ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ശക്തരായ ഓസ്ട്രേലിയയെ സിംബാബ്വേ അട്ടിമറിച്ചതിന്റെ ഞെട്ടലിലും അമ്പരപ്പിലുമാണ് കായികലോകം. ഈ ഒറ്റ തോൽവിയോടെ കങ്കാരുപ്പട
ലോകകപ്പിന്റെ ആദ്യ റൗണ്ടിൽതന്നെ പുറത്തായി. സിംബാബ്വേ സൂപ്പർ എട്ടിലേക്കും കടന്നു. രണ്ട് പതിറ്റാണ്ടുകൾക്കുശേഷം സിംബാബ്വേയുടെ വൻ തിരിച്ചുവരവ്, അതും പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന കിടിലൻ പെർഫോമൻസുമായി.
വർഷങ്ങൾക്ക് മുൻപായിരുന്നു ഇതെങ്കിൽ അട്ടിമറി എന്ന് വിളിക്കാനേ കഴിയുമായിരുന്നില്ല.
90കളിലും 2000ന്റെ തുടക്കത്തിലുമെല്ലാം ലോകത്തെ ഏത് ടീമിനെയും തോൽപ്പിക്കാൻപോന്ന ശക്തിയായിരുന്നു സിംബാബ്വേ. അക്കാലത്ത്, ലോക ക്രിക്കറ്റിലെ എണ്ണം പറഞ്ഞ ടീമുകളിലൊന്നുമായിരുന്നു.
രാജ്യത്തെയും ടീമിലെയും ആഭ്യന്തര പ്രശ്നങ്ങളിലുലഞ്ഞ് പിന്നീട് ശക്തി ക്ഷയിക്കുകയായിരുന്നു.
2024ലെ ലോകകപ്പ് മത്സരത്തിൽ യോഗ്യത നേടാന്‍ പോലും ടീമിന് കഴിഞ്ഞില്ല. ഇതിൽ നിന്ന് ശക്തമായ തിരിച്ചുവരവാണ് സിംബാബ്വേ നടത്തിയത്.
പാക്കിസ്ഥാൻ വ്യോമസേനയിൽ നിന്ന് പുറത്താക്കപ്പെട്ട സിക്കന്ദർ റാസയുടെ ക്യാപ്റ്റൻസിയിലാണ് ആഫ്രിക്കൻ ടീമിന്റെ സൂപ്പർ 8ലേക്കുള്ള പ്രവേശനം.
ഇനി നമുക്ക് സാമ്പത്തിക കാര്യത്തിലേക്കു വരാം: ക്രിക്കറ്റിലെന്നപോലെ സാമ്പത്തിക വളർച്ചയിലും വമ്പൻ അട്ടിമറിക്ക് ഒരുങ്ങുകയാണ് സിംബാബ്വേ.
പണപ്പെരുപ്പവും വിലക്കയറ്റവും കറൻസിക്ക് കടലാസിന്റെ വിലപോലുമില്ലാത്ത കാലവുമൊക്കെ മറന്ന്, പുതിയ കുതിപ്പിനുള്ള സിംബാബ്വേയുടെ ഒരുക്കം. ആഫ്രിക്കൻ ശക്തികളായ ദക്ഷിണാഫ്രിക്കയെ ഉടൻ സിംബാബ്വേ അട്ടിമറിക്കുമെന്ന് ഏറക്കുറെ ഉറപ്പായി കഴിഞ്ഞു.
വിശദാംശങ്ങൾ ഇങ്ങനെ:
21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാജ്യത്ത് നടപ്പിലാക്കിയ ഭൂപരിഷ്ക്കാരങ്ങളാണ് സിംബാബ്വേയെ നേരത്തേ സാമ്പത്തിക വറുതിയിലേക്ക് തള്ളിയത്. പിന്നാലെ കാര്‍ഷിക ഉൽപാദനം 60 ശതമാനത്തോളം കുറഞ്ഞു.
പ്രധാന കയറ്റുമതി ഉൽപന്നമായിരുന്ന പുകയിലയുടെ ഉൽപാദനം 79 ശതമാനമാണ് ഇടിഞ്ഞത്. കമ്പനികൾ കൂട്ടത്തോടെ അടച്ചുപൂട്ടി.
വിദേശ നിക്ഷേപം ഇല്ലാതായി. പ്രതിസന്ധി പരിഹരിക്കാൻ കറൻസി അച്ചടിച്ച് കൂട്ടാനായിരുന്നു അന്നത്തെ സർക്കാരിന്റെ തീരുമാനം.
2008ല്‍ സിംബാബ്വേയിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി.
പണപ്പെരുപ്പം അനിയന്ത്രിതമായി കൂടിയതോടെ സിംബാബ്വേ ഡോളർ വെറും പേപ്പർ മാത്രമായി. ഇതിനു പരിഹാരമായി 100 ലക്ഷം കോടിയുടെ നോട്ടു വരെ കേന്ദ്രബാങ്ക് പുറത്തിറക്കി.
ഈ നോട്ട് ഉപയോഗിച്ചാലും ഒരു പാക്കറ്റ് ബ്രെഡ് പോലും വാങ്ങാൻ കഴിയില്ലെന്ന സ്ഥിതി. അത്രയായിരുന്നു വിലക്കയറ്റം.
പിന്നാലെ അമേരിക്കൻ ഡോളറിലേക്ക് വിനിമയം മാറ്റി സിംബാബ്വേ കുറച്ചു കാലത്തേക്ക് പിടിച്ചുനിന്നു.
എന്നാൽ 2019ൽ മറ്റൊരു പ്രാദേശിക കറൻസി അവതരിപ്പിച്ചതോടെ കഥ വീണ്ടും മാറി. ജനങ്ങളുടെ വിശ്വാസം കുറഞ്ഞതും നിയന്ത്രണമില്ലാതെ കറൻസി അച്ചടിച്ചതും ചേർന്നതോടെ 2020ൽ പണപ്പെരുപ്പം 500 ശതമാനം വരെ കൂടി.
കോവിഡ് പ്രതിസന്ധിയും ഭക്ഷണവും ഇന്ധനവും മതിയായി ലഭിക്കാത്തതും ഭരണ പ്രതിസന്ധിയും കൂടി ചേർന്നതോടെ രാജ്യം വീണ്ടും ‘ഹൈപ്പർ ഇൻഫ്ലേഷനിലേക്ക്’ മാറി. ഇതിന് പരിഹാരമായി 2024 ഏപ്രിലിൽ സ്വർണത്തിന്റെ പിന്തുണയോടെ സിംബാബ്വേ പുതിയ കറൻസി , സിംബാംബ്വേ ഗോൾഡ് –സിഗ് , അവതരിപ്പിച്ചതാണ് വഴിത്തിരിവായത്.
വഴിത്തിരിവ്
എന്നാൽ ഇന്ന് സ്ഥിതി അങ്ങനെയല്ല.
രാജ്യത്തെ പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞു. വാര്‍ഷിക വിലക്കയറ്റം 1997ന് ശേഷം ഇതാദ്യമായി 10 ശതമാനത്തിന് താഴെയെത്തി.
സാമ്പത്തിക മേഖലയിലെ നിയന്ത്രണങ്ങളും സിഗ് കറൻസിയുമാണ് മാറ്റത്തിന് കാരണം. 2026ൽ പണപ്പെരുപ്പം കാര്യമായി വർധിക്കില്ലെന്ന് രാജ്യാന്തര നാണയ നിധിയും പറയുന്നു.
അടുത്തിടെ 10 മാസത്തെ സാമ്പത്തിക പാക്കേജ് ഐഎംഎഫ് സിംബാബ്വേയ്ക്ക് അനുവദിച്ചിരുന്നു. കയറ്റുമതിക്കൊപ്പം സ്വർണവില വർധിച്ചതും നേട്ടമായി.
ക്രൂഡ് ഓയിൽ വില ഇടിഞ്ഞതോടെ ഇറക്കുമതി ചെലവും കുറഞ്ഞു. കാര്യങ്ങൾ മെച്ചപ്പെട്ടതോടെ വിദേശ നിക്ഷേപങ്ങൾ കൂടുതലായി എത്തുമെന്നും സിംബാംബ്വേ പ്രതീക്ഷിക്കുന്നു.
ദക്ഷിണാഫ്രിക്കയെ മറികടക്കും
കഴിഞ്ഞ 15 വർഷത്തിനിടെ സിംബാബ്വേയുടെ സാമ്പത്തിക നില മൂന്ന് മടങ്ങ് വര്‍ധിച്ചതായാണ് കണക്ക്.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വികസിത രാജ്യങ്ങളിലൊന്നായ ദക്ഷിണാഫ്രിക്കയെപ്പോലും വെല്ലുന്ന രീതിയിലുള്ള മുന്നേറ്റമായിരിക്കും സിംബാബ്വേയുടേതെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. 2026ൽ സാമ്പത്തിക മേഖല കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും വളർച്ച നേടും.
രാജ്യാന്തര വിപണികൾ 2.6 ശതമാനം മാത്രം വളരുമെന്ന് പ്രതീക്ഷിക്കുമ്പോഴാണ് ഇത്. 2027ലും സമാനമായ വളർച്ച തുടരുമെന്നും സിംബാംബ്വേ കരുതുന്നു.
പാക്കിസ്ഥാൻ കൈവിട്ട
സിക്കന്ദർ റാസ
പാക്കിസ്ഥാൻ വ്യോമസേനയിൽ ചേരാൻ 2.5 വര്‍ഷത്തോളം പരിശീലനം നടത്തിയ ശേഷം തോറ്റുപോയ കഥയാണ് സിക്കന്ദർ റാസയ്ക്ക് പറയാനുള്ളത്. 60,000 പേർ പരീക്ഷ എഴുതിയതിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട
60 പേരിൽ ഒരാളായിരുന്നു റാസ. കാഴ്ച പരീക്ഷയിൽ പുറത്താക്കപ്പെട്ടു. പൈലറ്റാകണമെന്ന മോഹം അവസാനിച്ചതോടെ 2002ൽ സിംബാബ്വേയിലേക്ക് കുടിയേറി.
ക്രിക്കറ്റ് ടീമിന്റെ ഭാഗമായി. പിന്നാലെ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും.
സിംബാബ്വേയ്ക്ക് വേണ്ടി ആദ്യ ട്വന്റി 20 സെഞ്ചറി നേടിയത് അടക്കം റാസയുടെ പേരിൽ നിരവധി റെക്കോർഡുകളുമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

