
തീരുവയുദ്ധത്തിൽ ശത്രുരാജ്യങ്ങളോട് പോലും കാണിക്കാത്ത വാശിയോടെ നിലപാടെടുക്കുകയാണ് ഇന്ത്യയ്ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയ്ക്കെതിരെ അദ്ദേഹം ആദ്യം 25% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചപ്പോൾതന്നെ അത് പ്രധാന ഏഷ്യൻ രാജ്യങ്ങൾക്കിടയിലെ ഏറ്റവും കൂടിയ നിരക്കായിരുന്നു.
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ പിഴയെന്നോണം 25% കൂടിച്ചുമത്തി മൊത്തം 50% ആക്കിയത് ഇന്ത്യയ്ക്ക് തിരിച്ചടിയുമായിരുന്നു.
നിലവിൽ യുഎസ് ഏറ്റവും ഉയർന്ന തീരുവ പ്രഖ്യാപിച്ച 2 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ബ്രസീലിനും 50 ശതമാനം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യ സുഹൃദ് രാജ്യമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്തായിട്ടും അതൊന്നുംപരിഗണിക്കാതെയും ചർച്ചകൾക്ക് തയാറാകാതെയുമായിരുന്നു ഇന്ത്യയ്ക്കുനേരെ ട്രംപിന്റെ ‘ഇടിത്തീരുവ’.
എന്നാൽ, റഷ്യൻ എണ്ണ വെറും മറയാണെന്നും കാർഷിക, ക്ഷീര വിപണികൾ തുറന്നുകിട്ടണമെന്ന ആവശ്യത്തിന് ഇന്ത്യ വഴങ്ങാത്തതിന്റെ അമർഷമാണ് ട്രംപിനെന്നുമാണ് വിലയിരുത്തൽ. ഇതിനിടെ ഇന്ത്യയെയും റഷ്യയെയും ട്രംപ് ‘ചത്ത’ സമ്പദ്വ്യവസ്ഥകൾ എന്നു വിളിച്ചതും വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ഇന്ത്യ ‘ചത്ത’ സമ്പദ്വ്യവസ്ഥയല്ലെന്ന് കണക്കുകൾ
ഇന്ത്യയെയും റഷ്യയെയും ട്രംപ് ‘ചത്ത’ (നിർജീവ) സമ്പദ്വ്യവസ്ഥകളെന്ന് വിളിച്ചെങ്കിലും കണക്കുകൾ വ്യക്തമാക്കുന്നത് നേരെമറിച്ചാണ്.
∙ ജപ്പാനെ പിന്തള്ളി 4.19 ട്രില്യൻ ഡോളർ മൂല്യവുമായി ഇന്ത്യ ഈ വർഷം ലോകത്തെ 4-ാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി.
∙ ഇനി മുന്നിലുള്ളത് ജർമനി (4.74 ട്രില്യൻ), ചൈന (19.23 ട്രില്യൻ), അമേരിക്ക (30.50 ട്രില്യൻ) എന്നിവ മാത്രം. ∙ 2030ഓടെ ഇന്ത്യ 7.3 ട്രില്യൻ ഡോളർ മൂല്യവുമായി ജർമനിയെയും പിന്തള്ളി മൂന്നാമതാകുമെന്നാണ് വിലയിരുത്തൽ.
∙ 2014-15ൽ ഇന്ത്യയുടെ ജിഡിപി മൂല്യം 106.57 ട്രില്യൻ രൂപയായിരുന്നു. 2024-25ൽ അത് 331.03 ട്രില്യൻ രൂപയായി.
∙ ഇന്ത്യയിലേക്കുള്ള എഫ്ഡിഐ രണ്ടു ദശാബ്ദത്തിനിടെ 20 മടങ്ങ് വർധിച്ചു. ∙ ജിഡിപി വളർച്ചനിരക്ക് മെച്ചപ്പെടുകയും മേജർ (വലിയ) സമ്പദ്വ്യവസ്ഥകൾക്കിടയിൽ ഇന്ത്യ തുടർച്ചയായി ഒന്നാമതാവുകയും ചെയ്തു.
∙ കയറ്റുമതിമൂല്യം ഒരുദശാബ്ദത്തിനിടെ 468 ബില്യൻ ഡോളറിൽ നിന്ന് 825 ബില്യനിലെത്തി. ∙ വാണിജ്യ, സേവന കയറ്റുമതികൾ വൻതോതിൽ കൂടി.
ഇന്ത്യയെ തളർത്താൻ ശ്രമിച്ചാൽ ‘പണികിട്ടുന്നത്’ അമേരിക്കൻ കമ്പനികൾക്കും
ഇന്ത്യയെ ‘നികുതി രാജാവ്’ എന്നും ട്രംപ് പലപ്പോഴും ആരോപിച്ചിട്ടുണ്ടെങ്കിലും ഡസൻകണക്കിന് അമേരിക്കൻ കമ്പനികളാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.
അവയിൽ മിക്കവയുംതന്നെ വൻ വരുമാനവും ലാഭവും ഇന്ത്യയിൽ നിന്ന് നേടുന്നുമുണ്ട്. ആമസോൺ, ആപ്പിൾ, ടെസ്ല, കൊക്ക-കോള, അഡോബി, അമേരിക്കൻ എക്സ്പ്രസ്, പെപ്സികോ, ജില്ലറ്റ്, ഗൂഗിൾ, ഐബിഎം, ഇന്റൽ, മക്ഡോണൾസ്, മൈക്രോസോഫ്റ്റ്, കെഎഫ്സി, മോർഗൻ സ്റ്റാൻലി എന്നിവ അവയിൽ ചിലതുമാത്രം.
തീരുവയെച്ചൊല്ലി ഇന്ത്യയും യുഎസും അകലുന്നത് ഈ കമ്പനികൾക്കും തിരിച്ചടിയാകും.
ഇന്ത്യ അമേരിക്കയുടെ വൻ വ്യാപാര പങ്കാളി
2024-25ലെ കണക്കനുസരിച്ച് ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാരം 131.84 ബില്യൻ ഡോളറിന്റേതാണ്. ഇത് ഏതാനും വർഷങ്ങൾക്കകം 500 ബില്യൻ ആക്കുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.
അമേരിക്ക ഇന്ത്യയുടെയും ഇന്ത്യ തിരിച്ചും ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നുമാണ്.
∙ ഇന്ത്യ അമേരിക്കയിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങൾ, എയർക്രാഫ്റ്റ് ഘടകങ്ങൾ തുടങ്ങിയവ പ്രധാനമായും വാങ്ങുമ്പോൾ അമേരിക്ക ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം വാങ്ങുന്നത് മരുന്നുകൾ, ടെക്നോളജി, ജെം ആൻഡ് ജ്വല്ലറി, സമുദ്രോൽപന്നങ്ങൾ, കാർഷികോൽപന്നങ്ങൾ, ടെക്സ്റ്റൈൽസ്, വ്യാവസായിക മെഷീനുകൾ തുടങ്ങിയവയാണ്.
∙ ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ 20% വിഹിതവുമായി ഒന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. 8.45% വിഹിതവുമായി യുഎഇയാണ് രണ്ടാമത്.
ഇന്ത്യയ്ക്ക് ‘അമേരിക്ക’യുടെ വിശ്വാസ്യതാ റേറ്റിങ്
ട്രംപ് ഇന്ത്യയ്ക്കെതിരെ തീരുവപ്പോര് പ്രഖ്യാപിച്ച സാഹചര്യത്തിലും, ഒരു അമേരിക്കൻ റേറ്റിങ് ഏജൻസിതന്നെ ഇന്ത്യയുടെ വിശ്വാസ്യതാ റേറ്റിങ് ഉയർത്തിയെന്നതും ശ്രദ്ധേയമാണ്.
എസ് ആൻഡ് പി ഗ്ലോബൽ റേറ്റിങ് ആണ് കഴിഞ്ഞദിവസം ഇന്ത്യയുടെ സോവറീൻ റേറ്റിങ് ബിബിബി നെഗറ്റീവിൽ നിന്ന് ബിബിബി പോസിറ്റീവാക്കി ഉയർത്തിയത്. താരിഫ് പ്രതിസന്ധി ഇന്ത്യയുടെ വളർച്ചയെ ബാധിക്കില്ലെന്ന് ഏജൻസി പറയുന്നു.
ഇന്ത്യയുടെ സാമ്പത്തികാരോഗ്യം ഭദ്രമാണെന്നും കടങ്ങൾ തിരിച്ചടയ്ക്കാൻ കരുത്തുണ്ടെന്നും വ്യക്തമാക്കുന്നതാണ് ഈ റേറ്റിങ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]