യുഎസും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ പൂർത്തിയായിട്ടും ആശങ്ക മാറാതെ വിപണി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ പരിഭ്രാന്തിയും മാറിയിട്ടില്ല. ഇതിനെയെല്ലാം മറികടന്ന് കുതിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഓഹരി വിപണി.
ഇന്നലെ ജനീവയില്‍ നടന്ന ചര്‍ച്ചയിൽ പ്രധാന തർക്ക വിഷയങ്ങളിൽ ധാരണയായെന്നാണ് ഇറാന്റെ പ്രതികരണം.
ചര്‍ച്ചയിൽ പുരോഗതിയുണ്ടെങ്കിലും എല്ലാ സാധ്യതകളും പരിഗണിക്കുമെന്ന് യുഎസ് പ്രതിനിധികളും പറയുന്നു. ആണവ പരീക്ഷണം അടക്കമുള്ള വിഷയങ്ങളിൽ രണ്ടാഴ്ചക്കുള്ളിൽ കൂടുതല്‍ വിവരങ്ങള്‍ ഇറാൻ ലഭ്യമാക്കും.
എന്നാല്‍ ഇരുവിഭാഗവും തമ്മിൽ ധാരണയിലെത്തിയെന്ന തരത്തിൽ റിപ്പോര്‍ട്ടുകളൊന്നുമില്ല. ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടിയിലേക്ക് നീങ്ങാൻ യുഎസും ഇറാനും പടയൊരുക്കവും ശക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി മേഖലയിൽ രണ്ട് വിമാനവാഹിനി കപ്പലുകളെയും കൂടുതൽ യുദ്ധവിമാനങ്ങളെയും യുഎസ് വിന്യസിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിൽ സൈനിക അഭ്യാസം തുടങ്ങിയ ഇറാൻ പ്രധാന കപ്പൽ പാത കുറച്ചു നേരത്തേക്ക് അടച്ചിടുകയും ചെയ്തു.
ഇന്ത്യൻ വിപണി ഇന്നലെ
ഇടിവിൽ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി ഇന്നലെ ചാഞ്ചാട്ടത്തിലായെങ്കിലും നേട്ടത്തോടെയാണ് അവസാനിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണിത്.
രാജ്യാന്തര സാഹചര്യങ്ങൾ അത്ര പോസിറ്റീവല്ലായിരുന്നു. എന്നിട്ടും ഐടി, ബാങ്കിങ് ഓഹരികളിലെ മുന്നേറ്റമാണ് തുണയായത്.
മുഖ്യസൂചികയായ സെൻസെക്സ് 173.81 പോയിന്റുകൾ (0.21%) മുന്നേറി 83,450.96ലെത്തി. നിഫ്റ്റിയാകട്ടെ 42.65 പോയിന്റുകൾ (0.17 %) കയറി 25,725.40ലും ക്ലോസ് ചെയ്തു.
ഇൻഫോസിസും ആന്ത്രോപിക്കുമായി നടത്തുമെന്ന് പ്രഖ്യാപിച്ച സഹകരണമാണ് ഐടി ഓഹരികൾക്ക് നേട്ടമായത്.
കഴിഞ്ഞ വാരത്തിലെ എഐ പേടി മറന്ന് ഐടി സൂചിക ഒരു ശതമാനത്തിന് മുകളിൽ കുതിച്ചു. ഇന്നലെ വിദേശ നിക്ഷേപകർ 995.21 കോടി രൂപയുടെ അറ്റ വാങ്ങലുകാരായി.
ഗിഫ്റ്റ് നിഫ്റ്റിയിലെ പ്രകടനവും രാജ്യാന്തര സൂചനകളും കണക്കിലെടുത്താൽ ഇന്ന് ഇന്ത്യൻ ഓഹരി വിപണികൾ പോസിറ്റീവായി വ്യാപാരം തുടങ്ങാനാണ് സാധ്യത.
ഇന്നലെ യുഎസ് വിപണികൾ നേരിയ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ടെക്നോളജി, ഫിനാൻഷ്യൽ ഓഹരികളിലെ മുന്നേറ്റമാണ് സൂചികകളെ സഹായിച്ചത്.
ഡോ 0.07 ശതമാനവും എസ് ആൻഡ് പി 0.10 ശതമാനവും നാസ്ഡാക് 0.14 ശതമാനവും മുന്നേറി. ആപ്പിൾ, എൻവിഡിയ ഓഹരികൾ നേട്ടത്തിലായി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലുണ്ടായ ആശങ്ക ഇനിയും അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് വിദഗ്ധർ നൽകുന്നത്. കഴിഞ്ഞ ദിവസം ചൈനീസ് കമ്പനിയായ അലിബാബ ക്വെൻ 3.5 എന്ന പുതിയ എഐ മോഡൽ പുറത്തിറക്കിയതാണ് പുതിയ ആശങ്കയ്ക്ക് കാരണം.
യുഎസിലെ പണപ്പെരുപ്പം വ്യക്തമാക്കുന്ന സാമ്പത്തിക കണക്കുകൾ ഈ വാരത്തിൽ പുറത്തുവരുന്നുണ്ട്.
ഇത് നിർണായകമാകും. യുഎസ് ഫെഡ് റിസർവ് പലിശ നിരക്കിൽ എന്തുമാറ്റം വരുത്തുമെന്ന കാര്യത്തിൽ ഏകദേശ ധാരണ ഇതോടെ ലഭിക്കുമെന്നാണ് കരുകുന്നത്.
ജൂണിലെ ഫെഡ് യോഗത്തിൽ നിരക്ക് മാറ്റമുണ്ടാകാനുള്ള സാധ്യത 65 ശതമാനമെന്നാണ് വിപണിയുടെ വിലയിരുത്തൽ.
ഏഷ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ്. യുഎസ് വിപണിയിലുണ്ടായ നേട്ടത്തിന്റെ ആവേശത്തിലാണ് പല സൂചികകളും ജപ്പാനിലെ നിക്കെയ് സൂചിക ഒരു ശതമാനത്തോളം നേട്ടത്തിലായി.
ഹോങ്കോങ് സൂചിക 0.52 ശതമാനവും മുന്നേറ്റത്തിലാണ്. ചൈനീസ് പുതുവർഷത്തോട് അനുബന്ധിച്ച് ഷാൻഹായ് സൂചിക അടക്കമുള്ള ചൈനീസ് ഓഹരി വിപണികൾ അവധിയിലാണ്.
പൊന്നിന് ക്ഷീണം
തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വർണ വില താഴേക്ക്.
അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് വർധിച്ചതാണ് സ്വർണവില ഇടിയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. പ്രധാന കറൻസികൾക്കെതിരെ ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ സൂചിക 0.40 ശതമാനം കയറി 97.28ലെത്തി.
ചൈനയിലേത് അടക്കമുള്ള പ്രധാന ഏഷ്യൻ ഓഹരികള്‍ അവധിയായതും സ്വർണത്തെ ബാധിച്ചിരിക്കാം. ജനുവരിയിൽ നടന്ന ഫെഡ് യോഗത്തിലെ ചർച്ചാ വിഷയങ്ങളാണ് ഇപ്പോൾ നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.
ഇറാൻ–യുഎസ് സമാധാന ചർച്ചകളും വിലയെ സ്വാധീനിച്ചിരിക്കുമെന്നും വിദഗ്ധർ പറയുന്നു.
ഇന്നലെ കേരളത്തിൽ രണ്ടു തവണയായി. 1,640 രൂപയോളം കുറഞ്ഞിരുന്നു.
ഇന്ന് രാജ്യാന്തര വിപണിയിൽ ഔൺസിന് രണ്ട് ശതമാനത്തോളം കുറഞ്ഞ് 4,896 ഡോളറിലാണ് സ്വർണം. കേരളത്തിലും ഇന്ന് സ്വർണവില കുറയാനാണ് സാധ്യത.
അതേസമയം, ഇറാൻ – യുഎസ് സമാധാന ചര്‍ച്ചകൾക്ക് പിന്നാലെ ക്രൂഡ് ഓയിൽ വില പതിയെ താഴ്ന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

