
ആരോഗ്യസമ്പന്നമായ ജീവിതത്തിന് പ്രോട്ടീനൊക്കെ വേണം, പക്ഷേ ഇറച്ചി കഴിക്കില്ല. പകരം, പയറു വർഗ്ഗങ്ങളോ പാൽ ഉത്പന്നങ്ങളോ കഴിയ്ക്കാമെന്നു വച്ചാൽ, വയറിനു പ്രശ്നങ്ങളുണ്ടാകാറുണ്ട്. ഇറച്ചി കഴിച്ചാലോ? കൊഴുപ്പും മറ്റും മൂലം ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയും. ഈ പ്രശ്നങ്ങളേതെങ്കിലും അലട്ടുന്നവരാണോ നിങ്ങൾ? എന്നാൽ, ഇനി ഇറച്ചിയുടെ രുചിയോടെ, ദോഷങ്ങളില്ലാതെ, പോഷകങ്ങൾ കൂട്ടിയും പൂർണമായും സസ്യപദാർഥങ്ങൾകൊണ്ടു നിർമിച്ച ‘വെജിറ്റേറിയൻ ഇറച്ചി’ കഴിക്കാം. റെഡ് മീറ്റിനും വൈറ്റ് മീറ്റിനും ബദലായി, ആരോഗ്യ ഗുണങ്ങളോടെ വികസിപ്പിച്ചെടുത്ത ഉൽപന്നമായ , ഇതിനൊക്കെ ഒരു പരിഹാരമാണ്.
സ്വപ്ന സംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറകു സമ്മാനിച്ച് ഒരുക്കിയ ‘ നിക്ഷേപക പാനൽ അംഗങ്ങളുടെ മികച്ച പ്രശംസയും കമ്പനിയുടെ തുടർ വളർച്ചയ്ക്കു ലക്ഷങ്ങളുമാണ് ഗ്രീന്‍മീറ്റ് എന്ന മലയാളി സ്റ്റാർട്ടപ്പ് സംരംഭത്തിന്റെ സാരഥികൾ സ്വന്തമാക്കിയത്. ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്നൊരുക്കുന്ന മനോരമ ഓൺലൈൻ എലവേറ്റിന്റെ എപ്പിസോഡ്-7 ഇവിടെ കാണാം.
എന്താണ് ഗ്രീൻമീറ്റ്?
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീനോവേറ്റീവ് ഫുഡ്സ് എന്ന സ്റ്റാർട്ടപ്പ് പുറത്തിറക്കിയ ഒരു ഉൽപന്നമാണ് ഗ്രീൻമീറ്റ്. യെല്ലോ പീസ്, ഗ്രീൻപീസ്, സോയാബീൻ, തുടങ്ങിയ പയറു വർഗ്ഗങ്ങളും ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങളും ഉപയോഗിച്ചാണ് ഇറച്ചിക്കു സമാനമായി ഇവർ ഗ്രീൻമീറ്റ് ഉൽപാദിപ്പിക്കുന്നത്.
ഈ ചേരുവകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രോട്ടീൻ പ്രത്യേക രീതിയിൽ ചൂടാക്കുകയും ഉടൻ തന്നെ തണുപ്പിക്കുകയും ചെയ്തെടുക്കുന്ന തെർമോ മെക്കാനിക്കൽ പ്രോസസിങ് പ്രക്രിയയിലൂടെയാണ് ഗ്രീൻമീറ്റിന്റെ നിർമാണം. ഇറച്ചിയുടേതിനു സമാനമായ ടെക്സ്ചർ ഇതുവഴി ലഭിക്കും. അതിനാൽ, ചവയ്ക്കുമ്പോഴും കഴിക്കുമ്പോഴും ഇറച്ചി കഴിക്കുന്ന അതേ അനുഭവം തന്നെയാണു ലഭിക്കുക.
പോഷകഗുണത്തിൽ ഇറച്ചിയേക്കാൾ മുന്നിലുമാണ് ഗ്രീൻമീറ്റ് എന്ന് സാരഥികൾ പറയുന്നു. ഇറച്ചിയിൽ ശരാശരി 22 ശതമാനമാണ് പ്രോട്ടീനിന്റെ അളവ്. ഗ്രീൻമീറ്റിൽ ഇത് 27 ശതമാനത്തോളമാണ്. കൊഴുപ്പാകട്ടെ വളരെ കുറവും. കൊളസ്ട്രോളും ട്രാൻസ്ഫാറ്റും ഒട്ടും തന്നെയില്ല. മാത്രമല്ല, ദഹനത്തെ സഹായിക്കുന്ന നാരുകളും (ഡയറ്ററി ഫൈബേഴ്സ്) ഇതിൽ ഏറെയുണ്ട്.
ഇവയ്ക്കു പുറമേ, സിങ്ക്, വൈറ്റമിൻ ബി12, സോഡിയം എന്നിവ കൂടി അടങ്ങിയതാണ് ഗ്രീൻമീറ്റ്. നിർമ്മാണരീതിയിൽ പയറു വർഗ്ഗങ്ങളിലുള്ള കോംപ്ലക്സ് കാർബോ ഹൈഡ്രേറ്റ്സ്, ആന്റി ന്യൂട്രിയന്റ്സ് എന്നീ ഘടകങ്ങൾ നീക്കം ചെയ്യപ്പെടുന്നതിനാൽ ഇതു വയറിന് അസ്വസ്ഥതകൾ ഉണ്ടാക്കുന്നില്ലെന്നും അവർ പറയുന്നു. സോയ, ഗ്ലൂട്ടൻ അലർജി ഉള്ളവർക്കുള്ള മുന്നറിയിപ്പും ഇവർ ഉൽപന്നത്തിന്റെ പായ്ക്കറ്റിൽ നൽകുന്നുണ്ട്.
ഗ്രീൻമീറ്റ് പാചകത്തിനു മുൻപു കഴുകേണ്ടതില്ല. പാചകത്തിന് അനുബന്ധമായ വേസ്റ്റും ഉണ്ടാവില്ല. ഇറച്ചി വേവിക്കാനെടുക്കുന്ന അത്ര സമയവും ഇതിനു വേണ്ട. ദീർഘകാലം ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാനുതകുന്ന റിട്ടോർട്ട് ടെക്നോളജി ഉപയോഗിച്ചാണ് ഗ്രീൻമീറ്റിന്റെ പായ്ക്കിങ്. അതുകൊണ്ടുതന്നെ, പ്രിസർവേറ്റീവ്സ് ചേർക്കാതെ, ഫ്രിഡ്ജ് ഉപയോഗിക്കാതെ, അന്തരീക്ഷ താപനിലയിൽ ഒരു വർഷത്തിലധികം കേടുവരാതെ ഇത് സൂക്ഷിക്കാനാകുമെന്നും അവർ അവകാശപ്പെടുന്നു.
ഗ്രീൻമീറ്റ് എന്ന ആശയം
വെജറ്റേറിയനായ പി.ജി. ഉണ്ണികൃഷ്ണനും നോൺ–വെജിറ്റേറിയനായ ധീരജ് മോഹനും ചേർന്ന് അവരുടെ ആശങ്കകൾക്കു കണ്ടെത്തിയ പരിഹാരമാണ് ഗ്രീന്‍മീറ്റ്. കോഴിക്കോട് ഐഐഎമ്മിൽ കണ്ടുമുട്ടിയ ഇവരുടെ പഠന പ്രോജറ്റിന്റെ വിഷയമായും പിന്നാലെ ബിസിനസ് ആശയമായും 2019ൽ തുടങ്ങിയതാണ് ഗ്രീൻമീറ്റിലേക്കുള്ള യാത്ര.
ഇതിന്റെ സാധ്യതകളും മറ്റു പഠനങ്ങളും നടത്തി, 2021ൽ ഗ്രീനോവേറ്റീവ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പും രജിസ്റ്റർ ചെയ്ത്, 2024ലോടെ ഇവർ ഗ്രീൻമീറ്റ് വിപണിയിലിറക്കി. മൈസൂരുവിലെ സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കൽ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഗ്രീനോവേറ്റീവിനു സാങ്കേതിക സഹായങ്ങൾ നൽകിയത്. ഇതിനോടകം തന്നെ കേന്ദ്ര-സംസ്ഥാന ഫണ്ടുകളും ഗ്രാന്റുകളും ഇവർ നേടിയിട്ടുണ്ട്.
വിൽപനയ്ക്കെത്തി ചുരുങ്ങിയകാലത്തിനകം തന്നെ ആമസോണിലൂടെയും സ്വന്തം വെബ്സൈറ്റിലൂടെയും ആയിരക്കണക്കിന് ഉപഭോക്താക്കളെ സ്വന്തമാക്കാൻ ഗ്രീൻമീറ്റിനു കഴിഞ്ഞു. വൈകാതെ തന്നെ സൂപ്പർമാർക്കറ്റുകളിലും, സ്വിഗ്ഗി, ബ്ലിങ്കിറ്റ് തുടങ്ങിയ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഇവ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകളിലാണെന്ന് ഗ്രീനോവേറ്റീവ് ഫുഡ്സ് സഹ സ്ഥാപകൻ ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഇഷ്ടമുള്ള രൂചിക്കൂട്ടിൽ പാചകം ചെയ്യാനായി റെഡി ടു കുക്ക് പരിവേഷത്തിൽ കഷണങ്ങളായും ചൂടാക്കി കഴിക്കാവുന്ന തരത്തിൽ റെഡി ടു ഈറ്റ് കറികളായും ഗ്രീൻമീറ്റ് വിപണിയിലുണ്ട്. വെജിറ്റേറിയൻ വിഭവങ്ങൾക്കുള്ള രൂപത്തിലും ഇൻസ്റ്റന്റ് പായ്ക്കറ്റുകളായും ഗ്രീൻമീറ്റ് വിപണിയിൽ വൈകാതെ ലഭ്യമാകും.