ആഭരണപ്രേമികളുടടെയും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരുടെയും നെഞ്ചിൽ ഇടിത്തീയായി സ്വർണവിലയിൽ കത്തിക്കയറ്റം. ഇന്ന് കേരളത്തിൽ പവന് ഒറ്റയടിക്ക് 2,440 രൂപ കയറി വില 97,360 രൂപയായി.
ഒറ്റത്തവണ ഇത്രയും വില കൂടുന്നത് ചരിത്രത്തിലാദ്യം. ഗ്രാമിന് 305 രൂപ ഉയർന്ന് വില 12,170 രൂപയിലുമെത്തി.
ഗ്രാം വില 12,000 കടന്നതും ആദ്യമാണ്.
ഒരുലക്ഷം രൂപയെന്ന നിർണായക നാഴികക്കല്ലിലേക്ക് വെറും 2,640 രൂപ അകലെയാണ് പവൻ. ഇന്നത്തെയും കഴിഞ്ഞ നാളുകളിലെയും വിലക്കുതിപ്പ് കണക്കിലെടുത്താൽ ഈ നാഴികക്കല്ലും സ്വർണവില ഏറെ വൈകാതെ മറികടക്കുമെന്ന് ഉറപ്പായി. സാധാരണക്കാർക്ക് എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലേക്ക് സ്വർണം കുതിക്കുന്നത് വിപണിക്കും ആശങ്കയാകുന്നു.
3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ഫീസും 3 മുതൽ 35% വരെയൊക്കെയുള്ള പണിക്കൂലിയും കൂടിച്ചേരുമ്പോൾ സ്വർണാഭരണത്തിന്റെ വാങ്ങൽവില ഇതിലുമധികമാണെന്നതാണ് കൂടുതൽ തിരിച്ചടി.
കുഞ്ഞൻ പൊന്നിന് ഡിമാൻഡ് കൂടും
22 കാരറ്റ് സ്വർണത്തെ അപേക്ഷിച്ച് വില കുറവാണെന്നത് ഇനി വിപണിയിൽ ചെറിയ കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് കൂടാനിടയാക്കുമെന്നാണ് പൊതുവിലയിരുത്തൽ. ഇന്ന് കേരളത്തിൽ ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 250 രൂപ കുതിച്ച് സർവകാല ഉയരമായ 10,060 രൂപയായി.
വില 10,000 കടന്നത് ഇതാദ്യം. എങ്കിലും 22 കാരറ്റിന്റെ വിലയായ ഗ്രാമിന് 12,170 രൂപയെ അപേക്ഷിച്ച് 2,100 രൂപയിലേറെ കുറവുണ്ടെന്നത് ഉപഭോക്താക്കൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
∙ ചില ജ്വല്ലറികളിൽ വില 18 കാരറ്റിന് 245 രൂപ ഉയർന്ന് 10,005 രൂപയാണ്.
14 കാരറ്റ്, 9 കാരറ്റ് സ്വർണങ്ങളും ഇപ്പോൾ വിപണിയിലുണ്ട്. 14 കാരറ്റ് സ്വർണം ഗ്രാമിന് 7,795 രൂപയും 9 കാരറ്റ് ഗ്രാമിന് 5,030 രൂപയുമാണ് വില.
22 കാരറ്റിനെ അപേക്ഷിച്ച് ഇവയിൽ സ്വർണത്തിന്റെ പരിശുദ്ധി കുറവാണെങ്കിലും തിളക്കത്തിനോ ഈടിനോ ആകർഷണീയതയ്ക്കോ കുറവില്ലെന്നതും ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കത്തുന്ന രാജ്യാന്തര വില
രാജ്യാന്തരവിലയിലെ വൻ കുതിപ്പാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
ഒരുഘട്ടത്തിൽ ഔൺസിന് എക്കാലത്തെയും ഉയരമായ 4,378.98 ഡോളർ വരെ എത്തിയ രാജ്യാന്തരവില ഇപ്പോഴുള്ളത് 170 ഡോളർ നേട്ടവുമായി 4,358.11 ഡോളറിൽ. ആദ്യമായാണ് വില 4,300 കടന്നത്.
യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത, വീണ്ടും കലുഷിതമായ യുഎസ്-ചൈന വ്യാപാരയുദ്ധം, യുഎസിൽ റീജണൽ ബാങ്കുകൾ നേരിടുന്ന കിട്ടാക്കട
പ്രതിസന്ധി, മറ്റ് സുപ്രധാന കറൻസികൾക്കെതിരായ ഡോളറിന്റെ വീഴ്ച എന്നിവ മുതലെടുത്താണ് സ്വർണത്തിന്റെ മുന്നേറ്റം.
ഓഹരി, കടപ്പത്ര വിപണികളും തളർച്ചയുടെ പാതയിലായതോടെ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപം കൂട്ടത്തോടെ മാറ്റുകയാണ് നിക്ഷേപകർ. ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ കറൻസികൾക്ക് പകരം സ്വർണം വാങ്ങിക്കൂട്ടുന്നതും വിലക്കുതിപ്പിന് വളമാകുകയാണ്.
∙ രാജ്യാന്തരവില 4,378 ഡോളറിൽ നിന്ന് 4,358 ഡോളറിലേക്ക് ഇറങ്ങിയില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് സ്വർണവില ഇതിലും കൂടുമായിരുന്നു.
∙ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 27 പൈസ ഉയർന്ന് രാവിലെ ഓപ്പണിങ്ങിൽ 87.87ൽ എത്തി. രൂപ ഡോളറിനെതിരെ ഏതാനും ദിവസമായി കരുത്തോടെ നിൽക്കുന്നതും കേരളത്തിൽ സ്വർണവില വർധനയുടെ ആക്കംകുറയ്ക്കുന്നുണ്ട്.
∙ ഇന്നലെ രാജ്യാന്തരവില 4,200 ഡോളർ ഭേദിച്ചെങ്കിലും കേരളത്തിൽ വ്യാപാരികൾ വിലയിൽ മാറ്റംവരുത്തിയിരുന്നില്ല.
ആ ‘കുറവ്’ കൂടി നികത്തുന്നതായി ഇന്നത്തെ വിലവർധന.
വെള്ളി വിലയും കത്തിക്കയറുന്നു
രാജ്യാന്തര വെള്ളിവില ഔൺസിന് 3.4% മുന്നേറി 1980ന് ശേഷമുള്ള ഏറ്റവും ഉയരമായ 54.16 ഡോളറിൽ എത്തി. സിൽവർ ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളും ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’ എന്ന പെരുമ സ്വന്തമാക്കി തിളങ്ങുകയാണ്.
വ്യാവസായിക ലോകത്തുനിന്ന് വൻ ഡിമാൻഡ് ഉണ്ടെന്നതും എന്നാൽ അതിന് അനുസൃതമായി ലഭ്യതയില്ല എന്നതും വെള്ളി വിലക്കുതിപ്പിന് ഊർജം പകരുന്നു.
എന്നാൽ, കേരളത്തിൽ ഇന്ന് വെള്ളിവില മാറിയിട്ടില്ല. ചില ജ്വല്ലറികളിൽ ഗ്രാമിന് 196 രൂപ.
മറ്റു ജ്വല്ലറികളിൽ 200 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]