ലോകം മറ്റൊരു വ്യാപാരയുദ്ധം (trade war) അഭിമുഖീകരിക്കേ, ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരത്തിൽ (india-china trade) ചൈനീസ് ഉൽപന്നങ്ങളുടെ അപ്രമാദിത്തം വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. ഇക്കഴിഞ്ഞ മാർച്ച് 31ന് സമാപിച്ച 2024-25 സാമ്പത്തിക വർഷത്തിൽ ചൈനയോടുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി (trade deficit) റെക്കോർഡ് 99.2 ബില്യൻ ഡോളറിലെത്തി. 2023-24ലെ 85.07 ബില്യനിൽ നിന്നാണ് വളർച്ച.

Photo by Arun SANKAR / AFP

അതേസമയം, യുഎസുമായുള്ള വ്യാപാരത്തിൽ ഇന്ത്യ സർപ്ലസ് നേട്ടം തുടരുകയാണ്. 2024-25ൽ യുഎസിനെതിരെ 41.18 ബില്യൻ ഡോളറായി ഇന്ത്യയുടെ വ്യാപാര സർപ്ലസ് (trade surplus) കുതിച്ചുയർന്നു. തൊട്ടുമുൻ വർഷം ഇതു 35.33 ബില്യനായിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം യുഎസിലേക്ക് 11.59% വളർച്ചയോടെ 86.51 ബില്യൻ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. 

മരുന്നുകൾ, ഇലക്ട്രിക് മെഷീനറികൾ, കെമിക്കലുകൾ, പ്ലാസ്റ്റിക്, വസ്ത്രങ്ങൾ, ഇരുമ്പിന്റെയും സ്റ്റീലിന്റെയും അനുബന്ധ ഉൽപന്നങ്ങൾ എന്നിവയാണ് ഇന്ത്യ കൂടുതലായും അമേരിക്കയിലേക്ക് കയറ്റിഅയച്ചത്. അതേസമയം, അമേരിക്കയിൽ‌ നിന്നുള്ള ഇറക്കുമതി 7.44% കുറഞ്ഞ് 45.33 ബില്യനായി. ഇതാണ്, ഇന്ത്യയുടെ വ്യാപാര സർപ്ലസ് വർധിക്കാൻ സഹായിച്ചത്.

ഇന്ത്യ ചൈനയിലേക്ക് കഴിഞ്ഞവർഷം കയറ്റി അയച്ചത് 14.49 ശതമാനം ഇടിവോടെ 14.25 ബില്യൻ ഡോളറിന്റെ ഉൽപന്നങ്ങളാണ്. എന്നാൽ, ചൈനയിൽ നിന്നുള്ള ഇറക്കുമതി 11.52% കൂടി 113.45 ബില്യനായി. അതിർത്തി തർക്കത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് ഇറക്കുമതിക്ക് കേന്ദ്രം നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും വ്യാപാരക്കമ്മി കുറയ്ക്കാനാകുംവിധം അവയൊന്നും ഫലപ്രാപ്തിയിലെത്തിയില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇലക്ട്രോണിക്സ്, ഇവി ബാറ്ററികൾ, സോളർ സെല്ലുകൾ, പ്ലാസ്റ്റിക്, കെമിക്കലുകൾ, ലോഹങ്ങൾ തുടങ്ങിയവയാണ് ഇന്ത്യ ചൈനയിൽ നിന്ന് വൻതോതിൽ വാങ്ങിയത്.

English Summary:

India’s Trade Deficit with China Hits $99.2 bn, Surplus with US at $41.2 bn