
കൊച്ചി ആസ്ഥാനമായ കിറ്റെക്സിന്റെ (Kitex Garments) ആന്ധ്രാപ്രദേശിലെ നിക്ഷേപപദ്ധതി സംബന്ധിച്ച തീരുമാനം വൈകില്ല. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി (Chandrababu Naidu) മൂന്നാഴ്ചയ്ക്കകം കൂടിക്കാഴ്ച നടത്തുമെന്ന് കിറ്റെക്സ് ഗാർമെന്റ്സ് മാനേജിങ് ഡയറക്ടർ സാബു എം.
ജേക്കബ് മനോരമ ഓൺലൈനിനോട് പറഞ്ഞു. നിലവിൽ ഉദ്യോഗസ്ഥരുടെ ചർച്ചകൾ നടക്കുകയാണ്.
ആന്ധ്രാപ്രദേശിലെ ഭൂവിലയും ജലം, വൈദ്യുതി, മാനവവിഭവശേഷി, അസംസ്കൃതവസ്തുക്കൾ എന്നിവയുടെ ലഭ്യതയും സംബന്ധിച്ചും പഠിക്കുന്നു. ചരക്കുനീക്ക സൗകര്യങ്ങളും പരിശോധിക്കും.
ഇന്ത്യ-യുഎസ്, ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാറുകളും കൂടി പരിശോധിച്ചശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കിറ്റെക്സിന്റെ പ്രധാന വിപണികൾ യുഎസും യൂറോപ്പുമായതിനാൽ വ്യാപാര കരാറുകൾ കിറ്റെക്സിനും നിർണായകമാകും.
കിറ്റെക്സിനെ ആന്ധ്രാപ്രദേശിലേക്ക് ക്ഷണിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിർദേശപ്രകാരം ടെക്സ്റ്റൈൽസ് മന്ത്രി എസ്. സവിത ഈ മാസം ആദ്യം എറണാകുളം കിഴക്കമ്പലത്തെ കിറ്റെക്സ് ആസ്ഥാനം സന്ദർശിച്ച് സാബു എം.
ജേക്കബുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തെലങ്കാന വഴി ലക്ഷ്യം 7,000 കോടി നിലവിൽ തെലങ്കാനയിൽ ഹൈദരാബാദിലും വാറങ്കലിലുമായി കിറ്റെക്സ് ഫാക്ടറികൾ സ്ഥാപിച്ചിട്ടുണ്ട്.
3,500 കോടി രൂപയാണ് മൊത്ത നിക്ഷേപം. വാറങ്കൽ ഫാക്ടറി അടുത്തിടെ പ്രവർത്തനം തുടങ്ങിയിരുന്നു.
ഹൈദരാബാദിലേത് 2026ഓടെയും പ്രവർത്തനമാരംഭിക്കും. ഇരു ഫാക്ടറികളിലുമായി 25,000ലേറെ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്.
തെലങ്കാന ഫാക്ടറികൾ പൂർണതോതിൽ പ്രവർത്തിക്കുന്നതോടെ അവയിൽ നിന്നുമാത്രം കിറ്റെക്സ് പ്രതീക്ഷിക്കുന്ന വരുമാനം 5,000 കോടി രൂപയാണ്. പ്രതീക്ഷിത മൊത്ത വരുമാനം 7,000 മുതൽ 7,500 കോടി രൂപവരെയും.
കിറ്റെക്സിന്റെ സംയോജിത വാർഷിക വരുമാനം (Consolidated Revenue) ചരിത്രത്തിലാദ്യമായി കഴിഞ്ഞ സാമ്പത്തികവർഷം 1,000 കോടി രൂപ കടന്നിരുന്നു. തൊട്ടു മുൻവർഷത്തെ 631.17 കോടി രൂപയിൽ നിന്ന് 1,001.34 കോടി രൂപയായാണ് വരുമാനം ഉയർന്നത്.
സംയോജിത ലാഭം (Consolidated net profit) 55.83 കോടി രൂപയിൽ നിന്ന് 143.14% ഉയർന്ന് 135.74 കോടി രൂപയിലും എത്തി. വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]