ന്യൂഡൽഹി ∙ യുഎസിലേക്കുള്ള കയറ്റുമതിയിൽ വൻ ഇടിവുണ്ടായിട്ടും ഇന്ത്യയുടെ മൊത്തം കയറ്റുമതിയെ പിടിച്ചു നിർത്തിയത് യുഎഇ, സ്പെയിൻ, ചൈന, ബ്രസീൽ, ജർമനി പോലെയുള്ള രാജ്യങ്ങൾ. തീരുവ പ്രാബല്യത്തിൽ വന്ന് 3 മാസത്തിനിടെ (ജൂലൈ–സെപ്റ്റംബർ) യുഎസിലേക്കുള്ള കയറ്റുമതിയിൽ 31% ഇടിവുണ്ടായപ്പോഴും ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ കുറവ് വെറും 2% മാത്രം.
ഇരട്ടിത്തീരുവ ഭാഗികമായി നിലവിൽ വന്ന ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോഴാകട്ടെ മൊത്തം കയറ്റുമതിയിൽ 3.64% വർധനയുണ്ട്.
ഇടിവ് പ്രതീക്ഷിച്ചിരുന്ന സമയത്ത് ഈ വർധന സാധ്യമാക്കിയത് മറ്റു പല രാജ്യങ്ങളിലേക്കുള്ള ഉയർന്ന കയറ്റുമതിയാണ്.
തീരുവയില്ലാതിരുന്ന ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ യുഎസിലേക്കുള്ള കയറ്റുമതി 31% കുറഞ്ഞു. എന്നാൽ യുഇഎയിലേക്കുള്ള കയറ്റുമതി 19.79% കൂടി.
3 മാസത്തിനിടെ 59 കോടി ഡോളറിന്റെ വർധന. സ്പെയിനിലേക്ക് അധികമായി അയച്ചത് 43.96 കോടി ഡോളറിന്റെ ഉൽപന്നങ്ങളാണ്.
വർധന 80%!
ചൈനയിലേക്ക് 3 മാസത്തിനിടെ അധികമായി കയറ്റിയയച്ചത് 12 കോടി ഡോളറിന്റെ ചരക്കാണ്. ജർമനിയിലേക്ക് 7.4 കോടി.
ആഭ്യന്തര പ്രശ്നങ്ങൾ നേരിടുന്ന ബംഗ്ലാദേശിലേക്കു പോലും 5 കോടി ഡോളറിന്റെ അധിക കയറ്റുമതി നടത്താൻ ഇന്ത്യയ്ക്കായി.
ചൈനയുമായുള്ള യുഎസിന്റെ വ്യാപാരയുദ്ധം ഇന്ത്യയ്ക്ക് അനുകൂലമായേക്കുമെന്നാണ് വിലയിരുത്തൽ. അവശ്യധാതുക്കൾ പുറത്തേക്ക് കയറ്റിയയ്ക്കുന്നതിൽ ചൈന ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ യുഎസ് ഇന്ത്യയുമായി ധാരണയിലേത്തിയേക്കും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ചൈനയുമായുള്ള തർക്കത്തിൽ ഇന്ത്യയുടെ അടക്കം പിന്തുണ തേടുന്നുവെന്ന യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിന്റെ വാക്കുകളും ഈ സൂചനയാണ് നൽകുന്നത്.
യുഎസിന്റെ ഭീമൻ തീരുവയ്ക്കു പിന്നാലെ മറ്റു രാജ്യങ്ങളിലെ വിപണികൾ തേടാനുള്ള ഊർജിത ശ്രമമാണ് സർക്കാരും കയറ്റുമതിക്കാരും നടത്തുന്നത്. നിലവിൽ ഇന്ത്യയ്ക്കു വ്യാപാര കരാറുള്ള യുഎഇ, ഓസ്ട്രേലിയ, ആസിയാൻ രാജ്യങ്ങൾ, ജപ്പാൻ, കൊറിയ, മൊറീഷ്യസ് എന്നിവയുമായുള്ള വ്യാപാരം വർധിപ്പിച്ച് യുഎസ് തീരുവയുടെ ആഘാതം കുറയ്ക്കുകയാണ് ലക്ഷ്യം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]