
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങളും പ്രവൃത്തികളും വാക്കുകളും രാജ്യാന്തര തലത്തിൽ തന്നെ സാമ്പത്തികരംഗത്ത് ആശങ്ക പടർത്തുന്നു.
ഒന്ന്,
അമേരിക്കയിൽ പണപ്പെരുപ്പം കഴിഞ്ഞമാസം പ്രതീക്ഷിച്ചതിലേറെ കൂടിയെങ്കിലും അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കണമെന്ന് ട്രംപ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് മുഖംതിരിച്ചു നിൽക്കുന്ന ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെ ട്രംപ് ഉടൻ പുറത്താക്കുമെന്ന് റിപ്പോർട്ടുകളുമെത്തി.
പവലിനെ പുറത്താക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ, പുറത്താക്കൽ നീക്കം തള്ളേണ്ടെന്നും ട്രംപ് പറഞ്ഞത് യുഎസ് ഫ്യൂച്ചേഴ്സ് വിപണിക്ക് തിരിച്ചടിയായി.
പവലിനോട് സംസാരിക്കുന്നതിലും ഭേദം ഏതെങ്കിലും ‘കസേരയോട്’ (ചെയർ) സംസാരിക്കുന്നതാണെന്ന് ട്രംപ് പരിഹസിക്കുകയും ചെയ്തു. പലിശ കുറയ്ക്കാത്തതിനു പുറമെ യുഎസ് ഫെഡിന്റെ ആസ്ഥാന മന്ദിരം മോടിപിടിപ്പിച്ചത് പവലിന്റെ ധൂർത്താണെന്നും അന്വേഷണമുണ്ടാകുമെന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു.
യുഎസ് ഓഹരി വിപണിയിൽ ഡൗ ജോൺസ് 0.53%, എസ് ആൻഡ് പി500 സൂചിക 0.32%, നാസ്ഡാക് 0.26% എന്നിങ്ങനെ ഉയർന്നിരുന്നു.
എന്നാൽ, പവലിനെതിരായ ട്രംപിന്റെ വാക്കുകൾക്ക് പിന്നാലെ യുഎസ് ഫ്യൂച്ചേഴ്സ് നഷ്ടത്തിലേക്ക് വീണു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.18%, എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ്, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് എന്നിവ 0.2% വീതവും താഴേക്കുപോയി.
പവൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന കത്തുപോലും ട്രംപ് തയാറാക്കി വച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പ്രസിഡന്റ് ട്രംപും കേന്ദ്രബാങ്കിന്റെ ചെയർമാൻ പവലും തമ്മിലെ ഭിന്നത യുഎസ് സമ്പദ്വ്യവസ്ഥയ്ക്ക് അഭികാമ്യമല്ല.
ഇന്ത്യയുമായി ഉടൻ ഡീൽ, ജപ്പാനിൽ പ്രതിസന്ധി
രണ്ട്,
മറ്റൊരു രാജ്യവുമായി യുഎസ് ഉടൻ വ്യാപാരക്കരാറിൽ ഏർപ്പെടുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ്.
ഇന്ത്യയെയാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്നാണ് സൂചനകൾ. കഴിഞ്ഞദിവസം ഇന്തൊനീഷ്യയുമായുള്ള ഡീൽ ട്രംപ് പ്രഖ്യാപിച്ചത് ലോക രാഷ്ട്രങ്ങൾക്കിടയിൽ അസ്വസ്ഥത പടർത്തിയിരുന്നു.
ഇന്തൊനീഷ്യൻ ഉൽപന്നങ്ങൾക്ക് 19% തീരുവയും യുഎസ് ഉൽപന്നങ്ങൾക്ക് പൂജ്യം തീരുവയുമാണ് ബാധകം. ഫലത്തിൽ നേട്ടം യുഎസിന് മാത്രം.
ഇതേ ഡീൽ ആണ് ട്രംപ് ഇന്ത്യയുമായും പ്രഖ്യാപിക്കുകയെങ്കിൽ ഇന്ത്യയ്ക്കത് വൻ തിരിച്ചടിയാണ്. ഇന്ത്യയിലെ കാർഷിക, ക്ഷീരോൽപന്ന വിപണിയിലേക്ക് കടന്നുകയറാനുള്ള ട്രംപിന്റെ നീക്കങ്ങളും തിരിച്ചടിയാകും.
അതേസമയം, ‘കാത്തിരുന്നു കാണാം’ എന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ട്രംപിന്റെ വാക്കുകളോട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല.
മൂന്ന്,
യുഎസുമായി ഇനിയും വ്യാപാരക്കരാറിൽ എത്താത്ത ജപ്പാനുമേൽ ട്രംപ് 25 ശതമാനത്തിൽ കുറയാത്ത തീരുവ പ്രഖ്യാപിക്കുമെന്ന സൂചനകളാണ്.
നിലവിൽത്തന്നെ സാമ്പത്തികമാന്ദ്യത്തിന്റെ പടിവാതിലിലുള്ള ജപ്പാന്റെ കയറ്റുമതിവളർച്ച ജൂണിൽ നെഗറ്റീവ് 0.5 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്. യുഎസ് കനത്ത തീരുവ കൂടി ചുമത്തിയാൽ ജപ്പാനെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധിയായിരിക്കും.
ജപ്പാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയിലേക്കുള്ള കയറ്റുമതിയും 4.7% ഇടിഞ്ഞത് പ്രതിസന്ധിയുടെ ആക്കംകൂട്ടുന്നു. യുഎസിലേക്കുള്ള കയറ്റുമതിയിലെ ഇടിവ് 11.4%.
ജാപ്പനീസ് കയറ്റുമതിയുടെ നെടുംതൂൺ വാഹനങ്ങളാണ്.
ജൂണിൽ യുഎസിലേക്കുള്ള വാഹന കയറ്റുമതി നേരിട്ടതാകട്ടെ 26.7%. മേയിൽ 24.7% ഇടിഞ്ഞിരുന്നു.
ജാപ്പനീസ് ഓഹരി വിപണിയായ നിക്കേയ് 0.26% ഇടിഞ്ഞാണ് വ്യാപാരം ചെയ്തത്. അതേസമയം, ചൈനയിൽ ഷാങ്ഹായ് 0.07%, ഹോങ്കോങ് സൂചിക 0.37% എന്നിങ്ങനെ ഉയർന്നു.
ചൈനയുടെ ജൂൺപാദ ജിഡിപി വളർച്ച പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടതിന്റെ ആവേശം ഓഹരി വിപണികളിലുണ്ട്.
എണ്ണയ്ക്ക് ചൈനീസ് ഊർജം
ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ചൈനയുടെ വളർച്ചനിരക്ക് മെച്ചപ്പെട്ടത് ക്രൂഡ് ഓയിൽ വിലയെയും ഉണർവിലേക്ക് നയിച്ചു. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.84% കയറി 66.94 ഡോളറിലും ബ്രെന്റ് വില 0.67% ഉയർന്ന് 68.98 ഡോളറുമായി.
യുഎസിലും മികച്ച ഡിമാൻഡുള്ളത് നേട്ടമാണ്. സിറിയയിൽ ഇസ്രയേൽ നടത്തിയ ആക്രമണം പശ്ചിമേഷ്യയെ വീണ്ടും യുദ്ധസമാന സാഹചര്യത്തിലേക്ക് തള്ളുമോയെന്ന ആശങ്കയും എണ്ണവിലയ്ക്ക് ഊർജമാകുന്നു.
സ്വർണവില ചാഞ്ചാട്ടത്തിലാണ്.
ഇന്നലെ ഔൺസിന് 3,330 ഡോളർ നിലവാരത്തിലേക്ക് വീണ രാജ്യാന്തരവില ഇപ്പോഴുള്ളത് 3,340 ഡോളറിൽ. ട്രംപ് തൊടുത്തുവിടുന്ന താരിഫ് നയങ്ങളും യുഎസിലെ പലിശത്തകർക്കവുമാണ് സ്വർണത്തെ അസ്ഥിരപ്പെടുത്തുന്നത്.
വില അൽപം മെച്ചപ്പെട്ടത് കേരളത്തിൽ ഇന്നു സ്വർണവില കൂടാനുള്ള വഴിയാണ് തുറക്കുന്നത്.
രൂപയ്ക്ക് ആശങ്ക
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സും ട്രംപ്-പവൽ ഭിന്നത, താരിഫ് ആശങ്ക എന്നിവയുടെ പശ്ചാത്തലത്തിൽ ഉയർന്നു; 0.09% നേട്ടവുമായി ഇൻഡക്സ് 98.49ൽ എത്തി. യുഎസ് ഗവൺമെന്റിന്റെ 10-വർഷ ട്രഷറി യീൽഡ് (കടപ്പത്ര ആദായനിരക്ക്) നേരിയ നേട്ടവുമായി 4.473 ശതമാനവുമായി.
ക്രൂഡ് വില കൂടുന്നത് ഇന്ത്യയ്ക്കും രൂപയ്ക്കും സമ്മർദമാകും. ഡോളറിന്റെ തിരിച്ചുകയറ്റവും രൂപയ്ക്ക് തിരിച്ചടിയാണ്.
ഇന്നലെ രൂപ ഡോളറിനെതിരെ 12 പൈസ താഴ്ന്ന് 85.94ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്.
ഗിഫ്റ്റ് നിഫ്റ്റി നേരിയ നഷ്ടത്തിൽ
യൂറോപ്പിൽ എഫ്ടിഎസ്ഇ സൂചിക 0.13% താഴ്ന്നു. യുഎസും യൂറോപ്യൻ യൂണിയനും തമ്മിലെ താരിഫ് തർക്കം കലുഷിതമായേക്കുമെന്ന സൂചനകളാണ് പ്രധാന തിരിച്ചടി.
ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി രാവിലെ നേരിയ നഷ്ടത്തിലാണുള്ളത്. സെൻസെക്സും നിഫ്റ്റിയും നേരിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങിയേക്കാം.
ഇന്ത്യ-യുഎസ് വ്യാപാര ഡീൽ സംബന്ധിച്ച ട്രംപിന്റെ വാക്കുകൾ ആശങ്ക കടുപ്പിക്കുന്നുണ്ട്.
ആക്സിസ് ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും
രാജ്യാന്തര ചലനങ്ങൾക്ക് പുറമെ കോർപറേറ്റ് പ്രവർത്തനഫലങ്ങളാണ് ഓഹരി നിക്ഷേപകരെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നത്. വിപ്രോ, ആക്സിസ് ബാങ്ക്, ഇന്ത്യൻ ഹോട്ടൽസ് തുടങ്ങിയവയുടെ ജൂൺപാദ പ്രവർത്തനഫലം ഇന്നു പുറത്തുവരും.
കേരളക്കമ്പനിയായ സൗത്ത് ഇന്ത്യൻ ബാങ്കും ഇന്നു പ്രവർത്തനഫലം പ്രസിദ്ധീകരിക്കും. യോഗ്യരായ നിക്ഷേപസ്ഥാപനങ്ങൾക്ക് നിശ്ചിത ഓഹരി വിറ്റഴിച്ച് (ക്യുഐപി) 25,000 കോടി രൂപ സമാഹരിക്കാൻ എസ്ബിഐ തീരുമാനിച്ചിട്ടുണ്ട്.
ഇതേ മാതൃകയിൽ അനിൽ അംബാനിയുടെ റിലയൻസ് പവർ 6,000 കോടി രൂപ സമാഹരിക്കാനും തീരുമാനിച്ചു. എസ്ബിഐയുടെ ക്യുഐപി നടന്നാൽ 2015ൽ കോൾ ഇന്ത്യ 25,560 കോടി രൂപ സമാഹരിച്ചശേഷമുള്ള ഏറ്റവും വലിയ സമാഹരണമാകുമത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]