
കൊച്ചി ∙ സ്വർണത്തിനും രൂപയ്ക്കും ഓഹരികൾക്കും വിലക്കുതിപ്പ്. പരസ്പരം മത്സരിക്കുന്ന മട്ടിൽ മൂന്നു വിപണികളും ഒന്നുപോലെ മുന്നേറിയത് അതിശയക്കാഴ്ചയായി. സ്വർണ വില പവന് (8 ഗ്രാം) 840 രൂപ നേട്ടത്തോടെ 71,360 നിലവാരത്തിലേക്കാണ് ഉയർന്നത്. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ 29 പൈസയുടെ നേട്ടത്തോടെ 85.35 നിലവാരം കയ്യടക്കി. സെൻസെക്സ് 1508.91 പോയിന്റ് വർധനയോടെ 78,553.20 പോയിന്റിൽ വിജയപതാക ഉയർത്തി. നിഫ്റ്റി 414.46 പോയിന്റ് കീഴടക്കി 23,851.65 നിലവാരത്തിലേക്കാണ് ഉയർന്നത്,.
വിദേശ നിക്ഷേപകരിൽ നിന്നുള്ള പണ പ്രവാഹവും ഡോളറിന്റെ വിലയിടിവും ക്രൂഡ് ഓയിലിന്റെ വിലസ്ഥിരതയുമാണ് ഓഹരി വിപണിയിലെ അസാധാരണ കുതിപ്പിനു കാരണം. സ്വർണ വിലയ്ക്കു പുതിയ റെക്കോഡിന്റെ തിളക്കത്തിനു കാരണമായതു ഡോളറിന്റെ വിലയിടിവും സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ആകർഷകത്വവുമാണ്. അതേസമയം, സുരക്ഷിത ആസ്തിയെന്ന നിലയിലുണ്ടായിരുന്ന മതിപ്പിന് ഇടിവു വന്നുകൊണ്ടിരിക്കുന്നതും യുഎസ് ട്രഷറി ബോണ്ടുകളിൽ നിന്നുള്ള വരുമാന ഇടിവുമാണു ഡോളറിനു വിനയായത്.
സ്വർണം: വർധന 14,160 രൂപ
ജനുവരി ഒന്നിനു പവന് 57,200 രൂപ മാത്രമായിരുന്ന സ്വർണ വില പല തവണ റെക്കോഡ് തിരുത്തിക്കഴിഞ്ഞു. വില 71,360 നിലവാരത്തിലെത്തിയതോടെ ഈ വർഷത്തെ നേട്ടം 24.76 ശതമാനത്തിലേക്കാണ് ഉയർന്നിരിക്കുന്നത്. മറ്റ് ആസ്തികൾക്കൊന്നും ഈ വേഗമോ നിരക്കോ കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ ആഴ്ചയിലെ നാലു വ്യാപാര ദിനങ്ങളിലുണ്ടായ വർധന തന്നെ 1320 രൂപയുടേതാണ്.
രാജ്യാന്തര വിപണിയിലും വലിയ തോതിലുള്ള വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. ന്യൂയോർക്ക് വിപണിയിലെ അവധി വ്യാപാരത്തിൽ വില ഔൺസിന് (31.1035 ഗ്രാം) 3357.40 ഡോളറിലേക്ക് ഉയരുന്നതു കണ്ടു. പിന്നിട് 3340.61 നിലവാരത്തിലേക്കു വില താഴ്ന്നെങ്കിലും കുതിപ്പിനുള്ള കരുത്തു ബാക്കിയാണ്. വർഷാവസാനത്തോടെ വില 3700 ഡോളറിലേക്കും 2026 മധ്യത്തോടെ 4000 ഡോളറിലേക്കും കുതിക്കാനാണു സാധ്യതയെന്നു നിക്ഷേപരംഗത്തെ പ്രമുഖരായ ഗോൾഡ്മാൻ സാക്സ് അനുമാനിക്കുന്നു.മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) ജൂൺ ഡെലിവറി കരാർ വില വ്യാപാരത്തുടക്കത്തിൽ 10 ഗ്രാമിന് 95,935 രൂപയായിരുന്നു.
രൂപയുടെ വിനിമയ നിരക്ക് 85 നിലവാരത്തിലേക്ക്?
ഡോളറൊന്നിന് 85.35 നിലവാരത്തിലേക്കു രൂപയുടെ നിരക്കു മെച്ചപ്പെട്ടതോടെ 85.00 നിലവാരം ആസന്നമാണെന്നു വിദേശനാണ്യ വിപണിയുമായി ബന്ധപ്പെട്ടവർ പ്രതീക്ഷിക്കുന്നു. ഏഷ്യയിലെ മറ്റു രാജ്യങ്ങളിൽ കറൻസി വില രൂപയുടെ അളവിൽ മെച്ചപ്പെടുന്നില്ല.
ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ വിദേശ ബാങ്കുകളിൽ നിന്നുള്ള ഡോളർ വിൽപന രൂപയ്ക്കു പ്രിയം വർധിപ്പിക്കാൻ ഇടയാക്കി. ഓഹരി വിപണിയിലേക്കുള്ള ഡോളർ പ്രവാഹവും രൂപയ്ക്കു കരുത്തേകാൻ സഹായകമായി.
ഈ ആഴ്ചയിൽ മാത്രം രൂപയ്ക്കുണ്ടായ നേട്ടം 133 പൈസയുടേതാണ്. ഇന്റർബാങ്ക് ഫോറെക്സ് വിപണിയിൽ ബുധനാഴ്ച 85.64 നിലവാരത്തിൽ അവസാനിച്ച വ്യാപാരം ഇന്നലെ ആരംഭിച്ചതു തന്നെ 85.48 നിരക്കിലാണ്.
രൂപയ്ക്ക് ഇനിയും കരുത്തേറുമെന്ന പ്രതീക്ഷ നിലനിൽക്കുന്നുണ്ടെങ്കിലും രണ്ടു മാസമായി കൈവരിച്ച നേട്ടം മുഴുവൻ ഒരു വർഷത്തിനകം നഷ്ടമാകുമെന്നാണ് ഏതാനും ദിവസം മുൻപു റോയിട്ടേഴ്സ് 36 വിദേശനാണ്യ വിദഗ്ധർക്കിടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ കണ്ടെത്തിയത്. അഞ്ചു മാസത്തെ ഇടിവിനു ശേഷമുണ്ടായ രണ്ടു മാസ കാലയളവിൽ രൂപയ്ക്കുണ്ടായ നേട്ടം മൂന്നു ശതമാനമാണ്. ഈ സാമ്പത്തിക വർഷാവസാനത്തോടെ രൂപയുടെ നിരക്ക് 88 – 89 നിലവാരത്തിലെത്തുമെന്ന് കെയർഎഡ്ജ് റേറ്റിങ്സ് കഴിഞ്ഞ മാസം ചൂണ്ടിക്കാട്ടിയിരുന്നു.
ഓഹരി നിക്ഷേപകർക്ക് നേട്ടം 4,00,000 കോടി
സെൻസെക്സ് 1.96 ശതമാനവും നിഫ്റ്റി 1.8 ശതമാനവും ഒറ്റയടിക്ക് ഉയർന്നതോടെ നിക്ഷേപകരുടെ ആസ്തി മൂല്യത്തിലുണ്ടായ നേട്ടം 4,00,000 കോടി രൂപയുടേതാണ്. വ്യാപാരത്തിനിടെ സെൻസെക്സ് 1572 പോയിന്റും നിഫ്റ്റി 435 പോയിന്റും ഉയർന്നെങ്കിലും അവസാന മണിക്കൂറിലെ ലാഭമെടുപ്പിൽ നേട്ടം അതേ നിലവാരത്തിൽ കാത്തു സൂക്ഷിക്കാനായില്ല. എങ്കിലും വിപണിക്ക് ഇത് അനുകൂല കാലാവസ്ഥയാണെന്ന് ഇടപാടുകാർ വിശ്വസിക്കുന്നു.
എല്ലാ വ്യവസയ മേഖലകളിൽ നിന്നുമുള്ള ഓഹരികൾ മുന്നേറ്റത്തിൽ പങ്കെടുത്തെങ്കിലും ബാങ്കിങ് വ്യവസായത്തിൽ നിന്നുള്ള ഓഹരികളാണു കുതിപ്പിനു നേതൃത്വം നൽകിയത്. ബാങ്ക് നിഫ്റ്റി സൂചിക 2.2% വർധന രേഖപ്പെടുത്തി. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ വിലയിലെ വർധന ശ്രദ്ധേയമായിരുന്നു. രണ്ടു ബാങ്കുകളുടെയും പ്രവർത്തന ഫലം നാളെ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലായിരുന്നു വിലയിലെ ചലനം. ഈ ബാങ്കുകളുടെയും എസ്ബിഐ, ആക്സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെയും ഓഹരികളുടെ വിലക്കയറ്റം മാത്രം സെൻസെക്സിൽ 730 പോയിന്റ് വർധനയ്ക്കു സഹായകമായി.
തുടർച്ചയായി രണ്ടാം ദിവസവും വിദേശ ധനസ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യൻ വിപണിയിലേക്കു പണം ഒഴുക്കി. രണ്ടു ദിവസംകൊണ്ടു 10,000 കോടി രൂപയുടെ ഓഹരികൾ ഇവ സ്വന്തമാക്കിയതായി കണക്കാക്കുന്നു.
ക്രൂഡ് ഓയിൽ വിലയുടെ നിലവാരം 66.46 ഡോളറായിരുന്നു. കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും ക്രൂഡിന്റെ കുറഞ്ഞ വിലനിലവാരം സഹായകമാകുമെന്നതും ഓഹരി വിപണിക്ക് ആശ്വാസമായി.
400 ദിർഹവും കടന്ന് യുഎഇയിൽ സ്വർണവില
ദുബായ് ∙യുഎഇയിൽ 24 കാരറ്റ് സ്വർണം ഗ്രാമിന് ആദ്യമായി 402.75 ദിർഹമായി. 22 കാരറ്റ് സ്വർണം ഗ്രാമിന് ഒറ്റ ദിവസം 14 ദിർഹം വർധിച്ച് 372.75 ദിർഹമായി. 21 കാരറ്റ് 357.5 ദിർഹം, 18 കാരറ്റ് സ്വർണം ഗ്രാമിന് 306.5 ദിർഹം എന്നിങ്ങനെയാണ് ഇന്നലത്തെ വില.