
2024–25 സാമ്പത്തിക വർഷത്തിലേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നതിനുള്ള തീയതി ആദായ നികുതി വകുപ്പ് അടുത്തിടെ നീട്ടിയിട്ടുണ്ട്. ജൂലൈ 31ന് അവസാനിക്കേണ്ടിയിരുന്ന തീയതി സെപ്റ്റംബർ 15 വരെ നീട്ടിയത് പുതിയ ഐടിആർ ഫോമുകളില്‍ അവ്യക്തത ഉണ്ടായിരുന്നതിനാലും അവ ഇന്‍കം ടാക്സ് സൈറ്റിൽ അപ് ലോഡ് ചെയ്യുന്നതിൽ കാലതാമസം ഉണ്ടായതും കാരണമാണ്.
ഇപ്പോൾ അതെല്ലാം പരിഹരിച്ച് നികുതിദായകർ റിട്ടേൺ നൽകി തുടങ്ങിയതായി ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. എങ്കിലും നികുതി കൊടുക്കുന്നില്ലല്ലോ, പിന്നെന്തിന് ഐടിആർ നൽകണം എന്നാണ് പലരും ചിന്തിക്കുന്നത്.
നികുതി നൽകാത്തവര്‍ക്കും റിട്ടേൺ ഫയൽ ചെയ്യുന്നത് കൊണ്ട് നേട്ടങ്ങളുണ്ട് എന്ന കാര്യം പലർക്കും അറിയില്ല. ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന്റെ നേട്ടങ്ങൾ നോക്കാം: 1.
വരുമാനത്തിന്റെ തെളിവ് ശമ്പള വരുമാനക്കാരെ സംബന്ധിച്ച് അവര്‍ക്ക് ലഭിക്കുന്ന പേസ്ലിപ്പുകളും ഫോം16 യും വരുമാനത്തിന്റെ തെളിവാണ്. എന്നാല്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഫ്രീലാന്‍സര്‍മാര്‍ക്കും ഇത് ലഭിക്കില്ല.
പലപ്പോഴും ഐടിആര്‍ രസീത് മാത്രമായിരിക്കും അവരുടെ വരുമാനത്തിന്റെ തെളിവായി ഉപയോഗിക്കാവുന്ന രേഖ. പല സാമ്പത്തിക ഇടപാടുകളിലും ഇത് പ്രയോജനം ചെയ്യും.
2. വിസയ്ക്ക് അപേക്ഷിക്കുന്നത് എളുപ്പമാക്കും ഒരാൾ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ആവശ്യമായ യാത്രാ ചെലവുകള്‍ വഹിക്കാന്‍ അയാളുടെ കൈവശം പണം ഉണ്ട് എന്നതിന്റെ തെളിവായി വിദേശ രാജ്യങ്ങള്‍ പലപ്പോഴും ഐടിആര്‍ ആവശ്യപ്പെടാറുണ്ട്.
യുഎസിലേക്കും കാനഡയിലേക്കും യൂറോപ്പിലെ ചില രാജ്യങ്ങളിലേക്കും വിസയ്ക്ക് അപേക്ഷിക്കാന്‍ ഐടിആര്‍ രേഖകള്‍ നിര്‍ബന്ധമാണ്. 3.
വായ്പ വേഗത്തിലാക്കാം കൃത്യസമയത്ത് ശ്രദ്ധയോടെ ഐടി റിട്ടേണുകള്‍ ഫയല്‍ ചെയ്താല്‍ വായ്പ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍, അവസാന മൂന്ന് വര്‍ഷത്തെ ഐടിആര്‍ രസീതുകള്‍ വായ്പ എടുക്കുന്നവര്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
ഇത് വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയും വായ്പാ തുക തിരിച്ചടയ്ക്കാനുള്ള കഴിവും വിലയിരുത്താന്‍ ബാങ്കുകളെ സഹായിക്കും. 4.
നോട്ടീസ് കിട്ടില്ല നിങ്ങൾ വലിയ തുകയ്ക്കുള്ള (ഭൂമി വിൽക്കൽ പോലുള്ളവ) സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ള ആളാണെങ്കിൽ ആദായ നികുതി വകുപ്പ് നിങ്ങളുടെ നീക്കങ്ങൾ ശ്രദ്ധിക്കുന്നുണ്ടാകും. അത്തരം വേളകളിൽ ഇൻകം ടാക്സ് അടയ്ക്കുന്നില്ലാത്ത ആളാണെങ്കിലും നിങ്ങൾ റിട്ടേൺ സമർപ്പിച്ചാൽ ഇടപാടുകളുടെ വിശദാംശങ്ങൾ അറിയിക്കാനായി ആവശ്യപ്പെട്ടുകൊണ്ടുള്ള ആദായ നികുതി വകുപ്പിന്റെ നോട്ടീസ് നിങ്ങൾക്ക് വരില്ല എന്ന ആശ്വാസമുണ്ട്. ടിഡിഎസ് പിടിച്ചിട്ടുള്ളവർക്ക് അതിന്റെ റീഫണ്ട് ലഭിക്കണമെങ്കിൽ നികുതി വിധേയമായ വരുമാനമില്ലെങ്കിൽപ്പോലും റിട്ടേൺ സമർപ്പിച്ചാലെ റിട്ടേൺ ലഭിക്കൂ എന്ന കാര്യവും ഓർക്കേണ്ടതുണ്ട്.
ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനായി അവസാന തീയതി വരെ കാത്തിരിക്കുന്നത് ശരിയായ രീതിയല്ല, പല പിഴവുകളും സംഭവിക്കാനിടയുള്ളതിനാൽ അവ അവസാനവേളയിൽ തിരുത്താൻ പറ്റിയെന്ന് വരില്ല. അതിനാല്‍, നികുതിദായകര്‍ സമയപരിധിക്ക് മുമ്പായി റിട്ടേണ്‍ സമര്‍പ്പിക്കുന്നതാണ് ഉചിതം. സമയപരിധി അവസാനിക്കും മുമ്പ് ഐടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലൂടെ പിഴ ഒഴിവാക്കാനും കഴിയും ഐടിആര്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസമോ വീഴ്ചയോ വരുത്തിയാല്‍ നികുതിദായകന് ആദായനികുതി വകുപ്പ് നോട്ടീസ് അയക്കാന്‍ സാധ്യത ഉണ്ട്.
ഇതിന് നികുതി ദായകന് നല്കുന്ന പ്രതികരണത്തില്‍ ആദായ നികുതി വകുപ്പ് തൃപ്തരായില്ലെങ്കില്‍ തുടര്‍ന്ന് നിയമപരമായ നടപടികള്‍ നേരിടേണ്ടിയും വന്നേക്കാം. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]