യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധത്തിന് അറുതിവരുത്തുന്നത് ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുട്ടിനും കൂടിക്കാഴ്ച തീരുമാനിച്ചതിനു പിന്നാലെ 5-മാസത്തെ താഴ്ചയിലേക്ക് ഇടിഞ്ഞ് രാജ്യാന്തര ക്രൂഡോയിൽ വില.
ട്രംപ്-പുട്ടിൻ ചർച്ചയിൽ വെടിനിർത്തൽ ധാരണയുണ്ടായാൽ റഷ്യൻ എണ്ണയ്ക്കുമേൽ യുഎസും യൂറോപ്യൻ യൂണിയനും ഉൾപ്പെടെയുള്ളവ പ്രഖ്യാപിച്ച ഉപരോധവും നിയന്ത്രണങ്ങളും നീങ്ങും. ആഗോള വിപണിയിലേക്ക് എണ്ണയുടെ ഒഴുക്ക് കൂടും.
ഡിമാൻഡിൽ കവിഞ്ഞ എണ്ണ വിപണിയിലേക്ക് എത്തുമെന്ന വിലയിരുത്തലാണ് വിലയെ വീഴ്ത്തുന്നത്. നിലവിൽ തന്നെ, ഒപെക് പ്ലസ് കൂട്ടായ്മ ഉൽപാദനം കൂട്ടാൻ തീരുമാനിച്ചിട്ടുണ്ടെന്നത് എണ്ണവിലയെ താഴേക്ക് നയിച്ചിരുന്നു.
ഡബ്ല്യുടിഐ ക്രൂഡ് വില കഴിഞ്ഞയയാഴ്ചയിൽ ബാരലിന് 60 ഡോളറായിരുന്നത് നിലവിൽ 57 ഡോളറിലേക്ക് താഴ്ന്നു.
ഈ വർഷത്തിന്റെ തുടക്കത്തിൽ 77 ഡോളറായിരുന്നു. ബ്രെന്റ് വില കഴിഞ്ഞയാഴ്ചയിലെ 63 ഡോളറിൽ നിന്ന് 60 ഡോളറിലേക്കും ഇടിഞ്ഞു.
ജനുവരിയിൽ 80 ഡോളറിനടുത്തായിരുന്നു.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണയും അനുബന്ധ ഉൽപന്നങ്ങളും വാങ്ങുന്നത് യൂറോപ്യൻ യൂണിയൻ കുറച്ചിട്ടുണ്ട്. യുക്രെയ്ൻ തൊടുത്ത ഡ്രോണുകളും മിസൈലുകളും വരുത്തിവച്ച കനത്തനാശത്തെ തുടർന്ന് റഷ്യയുടെ പല റിഫൈനറികളും ഉൽപാദന ഇടിവും നേരിട്ടിട്ടുണ്ട്.
പ്രതിസന്ധികൾക്ക് അയവുവന്നാൽ റഷ്യ ഉൽപാദനം കൂട്ടും.
കൈവിട്ടുപോയ വിപണികളെല്ലാം തിരിച്ചുപിടിക്കാനും ശ്രമമുണ്ടാകും. യുക്രെയ്ന്റെ ആക്രമണത്തെ തുടർന്ന് നിലവിൽ റഷ്യയിൽ പെട്രോൾ, ഡീസൽ ക്ഷാമം രൂക്ഷമാണ്.
പല പമ്പുകളും ഉപഭോക്താക്കൾക്ക് റേഷൻ അടിസ്ഥാനത്തിലാണ് ഇന്ധനം നൽകുന്നത്. പരമാവധി 30 ലിറ്റർ വരെയാണ് പലർക്കും കിട്ടുന്നതും.
പെട്രോളിനും ഡീസലിനുമായി റഷ്യയെ ആശ്രയിച്ചിരുന്ന താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്െബക്കിസ്ഥാൻ, കസാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവയും വൻ പ്രതിസന്ധിയിലായി.
ഇതിനിടെ, യുഎസും ചൈനയും പരസ്പരം കപ്പലുകൾക്ക് തുറമുഖ ഫീസ് കൂട്ടിയത് എണ്ണ ടാങ്കർ റേറ്റുകളും കൂടാനിടയാക്കി. എണ്ണ വിതരണ ശൃംഖലയിൽ ഇതു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
യുഎസ് കപ്പലുകൾക്ക് ഒക്ടോബർ 14 മുതൽ 56 ഡോളർ പോർട്ട് ഫീസാണ് ചൈന ചുമത്തുന്നത്. യുഎസ് തിരികെ ചുമത്തുന്നത് 50 ഡോളറും.
ചൈന ഈടാക്കുന്ന ഫീസ് നിരക്ക് 2028ഓടെ 157 ഡോളറിലേക്ക് ഉയർത്തുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, എണ്ണവില ഇടിയുന്നത് ഇന്ത്യയ്ക്ക് നേട്ടമാണ്. ഉപഭോഗത്തിന്റെ 90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
ഏതാണ്ട് 13.5 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ക്രൂഡ് ഓയിൽ വാങ്ങാനായി മാത്രം ഇന്ത്യ ചെലവിട്ടത്. ക്രൂഡ് ഓയിൽ കുറഞ്ഞവിലയ്ക്ക് കിട്ടിയാൽ ഇന്ത്യയുടെ വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ കുറയും. വിദേശനാണയ ആസ്തിയിൽ ഇടിവുണ്ടാകാതെ നോക്കാൻ ഇന്ത്യയ്ക്ക് കഴിയും.
രാജ്യത്ത് പണപ്പെരുപ്പം കുറയുകയും ചെയ്യും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]