
തിരുവനന്തപുരം ∙ വ്യവസായ പാർക്കുകളിലെ നിർമാണത്തിനു ജിഎസ്ടി കുറച്ച് അടച്ചതു വഴി കെഎസ്ഐഡിസി 3.66 കോടി രൂപയുടെ ബാധ്യത വരുത്തിയെന്ന് അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തൽ. ഇതിൽ 3 കോടി രൂപ, ജിഎസ്ടി കുറച്ച് അടച്ചതിന്റെ പലിശ ബാധ്യതയാണെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. 2017 ജനുവരി മുതൽ 2023 ജനുവരി വരെയുള്ള 6 വർഷം വിവിധ പാർക്കുകളിൽ നടത്തിയ 61 കോടിയുടെ നിർമാണങ്ങളിലാണു ക്രമക്കേട് കണ്ടെത്തിയത്.
വാടകയ്ക്കു നൽകാനായി പാർക്കുകളിൽ വാണിജ്യാടിസ്ഥാനത്തിൽ കെട്ടിടങ്ങൾ നിർമിച്ചപ്പോൾ കെഎസ്ഐഡിസി 18നു പകരം 12 % മാത്രമാണു ജിഎസ്ടി അടച്ചത്. അടയ്ക്കേണ്ട നികുതി 18 ശതമാനമാണെന്ന വിദഗ്ധ ഉപദേശം കെഎസ്ഐഡിസിക്കു പലവട്ടം ലഭിച്ചിരുന്നു. കേന്ദ്ര വിജ്ഞാപനങ്ങളിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നിട്ടും നികുതി കുറച്ച് അടച്ചു എന്നാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ.
പാലക്കാട് കെഎസ്ഐഡിസി പാർക്കിൽ 15.08 കോടിയുടെ കെട്ടിടം നിർമിക്കാൻ കരാർ കൊടുത്തതിൽ അടച്ച ജിഎസ്ടി കുറവാണെന്നു കണ്ടെത്തിയതോടെയാണു 2017 മുതലുള്ള നിർമാണങ്ങൾ ഓഡിറ്റിനു വിധേയമാക്കിയത്. പാലക്കാട്ട് ജിഎസ്ടി കൂടാതെയുള്ള തുകയ്ക്കാണു കരാർ വിളിച്ചത്. 12% ജിഎസ്ടി അടച്ചാൽ മതിയെന്നാണു ചീഫ് ഫിനാൻസ് ഓഫിസർ നിർദേശിച്ചത്. അടയ്ക്കേണ്ടതു 18 ശതമാനമാണെന്നു പ്രോജക്ട് മാനേജരും കരാറെടുത്ത കമ്പനിയും ചൂണ്ടിക്കാട്ടിയിട്ടും തീരുമാനം മാറ്റിയില്ല. എന്നാൽ 12 ശതമാനത്തിലധികം അടയ്ക്കേണ്ടിവന്നാൽ തുക കെഎസ്ഐഡിസി നൽകണമെന്നു കത്തു നൽകിയ കരാറുകാരൻ ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തോടു വ്യക്തത തേടുകയും 18 % അടയ്ക്കണമെന്നു സ്ഥിരീകരിക്കുകയും ചെയ്തു. 86.33 ലക്ഷം രൂപ ജിഎസ്ടിയായും 38.7 ലക്ഷം രൂപ പലിശയായും കെഎസ്ഐഡിസി അടയ്ക്കേണ്ടിവന്നു. ധനകാര്യ വിഭാഗത്തിന്റെ അനാസ്ഥയാണു കാരണമെന്ന് എജി കുറ്റപ്പെടുത്തുന്നു. സമാന കരാറുകൾ പരിശോധിച്ചതിൽനിന്നാണു മറ്റു നിർമാണങ്ങളിലും ജിഎസ്ടി കുറച്ചാണ് അടച്ചതെന്നു കണ്ടെത്തിയത്. 12% ജിഎസ്ടി എന്ന മാനദണ്ഡമനുസരിച്ച് കെഎസ്ഐഡിസി കരാറുകാരെ തിരഞ്ഞെടുത്തതിലും അപാകത സംഭവിച്ചുവെന്ന സംശയവും റിപ്പോർട്ടിലുണ്ട്. യഥാർഥത്തിൽ അടയ്ക്കേണ്ട 18 % ജിഎസ്ടി വച്ച് കരാർ തുക ക്വോട്ട് ചെയ്തവർ, കരാർ തുക അധികരിച്ചതിന്റെ പേരിൽ ഒഴിവാക്കപ്പെടുകയും 12 % ജിഎസ്ടി വച്ച് കരാർ തുക ക്വോട്ട് ചെയ്തവർക്കു ലഭിക്കുകയും ചെയ്തിരിക്കാം. ഈ ടെൻഡറുകളെല്ലാം ഓഡിറ്റിനായി സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് സംബന്ധിച്ച് കെഎസ്ഐഡിസി പ്രതികരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]