
ഇന്ത്യയിലെ ഏറ്റവും വമ്പൻ എന്ന പെരുമയോടെ സംഘടിപ്പിക്കുന്ന ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ഇന്ന് അവസാന ദിനം. സബ്സ്ക്രിപ്ഷൻ (അപേക്ഷകളുടെ എണ്ണം) 50% കടന്നു. ഇന്ന് ഉച്ചവരെയുള്ള കണക്കുപ്രകാരം 55 ശതമാനം അപേക്ഷകളാണ് ലഭിച്ചത്. 27,870 കോടി രൂപ ലക്ഷ്യമിട്ട് ഓഹരിക്ക് 1,865-1,960 രൂപ വിലയ്ക്കാണ് ഐപിഒ നടത്തുന്നത്. 2022 മേയിൽ എൽഐസി നടത്തിയ 21,000 കോടി രൂപയുടെ ഐപിഒയാണ് നിലവിലെ റെക്കോർഡ്.
ഹ്യുണ്ടായ് ഐപിഒയിൽ ഇതിനകം റീറ്റെയ്ൽ നിക്ഷേപകർക്കായി നീക്കിവച്ചതിൽ 46% ഓഹരികൾക്ക് അപേക്ഷകരെത്തി. സ്ഥാപനേതര നിക്ഷേപകരിൽ (എൻഐഐ) നിന്ന് 30%, യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങളിൽ (ക്യുഐബി) നിന്ന് 80% എന്നിങ്ങനെയും അപേക്ഷകൾ ലഭിച്ചു. ഓഹരിക്ക് 186 രൂപ ഡിസ്കൗണ്ടുമായി ജീവനക്കാർക്കായി മാറ്റിവച്ച ഓഹരികൾക്ക് 145 ശതമാനത്തിലേറെ അപേക്ഷകൾ ലഭിച്ചു.
ഹ്യുണ്ടായിയുടെ മാതൃസ്ഥാപനമായ ഹ്യുണ്ടായ് മോട്ടോർ കോർപ്പറേഷൻ 17.5% ഓഹരികളാണ് (14.2 കോടി ഓഹരികൾ) ഐപിഒ വഴി വിറ്റഴിക്കുന്നത്. ഇത് പൂർണമായും ഒഎഫ്എസ് ആണ്. നിലവിലെ ഓഹരി ഉടമകൾ കൈവശമുള്ള നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്ന മാർഗമാണ് ഓഫർ-ഫോർ-സെയിൽ അഥവാ ഒഎഫ്എസ്. ഹ്യുണ്ടായ് ഐപിഒകളിൽ പുതിയ ഓഹരികളില്ല (ഫ്രഷ് ഇഷ്യൂ). ഒക്ടോബർ 22നാണ് എൻഎസ്ഇയിലും ബിഎസ്ഇയിലും ഹ്യുണ്ടായ് ഓഹരികൾ ലിസ്റ്റ് ചെയ്യുക. അർഹരായവരുടെ ഡിമാറ്റ് അക്കൗണ്ടിൽ 18ന് ഓഹരികൾ ലഭ്യമാക്കിയേക്കും.
ഗ്രേ മാർക്കറ്റിൽ കൂപ്പുകുത്തി വില
ഹ്യുണ്ടായ് ഐപിഒയ്ക്ക് ഇതുവരെ തണുപ്പൻ പ്രതികരണം ലഭിച്ചതിന് പിന്നിൽ ഉയർന്ന് ഓഹരിവില, ഗ്രേ മാർക്കറ്റിലെ കുറഞ്ഞവില, അധികരിച്ച മൂല്യം എന്നിവയാണെന്നാണ് വിലയിരുത്തലുകൾ. ഗ്രേ മാർക്കറ്റിൽ കഴിഞ്ഞയാഴ്ചകളിൽ പ്രീമിയം (ജിഎംപി) 500 രൂപയ്ക്ക് മുകളിലായിരുന്നു. അതായത് 2,460 രൂപയിലധികം വിലയുണ്ടായിരുന്നു. നിലവിൽ പ്രീമിയം 14 രൂപയാണ്.
ഇത് കണക്കാക്കിയാൽ, ലിസ്റ്റിങ് നേട്ടം കുറയുമെന്ന ആശങ്ക നിക്ഷേപകരെ ഐപിഒയിൽ നിന്ന് അകറ്റുന്നുണ്ടെന്നാണ് വിലയിരുത്തൽ. നിലവിലെ ജിഎംപി പ്രകാരം ലിസ്റ്റിങ് വേളയിൽ പ്രതീക്ഷിക്കുന്ന വില 1,974 രൂപ മാത്രം. ഔദ്യോഗികമായി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ്, ഓഹരിക്ക് ഐപിഒ വിലയേക്കാൾ എത്രത്തോളം ഉയർന്ന വില നൽകാൻ നിക്ഷേപകർ ഒരുക്കമാണെന്ന് വ്യക്തമാക്കുന്ന വിപണിയാണ് ഗ്രേ മാർക്കറ്റ്.
സ്വർണവില പുത്തൻ ഉയരത്തിൽ; ആഭരണം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
മൂല്യത്തിൽ ആശങ്കയോ?
ഇന്നലെ വരെയുള്ള കണക്കുപ്രകാരം 8,180 കോടി രൂപയുടെ ഓഹരികൾക്കാണ് അപേക്ഷകരെത്തിയത്. അതിന് മുമ്പ് ആങ്കർ നിക്ഷേപകരിൽ (വൻകിട രാജ്യാന്തര നിക്ഷേപ സ്ഥാപനങ്ങൾ) 8,315 കോടി രൂപ സമാഹരിച്ചിരുന്നു. അതായത്, ഇന്ന് 11,555 കോടി രൂപയുടെ അപേക്ഷകൾ എത്തിയാലേ ഹ്യുണ്ടായ് ഉന്നമിട്ട 27,870 കോടി രൂപ സമാഹരിക്കാനാകൂ. ഹ്യുണ്ടായിയുടെ പ്രൈസ്-ടു-ബുക്ക് റേഷ്യോ (P/B Ratio) നിലവിൽ 13.11 മടങ്ങാണ്. മാരുതിക്ക് 4.79 മടങ്ങേയുള്ളൂ. അതായത്, ഹ്യുണ്ടായിയുടെ മൂല്യം (വാല്യൂവേഷൻ) ഏറെ അധികരിച്ചു നിൽക്കുന്നു എന്നത് നിക്ഷേപകർക്ക് ആശങ്കയാണ്. ഹ്രസ്വകാല നേട്ടം പ്രതീക്ഷിക്കാതെ, ദീർഘകാലം ഉന്നമിട്ട് ഹ്യുണ്ടായ് ഓഹരികൾ ഐപിഒയിൽ വാങ്ങാമെന്നതാണ് ഒട്ടുമിക്ക ബ്രേക്കറേജ് ഏജൻസികളും നിർദേശിക്കുന്നത്.
ഒരു കമ്പനിയുടെ നിലവിലെ ആസ്തിയും ബാധ്യതകളും തമ്മിൽ കിഴിച്ചുള്ള തുകയെ (ബുക്ക് വാല്യു) മൊത്തം ഓഹരികൾ കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്നതാണ് ബുക്ക് വാല്യു പെർ ഷെയർ. നിലവിലെ ഓഹരി വിലയെ ബുക്ക് വാല്യു പെർ ഷെയർ കൊണ്ട് ഹരിക്കുമ്പോൾ പ്രൈസ്-ടു-ബുക്ക് റേഷ്യോയും ലഭിക്കും. പി/ബി റേഷ്യോ 1-3ന് ഉള്ളിൽ നിലനിൽക്കുന്നതാണ് ഓഹരികൾക്ക് അഭികാമ്യം. ഒന്നിന് താഴെയാണെങ്കിൽ ഓഹരി അണ്ടർവാല്യൂഡ് ആണെന്നും മറിച്ച് 3ന് മുകളിലെങ്കിൽ ഓവർ-വാല്യൂഡ് ആണെന്നും കരുതുന്നു.
എന്താണ് സെബിയുടെ ചട്ടം?
ഇന്ന് ഉച്ച വരെയുള്ള കണക്കുപ്രകാരം 51% ഓഹരികൾക്കുള്ള അപേക്ഷകളാണ് ഹ്യുണ്ടായ് ഐപിഒയ്ക്ക് ലഭിച്ചത്. സബ്സ്ക്രിപ്ഷൻ 90% എങ്കിലും എത്തിയില്ലെങ്കിൽ മുഴുവൻ പണവും നിക്ഷേപകർക്ക് തിരികെ കൊടുക്കേണ്ടിവരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]