
ന്യൂഡൽഹി∙ പുതിയ ആദായനികുതി ബില്ലിലെ നികുതിവെട്ടിപ്പ് പരിശോധനയുമായി ബന്ധപ്പെട്ട വിവാദ വ്യവസ്ഥയിൽ മാറ്റം നിർദേശിക്കാതെ പാർലമെന്റിന്റെ സിലക്ട് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു.
ആദായനികുതി വകുപ്പിന്റെ പരിശോധനകളിൽ, ആരോപണവിധേയരുടെ കംപ്യൂട്ടറിന്റെയോ മൊബൈലിന്റെയോ ആക്സസ് കോഡ് (പാസ്വേഡ്) ലഭ്യമല്ലെങ്കിൽ അതിനെ മറികടന്ന് അവ തുറക്കാനുള്ള അധികാരമാണ് ബില്ലിലെ വിവാദ വ്യവസ്ഥയിലുള്ളത്.
ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നെങ്കിലും വ്യവസ്ഥ നിലനിർത്തുന്നതിനോട് സമിതി യോജിച്ചുവെന്നാണ് വിവരം.
ഇതിൽ മാറ്റം വരുത്താനുള്ള ശുപാർശകളുണ്ടായേക്കില്ല. നിലവിൽ പ്രാബല്യത്തിലുള്ള 1961ലെ ആദായനികുതി നിയമവുമായി ഈ വ്യവസ്ഥ ഒത്തുപോകുന്നതാണെന്നും സമിതി അഭിപ്രായപ്പെട്ടതായാണ് സൂചന.
അങ്ങനെയെങ്കിൽ ഈ വ്യവസ്ഥയോടു കൂടിയായിരിക്കും 21ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ പുതിയ ആദായനികുതി ബിൽ അവതരിപ്പിക്കുക.
എന്തായിരുന്നു വിവാദം?
സ്വകാര്യതാ ലംഘനമായിരുന്നു പ്രധാന വിമർശനം. ആദായനികുതി ലംഘനം ചുമത്തി വ്യക്തികളുടെ വാട്സാപ്, ഇമെയിൽ അടക്കമുള്ള അക്കൗണ്ടുകളിലേക്ക് സർക്കാർ സംവിധാനങ്ങൾക്ക് കടന്നുകയറാൻ അവസരമുണ്ടാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ 2002ൽ ആദായനികുതി നിയമത്തിൽ കൂട്ടിച്ചേർത്ത വ്യവസ്ഥയുടെ തനിയാവർത്തനമാണിതെന്നാണ് കേന്ദ്രനിലപാട്.
ഇലക്ട്രോണിക് രൂപത്തിലല്ലാത്ത രേഖകൾ വച്ചിരിക്കുന്ന സ്ഥലങ്ങൾ ബലമായി തുറന്ന് പരിശോധിക്കാൻ നിലവിൽ വ്യവസ്ഥയുണ്ടെങ്കിലും ഇലക്ട്രോണിക് രേഖകളുടെ കാര്യത്തിൽ നിലവിലെ വ്യവസ്ഥ ഇത്തരത്തിലല്ല.
നിലവിലെ നിയമം പറയുന്നത്
ആദായനികുതി നിയമത്തിലെ 132 (1)(iib),(iii) വകുപ്പനുസരിച്ച് ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ പരിശോധിക്കാനായി ഉദ്യോഗസ്ഥന് സൗകര്യമൊരുക്കിക്കൊടുക്കണം.
പുതിയ ബില്ലിലെ വ്യവസ്ഥ
നിലവിൽ ഇലക്ട്രോണിക് ഇതര രേഖകൾക്ക് ബാധകമായ വ്യവസ്ഥ ഇലക്ട്രോണിക് രേഖകൾക്ക് കൂടി ബാധകമാക്കുന്ന തരത്തിലാണിത്.
ബില്ലിലെ 247(1)(iii) വകുപ്പനുസരിച്ച് ഏതെങ്കിലുമൊരു കംപ്യൂട്ടർ സംവിധാനം അല്ലെങ്കിൽ ‘വെർച്വൽ ഡിജിറ്റൽ സ്പേസ്’ തുറക്കാനുള്ള ആക്സസ് കോഡ് (പാസ്വേഡ്) ലഭ്യമല്ലെങ്കിൽ അതിനെ മറികടന്ന് കംപ്യൂട്ടർ തുറക്കാനുള്ള അധികാരമുണ്ടാകും. വെർച്വൽ ഡിജിറ്റൽ സ്പേസ് എന്നതിൽ ഇമെയിൽ സെർവറുകൾ, സമൂഹമാധ്യമ അക്കൗണ്ട്, ഓൺലൈൻ ഇൻവെസ്റ്റ്മെന്റ്/ ട്രേഡിങ്/ ബാങ്ക് അക്കൗണ്ടുകൾ, വെബ്സൈറ്റുകൾ, റിമോട്ട് സെർവറുകൾ, ക്ലൗഡ് സെർവറുകൾ, ഡിജിറ്റൽ ആപ്ലിക്കേഷൻ പ്ലാറ്റ്ഫോം അടക്കം ഉൾപ്പെടും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]