറയാനുള്ള സാധ്യത മങ്ങും. ∙ സ്വർണവില ഔൺസിന് 22 ഡോളർ താഴ്ന്ന് 3,375 ഡോളറായിട്ടുണ്ട്.
ലാഭമെടുപ്പാണ് വില താഴാനിടയാക്കുന്നത്. ഈ ട്രെൻഡ് നിലനിന്നാൽ ഇന്നും കേരളത്തിൽ വില കുറയും.
ഫെഡ് ഉടനടി പലിശ കുറച്ചേക്കില്ലെന്ന സൂചനകളും സ്വർണത്തിന് പ്രതികൂലമാണ്. ∙ ചാഞ്ചാടുകയാണ് ക്രൂഡ് ഓയിൽ വില.
ബ്രെന്റ് വില 0.09% നഷ്ടത്തിലും ഡബ്ല്യുടിഐ ക്രൂഡ് 0.03% നേട്ടത്തിലുമാണ്. മധ്യേഷ്യയിലെ പ്രധാന ചരക്കുനീക്ക പാതയായ ഹോർമുസ് കടലിടുക്ക് ബ്ലോക്ക് ചെയ്യാൻ ഇറാൻ ധൈര്യപ്പെടില്ലെന്ന വിലയിരുത്തലാണ് എണ്ണവിലയെ ‘തൽകാലം’ മുന്നേറ്റത്തിൽ നിന്ന് അകറ്റിനിർത്തുന്നത്.
∙ കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനായി എണ്ണ ഉൽപാദനം കുറയ്ക്കാമെന്ന നിലപാടിൽ നിന്ന് പല എണ്ണക്കമ്പനികളും പിന്മാറിയതോടെ, രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ ഈ രംഗത്തെ വായ്പാ വിതരണം വർധിപ്പിച്ചിട്ടുണ്ട്. കൽക്കരി, ക്രൂഡ് ഓയിൽ, ഗ്യാസ് പദ്ധതികളിലേക്കാണ് കൂടുതൽ ഫണ്ടൊഴുകുന്നത്.
ഫണ്ടിങ്ങിൽ മുന്നിൽനിൽക്കുന്ന യുഎസ് ബാങ്കുകളായ ജെപി മോർഗൻചെയ്സ്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ഗ്രൂപ്പ് തുടങ്ങിയവയാണ്. ∙ രൂപ ഇന്നലെ ഡോളറിനെതിരെ 18 പൈസ ഇടിഞ്ഞ് 86.24ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ രണ്ടുമാസത്തിനിടയിലെ താഴ്ന്ന നിരക്കാണിത്. ക്രൂഡ് വില ഉയർന്നതലത്തിൽ തുടരുന്നതും ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്കുമാണ് പ്രധാന തിരിച്ചടി.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെയും 1,500 കോടിയോളം രൂപ ഇന്ത്യൻ ഓഹരികളിൽ നിന്ന് പിൻവലിച്ചു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]