ഇന്നലെ ചരിത്ര മുന്നേറ്റം നേടിയ സ്വർണ വില ഇന്ന് നേരിയ തോതിൽ താഴ്ന്നു. ഗ്രാമിന് 20 രൂപ താഴ്ന്ന് 10,240 രൂപയും പവന് 160 രൂപ കുറഞ്ഞ് 81,920 രൂപയുമാണ് ഇന്നത്തെ വില.
ഗ്രാമിന് 10,260 രൂപയും 82,080 രൂപയുമായിരുന്നു ഇന്നലെ റെക്കോർഡിട്ട പുതിയ ഉയരം.
യുഎസ് ഫെഡറൽ റിസർവ് ഇന്ന് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകള് ശക്തമായതോടെ സ്വർണ വില അടുത്ത കുതിപ്പിന് മുന്നേ തൽക്കാലത്തേക്ക് താഴ്ന്നതാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
ഇന്ന് വൈകിട്ടാണ് യുഎസ് ഫെഡറൽ റിസർവ് പലിശനയം പ്രഖ്യാപിക്കുക. 0.50% വരെ ഇളവ് പലിശനിരക്കിൽ വരുത്തിയേക്കുമെന്ന് നിരീക്ഷണങ്ങളുണ്ട്.
ഇനിയും കുതിക്കുമോ?
രാജ്യാന്തര സ്വർണവില വൈകാതെ 3,700 ഡോളറും 2025 ഡിസംബറോടെ 3,800 ഡോളറും കടന്നേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്.
അങ്ങനെയെങ്കിൽ കേരളത്തിൽ വില ഇനിയും കുതിച്ചുകയറും. പലിശ നിരക്ക് കുറയ്ക്കുകയാണെങ്കിൽ ഡോളർ ദുർബലമാകുമെന്നത് സ്വാഭാവികമായും സ്വർണ വിലയിൽ പ്രതിഫലിക്കും.
3,683 ഡോളറാണ് രാജ്യാന്തര വിപണിയിൽ ഇന്ന് ഒരു ഔൺസ് സ്വർണത്തിന്റെ വില കാണിക്കുന്നത്, വിലയിൽ ചാഞ്ചാട്ടവും ദൃശ്യമാണ്.
ആശങ്ക പെരുകുന്നു
പലിശ നിരക്ക് കാൽ ശതമാനമാണ് കുറയ്ക്കുന്നതെങ്കിൽ സ്വർണത്തിൽ നിക്ഷേപിച്ചവർ ലാഭമെടുക്കൽ നടത്താനുള്ള സാധ്യതകളുണ്ട്. അങ്ങനെ വന്നാൽ സ്വർണവിലയിൽ കുറവ് വന്നേക്കാം.
അര ശതമാനമാണ് പലിശ നിരക്ക് കുറയ്ക്കുന്നതെങ്കിൽ നിക്ഷേപകർ ലാഭമെടുക്കലിന് മുതിരാതെ വീണ്ടും നിക്ഷേപം തുടരാണ് സാധ്യത എന്നതിനാൽ സ്വർണവില വീണ്ടും വർധിച്ചേക്കും.
ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 90000 രൂപയ്ക്ക് അടുത്ത് നൽകേണ്ടിവരും. ദീപാവലി ആഘോഷ സീസണിലേക്ക് അടുക്കുന്നതിനാൽ വില ഉയരും എന്ന സൂചനകൾ വരുന്നത് ആഭരണം വാങ്ങാനിരിക്കുന്നവരിലും സ്വർണവ്യാപാര രംഗത്തുള്ളവരിലും ആശങ്ക പടർത്തുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]