സംഘർഷം അവസാനിപ്പിക്കാൻ യുക്രെയ്നും റഷ്യയും ഇറാനും യുഎസും സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടത്തിയ ചർച്ചകൾ പൊളിഞ്ഞു. ഒമാന്റെ മധ്യസ്ഥതയിലായിരുന്നു ഇറാൻ-യുഎസ് ചർച്ച.
യുഎസ് ഇടനിലക്കാരായി നിന്നായിരുന്നു യുക്രെയ്നും റഷ്യയും തമ്മിൽ ചർച്ച നടന്നത്.
ആണവ വിഷയത്തിൽ യുഎസ് മുന്നോട്ടുവച്ച നിബന്ധനകൾക്ക് വഴങ്ങാൻ ഇറാൻ തയാറായില്ലെന്നും ഇറാനെതിരെ സൈനിക നടപടി ആരംഭിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടനെടുക്കുമെന്നും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു.
സമാധാന ശ്രമങ്ങൾക്ക് വഴങ്ങാൻ ചർച്ചയിൽ റഷ്യ തയാറായില്ലെന്നും ലാഘവത്തോടെയാണ് റഷ്യൻ പ്രതിനിധികൾ ചർച്ചയിൽ സംബന്ധിച്ചതെന്നും യുദ്ധം നീട്ടിക്കൊണ്ടുപാോകാനാണ് അവരുടെ ശ്രമമെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും പറഞ്ഞു.
ചർച്ച ബുദ്ധിമുട്ടേറിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരു ചർച്ചകളും പൊളിഞ്ഞെന്ന സൂചന ജെ.ഡി. വാൻസിന്റെയും സെലെൻസ്കിയുടെയും വാക്കുകളിൽ നിന്ന് കിട്ടിയതിന് പിന്നാലെ ക്രൂഡ് ഓയിൽ വില 4 ശതമാനം കത്തിക്കയറി.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 70 ഡോളറിനടുത്താണ് ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 11.20ഓടെയുള്ളത്. ഡബ്ല്യുടിഐ വില ബാരലിന് 4.11% മുന്നേറി 65 ഡോളറിലേക്കുമെത്തി.
മധ്യേഷ്യ യുദ്ധകലുഷിതമായാൽ എണ്ണവില 70 ഡോളറിന് മുകളിലേക്ക് കത്തിക്കയറും.
ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിടുക കൂടി ചെയ്തതോടെ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുള്ള എണ്ണവിതരണം തടസ്സപ്പെടുമെന്ന ഭീതി ഉയർന്നിട്ടുണ്ട്. ഫലത്തിൽ, എണ്ണവില കൂടുതൽ മുന്നേറാനാണ് സാധ്യത.
അമേരിക്കയും ഇറാനും യുദ്ധത്തിലേക്ക് കടന്നാൽ ക്രൂഡ് ഓയിൽ വില റോക്കറ്റിലേറും.
റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ നീക്കംപാളിയതും എണ്ണവിലക്കുതിപ്പിന് ഊർജമാകുന്നുണ്ട്. റഷ്യയ്ക്കുമേലുള്ള ഉപരോധങ്ങൾ തുടരുന്നതും എണ്ണവിതരണത്തെ ബാധിക്കും, വില കുതിക്കും.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് അയവില്ലാത്തത് സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ നൽകുകയാണ്. രാജ്യാന്തരവില ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും ഔൺസിന് 5,000 ഡോളർ ഭേദിച്ച് 5,008.62 വരെയെത്തി.
കഴിഞ്ഞ ദിവസങ്ങളിലെ വിലയിടിവ് മുതലെടുത്ത് വാങ്ങൽ താൽപ്പര്യം (ഡിപ് ബയിങ്) കൂടിയതും വില ഉയരാനിടയാക്കി.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ കഴിഞ്ഞ യോഗത്തിലെ മിനുട്സ് പുറത്തുവരാനിരിക്കേ, യുഎസ് ഡോളർ ഇൻഡക്സ് 0.42% ഉയർന്ന് 97.56ൽ എത്തിയിട്ടുണ്ട്. ഇതു സ്വർണത്തിന് തിരിച്ചടിയാണ്.
ഡോളറിന്റെ ഈ കുതിപ്പ് ഇല്ലായിരുന്നെങ്കിൽ സ്വർണവില കൂടുതൽ ഉയരുമായിരുന്നു.
അമേരിക്കയിലെ റീട്ടെയ്ൽ പണപ്പെരുപ്പം 2% എന്ന നിയന്ത്രണ പരിധിക്കുള്ളിൽ സ്ഥിരത കൈവരിക്കുംവരെ ഇനി പലിശ കുറയ്ക്കേണ്ടെന്ന നിലപാടിലേക്ക് ഫെഡറൽ റിസർവ് എത്തിയേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഡോളറും ബോണ്ട് യീൽഡും ശക്തിനേടുകയും സ്വർണവിലയുടെ മുന്നേറ്റത്തിന് കരുത്ത് കുറയുകയും ചെയ്യും.
കേരളത്തിൽ ബുധനാഴ്ച സ്വർണവില മാറിയിരുന്നില്ല. രാജ്യാന്തര വിപണിയിലെ നിലവിലെ ട്രെൻഡ് പരിഗണിച്ചാൽ വ്യാഴാഴ്ച രാവിലെ സംസ്ഥാനത്ത് വില കുതിച്ചുകയറും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

