കൊച്ചി ∙ പൊതുമേഖലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമാണശാലയായ കൊച്ചിൻ ഷിപ്യാഡ് (സിഎസ്എൽ) നാളെ നീറ്റിലിറക്കുന്നതു വ്യത്യസ്ത ഇനത്തിലുള്ള മൂന്നു കപ്പലുകൾ. അവയുടെ കരാർ മൂല്യം 2000 കോടി രൂപ.
സിഎസ്എലിന്റെ വൈദഗ്ധ്യത്തിന്റെ പുതിയ സാക്ഷ്യം കൂടിയാണിത്. രൂപത്തിലും ഉപയോഗത്തിലുമെല്ലാം തീർത്തും വ്യത്യസ്തമായ ട്രെയ്ലിങ് സക്ഷൻ ഹോപ്പർ ഡ്രജർ (കരാർ തുക ഏകദേശം 800 കോടി രൂപ), ആന്റി സബ്്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (700 കോടി രൂപ), കമ്മിഷനിങ് സർവീസ് ഓപ്പറേഷൻ വെസൽ (500 കോടി) എന്നിവയാണു നീറ്റിലിറക്കുന്നത്.
മണ്ണുമാന്തിക്കപ്പൽ മുതൽ യുദ്ധക്കപ്പൽ വരെ
ഡ്രജിങ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കു വേണ്ടി നിർമിച്ച കൂറ്റൻ ഡ്രജർ 12,000 ക്യുബിക് മീറ്റർ ഹോപ്പർ കപ്പാസിറ്റിയുള്ള മണ്ണുമാന്തിക്കപ്പലാണ്.
അത്തരമൊരു കപ്പൽ സിഎസ്എൽ നിർമിക്കുന്നത് ആദ്യമായാണ്. അതാകട്ടെ, ഇന്ത്യയിൽ നിർമിക്കപ്പെട്ട
ഏറ്റവും വലിയ മണ്ണുമാന്തിക്കപ്പലും! നാവികസേനയ്ക്കു വേണ്ടി 8 ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളാണു നിർമിക്കുന്നത്.
അന്തർവാഹിനി പ്രതിരോധത്തിനാണ് ഇവ ഉപയോഗിക്കുന്നത്.
പുറങ്കടലിലെ വിൻഡ് ഫാമുകളിലെ ആവശ്യത്തിനു വേണ്ടിയാണു കമ്മിഷനിങ് സർവീസ് ഓപ്പറേഷൻ വെസൽ ഉപയോഗിക്കുന്നത്. ‘‘സിഎസ്എലിലെ ജീവനക്കാരുടെ മികവാണ് ഇത്രയേറെ വൈവിധ്യമാർന്ന കപ്പലുകൾ നിർമിക്കാൻ കഴിയുന്നതിന്റെ പ്രധാന കാരണം’’ – സിഎംഡി മധു എസ്.നായരുടെ വാക്കുകൾ.
19,500 കോടിയുടെ കരാറുകൾ
ഷിപ് ബിൽഡിങ് – ഷിപ് റിപ്പയർ വ്യവസായത്തിനു ചുക്കാൻ പിടിക്കുന്ന സിഎസ്എലിന്റെ കൈവശം നിലവിലുള്ളത് 19,500 കോടി രൂപയുടെ നിർമാണ കരാറുകളാണ്.
പ്രതിരോധ വകുപ്പ് മുതൽ വിദേശ കമ്പനികൾ വരെയുണ്ട് സിഎസ്എലിന്റെ ‘ക്ലയന്റ്’ പട്ടികയിൽ. ഇന്ത്യയിൽ ആദ്യമായി വിമാനവാഹിനിക്കപ്പൽ (ഐഎൻഎസ് വിക്രാന്ത്) നിർമിച്ചു ചരിത്രമെഴുതിയ സിഎസ്എൽ രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽ നിർമാണ കരാറും തങ്ങൾക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
ഇതു സംബന്ധിച്ചു കേന്ദ്ര സർക്കാരിന്റെ അന്തിമ തീരുമാനത്തിനായുള്ള കാത്തിരിപ്പിലാണു സിഎസ്എൽ; ശുഭപ്രതീക്ഷയോടെ.
ഓഹരികളിൽ നേട്ടം
കൊച്ചിൻ ഷിപ്യാഡ് ഓഹരികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. ഇന്നത്തെ ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോൾ ഓഹരിയുള്ളത് 0.61% ഉയർന്ന് 1,801 രൂപയിൽ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(
Disclaimer:
ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

