
ഉപഭോക്താക്കളെയും വ്യാപാരികളെയും വെട്ടിലാക്കി സംസ്ഥാനത്ത് സ്വർണത്തിന് (Kerala gold price) ഇന്നു ‘പല വില’. ഒരു വിഭാഗം അസോസിയേഷൻ ഗ്രാമിന് (gold rate) 25 രൂപ ഉയർത്തി 8,945 രൂപയും പവന് 200 രൂപ വർധിപ്പിച്ച് 71,560 രൂപയും വിലയിട്ടപ്പോൾ മറ്റു ചിലർ ഇന്നലത്തെ വില നിലനിർത്തി. കൂടിയ വില പരിഗണിച്ചാൽ, കേരളത്തിൽ ഇന്നും പിറന്നത് റെക്കോർഡ്. ഇന്നലെ കുറിച്ച ഗ്രാമിന് 8,920 രൂപയും പവന് 71,360 രൂപയും എന്ന റെക്കോർഡ് തകർന്നു.
കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം സംസ്ഥാനത്ത് പവൻവിലയിൽ വർധിച്ചത് 1,800 രൂപയാണ്. ഗ്രാമിന് 225 രൂപയും. രാജ്യാന്തര വില കുറഞ്ഞെങ്കിലും കേരളത്തിലെ വിലനിർണയത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ ബോംബെ വിപണിയിലെ നിരക്ക് കൂടിനിന്നതിനാലാണ്, ഇന്നും കേരളത്തിൽ വില ഉയർത്തേണ്ടി വന്നതെന്ന് വില വർധിപ്പിച്ച വ്യാപാരി അസോസിയേഷൻ അധികൃതർ പ്രതികരിച്ചു. എന്നാൽ, രാജ്യാന്തര വിലയിലെ ഇടിവും ഡോളറിനെതിരെ രൂപ കരുത്താർജ്ജിച്ചതും പരിഗണിച്ചാണ് ഇന്നു വില നിലനിർത്താൻ തീരുമാനിച്ചതെന്ന് മറ്റൊരു വിഭാഗം വ്യാപാരി അസോസിയേഷൻ അധികൃതർ വ്യക്തമാക്കി.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ചില കടകളിൽ 15 രൂപ വർധിച്ച് റെക്കോർഡ് 7,405 രൂപയായി. മറ്റു കടകളിൽ മാറ്റമില്ലാതെ 7,350 രൂപയിൽ തുടരുന്നു. വെള്ളിവില മാറിയില്ല, ഗ്രാമിന് 108 രൂപ. വിലനിർണയത്തിൽ വ്യാപാരികൾക്കിടയിൽ തന്നെ അഭിപ്രായഭിന്നതയുള്ളത് ഉപഭോക്താക്കൾക്കും ആശയക്കുഴപ്പമാവുകയാണ്.
ലാഭമെടുപ്പിൽ തെന്നി രാജ്യാന്തര വില
ഇന്നലെ ഔൺസിന് 3,357 ഡോളർ എന്ന റെക്കോർഡ് രേഖപ്പെടുത്തിയ രാജ്യാന്തരവില ഇന്നുള്ളത് 3,315 ഡോളറിൽ. റെക്കോർഡ് മുന്നേറ്റം മുതലെടുത്തും ഈസ്റ്റർ അവധിയാഘോഷ ചെലവുകൾക്കായും ഒരുവിഭാഗം നിക്ഷേപകർ ഗോൾഡ് ഇടിഎഫുകളിൽ ലാഭമെടുപ്പ് തകൃതിയാക്കിയതാണ് വില കുറയാനിടയാക്കിയത്.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഇനിയുള്ള തീരുവ നിലപാടുകൾ, ഡോളറിന്റെയും യുഎസ് കടപ്പത്രങ്ങളുടെയും പ്രകടനം എന്നിവയെയും ആശ്രയിച്ചാവും വരും ദിവസങ്ങളിൽ സ്വർണവിലയുടെ സഞ്ചാരദിശ. വ്യാപാരയുദ്ധത്തിൽ അയവുണ്ടാവുകയും ഡോളറും കടപ്പത്രങ്ങളും ഓഹരി വിപണികളും മെച്ചപ്പെടുകയും ചെയ്താൽ സ്വർണവില തൽകാലത്തേക്ക് താഴെയിറങ്ങാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ പറയുന്നു. അതേസമയം, സ്ഥിതി മറിച്ചാണെങ്കിൽ രാജ്യാന്തരവില 3,500 ഡോളറിലേക്കാകും കുതിക്കുകയെന്നും അവർ ചൂണ്ടിക്കുന്നു.
പണിക്കൂലി ഉൾപ്പെടെ വില
3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, മിനിമം 5% പണിക്കൂലി എന്നിവ കണക്കാക്കിയാൽ ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണത്തിന് 77,450 രൂപയ്ക്കടുത്ത് നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,680 രൂപയും. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 3 മുതൽ 35 ശതമാനം വരെയൊക്കെയാകാം.