
കേന്ദ്രസർക്കാരിന് ഇക്കുറിയും റിസർവ് ബാങ്കിൽ (RBI) നിന്ന് കിട്ടുക ‘ബംപർ’ സർപ്ലസ്. 2024-25 സാമ്പത്തിക വർഷത്തെ ‘സർപ്ലസ്’ (RBI surplus transfer) ആയി ഒറ്റയടിക്ക് 2.6 ലക്ഷം കോടി മുതൽ മൂന്നുലക്ഷം കോടി രൂപവരെ കേന്ദ്ര ഖജനാവിലേക്ക് എത്തുമെന്നാണ് സൂചനകൾ. സർപ്ലസ് തുക കൈമാറുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് മേയ് 23ന് (വെള്ളിയാഴ്ച) യോഗം ചേരും.
ചെലവുകൾ കഴിച്ചുള്ള വരുമാനത്തിലെ മിച്ചമാണ് (Revenue Surplus) റിസർവ് ബാങ്ക് പൂർണമായും ഇങ്ങനെ കേന്ദ്ര സർക്കാരിന് കൈമാറുന്നത്. 2023-24ൽ കൈമാറിയ 2.10 ലക്ഷം കോടി രൂപയാണ് നിലവിലെ റെക്കോർഡ്. വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന അടിയന്തര വായ്പകളിൽ നിന്നുള്ള പലിശ, നിക്ഷേപങ്ങളിൽ നിന്നുള്ള നേട്ടം, കരുതൽ വിദേശനാണയ ശേഖരത്തിൽ നിന്നുള്ള ഡോളർ വിറ്റഴിക്കൽ എന്നിവ വഴിയാണ് റിസർവ് ബാങ്ക് പ്രധാനമായും വരുമാനം നേടുന്നത്. ഇതിൽ നിന്ന് ചെലവ് കിഴിച്ചുള്ള തുകയാണ് വരുമാന സർപ്ലസ്.
റിസർവ് ബാങ്കിൽ നിന്ന് ഇങ്ങനെ ഓരോ വർഷവും ‘ബംപർ’ സർപ്ലസ് കിട്ടുന്നത് കേന്ദ്രത്തിന് വൻ ആശ്വാസമാണ്. ധനക്കമ്മി നിയന്ത്രിക്കാനും ക്ഷേമ, വികസന പദ്ധതികൾക്ക് പണം ഉറപ്പാക്കാനും ഇതു സഹായകമാകും. നേരത്തേ യുപിഎ സർക്കാരിന്റെ കാലത്ത് ജിഡിപിയുടെ 0.1% വരെ മാത്രമാണ് സർപ്ലസ് ഇനത്തിൽ റിസർവ് ബാങ്ക് കൈമാറിയിരുന്നത്. മോദി സർക്കാർ വന്നശേഷം 0.5 മുതൽ 0.55% വരെയായി. ഇക്കുറി റിസർവ് ബാങ്കിന് ഡോളർ വിറ്റൊഴിയൽ, വിപണിയിൽ പണലഭ്യത വർധിപ്പിക്കാനുള്ള നടപടികൾ എന്നിവവഴി കൂടുതൽ വരുമാനം നേടാനായിട്ടുണ്ട്. ഇതാണ്, കേന്ദ്രത്തിനുള്ള സർപ്ലസ് ഉയർന്നേക്കാനും കാരണം.
കേന്ദ്രത്തിന് റിസർവ് ബാങ്ക് നൽകിയ സർപ്ലസുകൾ
(തുക കോടി രൂപയിൽ)
∙ 2018-19 : 1,76,051
∙ 2019-20 : 57,128
∙ 2020-21 : 99,122
∙ 2021-22 : 30,307
∙ 2022-23 : 87,416
∙ 2023-24 : 2,10,874
കണ്ടിൻജൻസി ഫണ്ട് കൂട്ടിയേക്കും
അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന സാമ്പത്തിക ആഘാതങ്ങൾ നേരിടാനുള്ള കരുതൽപ്പണത്തിന്റെ (Contingency Risk Buffer/CRB) അനുപാതം റിസർവ് ബാങ്ക് ഇക്കുറി ഉയർത്തിയേക്കും എന്നും കരുതുന്നുണ്ട്. നിലവിൽ ഇത് 6.5-5.5% എന്ന റേഞ്ചിലാണുള്ളത്. ഇത് 7.5-5.5% എന്നതിലേക്ക് ഉയർത്തിയാലും ഇത്തവണ കേന്ദ്രത്തിന് റെക്കോർഡ് സർപ്ലസ് കൈമാറാനാകുമെന്നാണ് വിലയിരുത്തലുകൾ. വരുമാനം മികച്ച തോതിൽ മെച്ചപ്പെട്ടത് ഇതിനു സഹായിക്കും.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുടെ ആഘാതം കുറയ്ക്കാൻ കരുതൽ വിദേശ നാണയ ശേഖരത്തിൽ നിന്ന് 2023-24ൽ 150 ബില്യൻ ഡോളർ വിറ്റൊഴിഞ്ഞതു വഴി റിസർവ് ബാങ്ക് 83,614 കോടി രൂപയുടെ നേട്ടം കൈവരിച്ചിരുന്നു. 2024-25ൽ ഫെബ്രുവരി വരെ മാത്രം റിസർവ് ബാങ്ക് വിറ്റഴിച്ചത് 375 ബില്യൻ ഡോളറാണ്. അതായത്, നേട്ടം 2023-24നേക്കാൾ കൂടുതലായിരിക്കും. അതുകൊണ്ടാണ്, വൻ സർപ്ലസ് കേന്ദ്രത്തിന് കൈമാറാൻ റിസർവ് ബാങ്കിന് കഴിയുന്നതും. അതായത്, വിദേശ നാണയശേഖരത്തിലേക്ക് 83-84 രൂപനിരക്കിൽ ഓരോ ഡോളറും വാങ്ങിയ റിസർവ് ബാങ്ക് അതു വിറ്റഴിച്ചത് 84-87 രൂപ നിരക്കിൽ. ഫലത്തിൽ, 4 രൂപവരെ ലാഭം.
ജീവനക്കാർക്കുള്ള ശമ്പളം, കറൻസി നോട്ടുകളുടെ അച്ചടി, സർക്കാരിന്റെ പണമിടപാടുകൾ നിർവഹിക്കുന്നതിന് വവിധ ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും നൽകുന്ന ഫീസ് എന്നിവയാണ് റിസർവ് ബാങ്കിന്റെ ചെലവ്. വരുമാനത്തിൽ നിന്ന് ഈ ചെലവുകൾ കഴിച്ചുള്ള തുക കേന്ദ്രത്തിന് കൈമാറുകയാണ് ചെയ്യുക. റിസർവ് ബാങ്ക് നേടുന്ന വരുമാനത്തിന് ആദായനികുതി ബാധകമല്ലെന്ന (Section 48 – Exemption of Bank from income-tax and super-tax – of the RBI Act, 1934) പ്രത്യേകതയുമുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: