
ബെംഗളൂരുവിൽ ഐടി മാനേജരായി ജോലി ചെയ്യുന്ന നാൽപതുകാരനായ എനിക്ക് 14 വർഷത്തെ എക്സ്പീരിയൻസുണ്ട്. വളരെ ചെറിയ വരുമാനത്തിലാണ് കരിയർ തുടങ്ങിയത് എന്നതിനാൽ ആദ്യനാളുകളിൽ സമ്പാദിക്കാനായില്ല. വളരെ അഗ്രസീവായി നിക്ഷേപം തുടങ്ങിയിട്ട് നാലു വർഷമേ ആകുന്നുള്ളൂ.
ഇപ്പോൾ മാസം 1,69,000 രൂപ കയ്യിൽ ലഭിക്കുന്നുണ്ട്. മാസച്ചെലവ് 70,000 രൂപ, ബാധ്യതകൾ ഒന്നുമില്ല. ഒരു ബൈക്കും 9 വർഷം പഴക്കമുള്ള ഓൾട്ടോ കാറും ഉണ്ട്. വീടോ ഭൂമിയോ (Fixed Asset) ഇല്ല.
ഇൻഷുറൻസ് കവറേജ്
1. കോർപറേറ്റ് ഇൻഷുറൻസ് 3 ലക്ഷത്തിന്റേതാണ്. മാതാപിതാക്കൾക്കായി 5 ലക്ഷം ടോപ്അപ്പ് ചെയ്തിട്ടുണ്ട്. മൊത്തം 8 ലക്ഷം.
ഇതു കൂടാതെ കോട്ടക് ബാങ്ക് സാലറി അക്കൗണ്ടിലൂടെ ബാങ്ക് 1,800 രൂപ വാർഷിക പ്രീമിയത്തിൽ 30 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ് നൽകുന്നുണ്ട്. 3 ലക്ഷത്തിന്റെ കോർപറേറ്റ് ഇൻഷുറൻസ് തീർന്നാലേ ഈ 30 ലക്ഷത്തിന്റെ കവറേജ് ഉപയോഗിക്കാൻ സാധിക്കൂ. ഇതുവരെ ടേം ഇൻഷുറൻസ് എടുത്തിട്ടില്ല.
എമർജൻസി ഫണ്ട്– 7 ലക്ഷം രൂപ 6/12 മാസ എഫ്ഡിയായി പുതുക്കിക്കൊണ്ടിരിക്കുന്നു. പലിശ പിൻവലിക്കാറില്ല.
സ്വർണം
∙ സോവറിൻ ഗോൾഡ് ബോണ്ട്–SGBFEB32IV-GB – 17 Grams (6213/Gram)
∙ ഫിസിക്കൽ ഗോൾഡ്: സ്വർണനാണയം(12 ഗ്രാം)
വെഡ്ഡിങ് ചെയിൻ(24 ഗ്രാം)
ലക്ഷ്യങ്ങൾ
∙ 10 വയസ്സുള്ള മകന്റെ വിദ്യാഭ്യാസത്തിനായി 10 വർഷത്തിനുള്ളിൽ ഒരു കോടി രൂപ.
∙ ടേം ഇന്ഷുറൻസ് ഇല്ലാത്തതിനാൽ രണ്ടു കോടി രൂപ (10 വർഷംകൊണ്ട്) ലൈഫ് കവറേജായി നീക്കിവയ്ക്കണം.
∙ 2 വർഷത്തിനുള്ളിൽ 8–10 ലക്ഷം രൂപയുടെ കാർ
∙ 50 വയസ്സിൽ റിട്ടയർ ചെയ്യാൻ ആഗ്രഹിക്കുന്നു.
∙ FIRE (Financial Independence, Retire Early) വാല്യൂ നോക്കുമ്പോൾ റിട്ടയർ ചെയ്യാൻ സാധിക്കില്ല.
∙ നിലവിലെ ജോലിക്കു സുരക്ഷിതത്വം ഇല്ലാത്തതിനാൽ ആൾട്ടർനേറ്റീവ് ഇൻകം വേണം.
∙ റിട്ടയർമെന്റിനു ശേഷം ജീവിതച്ചെലവിനുള്ള തുക.
∙ റിസ്ക് ടോളറൻസ് കൂടുതലായതിനാൽ ബാങ്കുകള് 20 വർഷക്കാലയളവിൽ എനിക്കു ഹോംലോൺ തരുന്നില്ല. ബംഗളൂരുവിൽ ഒരു വീട് വാങ്ങുക എന്ന സ്വപ്നം ഉപേക്ഷിച്ചു.
∙ മാതാപിതാക്കളുടെ മെഡിക്കൽ ചെലവുകൾ നോക്കണം (അച്ഛന് 75 വയസ്സ്, അമ്മയ്ക്ക് 69)
∙ രണ്ടു വർഷം കൂടുമ്പോൾ ഭാര്യയും മകനുമായി വിദേശ ടൂർ (4,00,000 രൂപ)
എന്റെ അസെറ്റ് അലോക്കേഷൻ നോക്കി വേണ്ട നിർദേശങ്ങൾ നൽകാമോ?
ലേറ്റായാലും ലേറ്റസ്റ്റായി അൽപം വൈകി 35–ാം വയസ്സിലാണ് നിക്ഷേപം തുടങ്ങിയതെങ്കിലും ഇതുവരെയുള്ള താങ്കളുടെ മണി മാനേജ്മെന്റും നിക്ഷേപരീതിയും അഭിനന്ദനാർ ഹമാണ്. ഇപ്പോഴുള്ള സാമ്പത്തിക അച്ചടക്കത്തിന്റെ മികവുകൾ ഇവയാണ്:
1. ആരോഗ്യകരമായ നിക്ഷേപം- വരുമാനത്തിന്റെ 45 ശതമാനത്തോളം എസ്ഐപിക്കായി നീക്കിവയ്ക്കുന്നുണ്ട്. ഒപ്പം 10 മാസത്തെ ചെലവിനുള്ള തുക എമർജൻസി ഫണ്ടായി (7 ലക്ഷം) കരുതുന്നു എന്നതും എടുത്തുപറയേണ്ടതാണ്.
2. ശരിയായ വൈവിധ്യവൽക്കരണം– വരുമാനത്തിന്റെ നല്ലൊരു ഭാഗം നിക്ഷേപിക്കുന്നു എന്നതിനപ്പുറം പോർട്ട്ഫോളിയോയിൽ മികച്ച വൈവിധ്യവൽക്കരണവും ഉറപ്പാക്കിയിട്ടുണ്ട്. മ്യൂച്വൽഫണ്ട്, ഓഹരി, സ്വർണം. പിപിഎഫ്, എൻപിഎസ് എല്ലാത്തിലുംകൂടി 45.5 ലക്ഷത്തിലധികം നിക്ഷേപിച്ചിട്ടുണ്ട്.
3. ബാധ്യതകളില്ല – കടങ്ങളൊന്നും ഇല്ല എന്നത് മികച്ച രീതിയിൽ ഭാവി ആസൂത്രണം ചെയ്യാനുള്ള ഫ്ലക്സിബിലിറ്റി ഉറപ്പാക്കുന്നു.
4. ഫയർ മെൻഡ്സെറ്റ്– സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കി നേരത്തെ റിട്ടയർ ചെയ്യാനുള്ള മനോഭാവം. നിങ്ങളുടെ ലക്ഷ്യങ്ങൾ ഓരോന്നായി നേടാനും പരമാവധി സമ്പത്തു സമാഹരിക്കാനുമുള്ള ആക്ഷൻ പ്ലാനാണ് ഇവിടെ നൽകുന്നത്. അതിനു മൂന്നു ഘട്ടങ്ങളുണ്ട്:
1. ആദ്യം വേണം ടേം പ്ലാൻ
നിങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഫിനാൻഷ്യൽ റിസ്ക്, ടേം ഇൻഷുറൻസ് ഇല്ലെന്നതു തന്നെയാണ്. അതിനാൽ എത്രയും വേഗം 1.5–2 കോടി രൂപയുടെ ടേം പ്ലാൻ എടുക്കണം. 60 വയസ്സുവരെയോ റിട്ടയർ ചെയ്യുന്നതുവരെയോ കവറേജ് തിരഞ്ഞെടുക്കാം. ഇതിനു പ്രീമിയമായി പ്രതിവർഷം 45,000–60,000 രൂപ വേണ്ടിവരും.
പോളിസി എടുക്കാൻ ഇനി ഒട്ടും വൈകരുത്. കാരണം പ്രായം കൂടുന്നതനുസരിച്ച് പ്രീമിയം കൂടും.
മാത്രമല്ല ആരോഗ്യസ്ഥിതിയനുസരിച്ച് പോളിസിക്കുള്ള എലിജിബിലിറ്റിയിലും വ്യത്യാസം വരും.
2. മാതാപിതാക്കളുടെ ഹെൽത്ത് കവറേജ്
താങ്കൾക്കുള്ള 33 ലക്ഷത്തിന്റെ കവറേജ് നിലവിൽ പര്യാപ്തമാണ്. എന്നാൽ മാതാപിതാക്കൾക്ക് എട്ടു ലക്ഷം എന്ന കവറേജ് കുറവാണ്. അതുകൊണ്ട് 10–15 ലക്ഷത്തിന്റെ ഒരു സീനിയർ സിറ്റിസൺ പ്ലാൻ എടുക്കണം. അതിനു പുറമെ 3–5 ലക്ഷം രൂപ മെഡിക്കൽ എമർജൻസിയായി എഫ്ഡിയിലോ ലിക്വിഡ് മ്യൂച്വൽഫണ്ടുകളിലോ കരുതണം.
3. നിക്ഷേപ ലക്ഷ്യങ്ങൾ
ഇവിടെ നിങ്ങളുടെ ഓരോ ലക്ഷ്യങ്ങൾക്കുമുള്ള പണം എങ്ങനെ സമാഹരിക്കാം എന്നു പരിശോധിക്കാം.
1. കുട്ടിയുടെ വിദ്യാഭ്യാസം
ഇപ്പോൾതന്നെ നല്ല രീതിയിൽ നിക്ഷേപിക്കുന്നതുകൊണ്ട് അതു തുടർന്നാൽ മാത്രം മതി. നിലവിലെ എസ്ഐപികളിൽ 50,000 രൂപയുടേത് അതിലേക്കു നീക്കിവച്ചാൽ 10 കൊല്ലത്തിനുള്ളിൽ ഒരു കോടി രൂപ സമാഹരിക്കാം.
2. റിട്ടയർമെന്റ് ഫണ്ട്
മ്യൂച്വൽഫണ്ട് എസ്ഐപിയിൽ മകന്റെ വിദ്യാഭ്യാസത്തിനുള്ളത് കിഴിച്ചാൽ നിലവിൽ 25,000 രൂപയുടെ നിക്ഷേപമുണ്ട്. അതോടൊപ്പം എന്പിഎസ്, ഇപിഎസ് തുകകളും ഈ ആവശ്യത്തിനു നീക്കിവയ്ക്കാം.
ഓഹരികളിൽ നേരിട്ടുള്ള നിക്ഷേപം ഞങ്ങൾ നിർദേശിക്കുന്നില്ലെന്നതിനാൽ അതേക്കുറിച്ചുള്ള വിശകലനം നൽകാനാകില്ല. മാത്രമല്ല ഓഹരിയിൽ വൈദഗ്ധ്യമോ, നീക്കിവയ്ക്കാൻ ആവശ്യത്തിനു സമയമോ ഇല്ലാത്തവർക്ക് മ്യൂച്വൽഫണ്ട്–എൻപിഎസ് എന്നിവവഴി ഓഹരിയുടെ നേട്ടമെടുക്കുന്നതാകും കൂടുതൽ നല്ലത്.
3. പുതിയ കാർ
അൽപം ഫിനാൻഷ്യൽ സെക്യൂരിറ്റി നേടിയശേഷം പുതിയ കാർ വാങ്ങാമെന്ന തീരുമാനവും അഭിനന്ദനാർഹമാണ്. ഇപ്പോഴത്തെ തലമു റയിൽ ഇല്ലാത്തതും ഇത്തരത്തിലുള്ള അച്ചടക്കമാണ്. ഓഹരിയിൽ ഇതുവരെയുള്ള തുകയിൽ ഒരു വിഹിതമെടുക്കാം, പിപിഎഫ് മെച്വർ ആവുമെങ്കിൽ അതിൽ നിന്നുമാകാം. കാറിന്റെ വിലയുടെ 50% അടച്ച് ബാക്കി ലോൺ എടുക്കുന്നതും പരിഗണിക്കാം.
4. FIRE @60
നിലവിലെ സാഹചര്യത്തിൽ 50 വയസ്സിൽ സാമ്പത്തിക സ്വാതന്ത്ര്യത്തോടെയുള്ള റിട്ടയർമെന്റ് ബുദ്ധിമുട്ടായിരിക്കും. അതേ സമയം ഓഹരിയിലും മറ്റു നിക്ഷേപ പദ്ധതികളിലുമായി 50 ലക്ഷത്തിലധികം ഇപ്പോഴേ സമ്പാദിക്കാനായതു നേട്ടംതന്നെയാണ്. 60 വയസ്സിൽ റിട്ടയർമെന്റ് എന്നതായിരിക്കും ഉചിതം. അതിനുള്ള നിർദേശങ്ങൾ നോക്കാം.
ആദ്യം സൂചിപ്പിച്ചതുപോലെ നേരിട്ടുള്ള ഓഹരി നിക്ഷേപത്തിൽ റിസ്കുണ്ട്. റിട്ടയർമെന്റ് ഫണ്ടിൽ സുരക്ഷ ഏറെ പ്രധാനമായതിനാൽ ഈ നിക്ഷേപം ഇക്വിറ്റിഫണ്ടിലേക്കു മാറ്റുന്നതു നല്ലതാകും. ഇൻഡക്സ് ഫണ്ടും ഫ്ലക്സിക്യാപ് ഫണ്ടും ഇതിനായി പരിഗണിക്കാം.
കയ്യിലുള്ള 50 ലക്ഷത്തിനൊപ്പം 25,000 രൂപയുടെ എസ്ഐപിയും റിട്ടയർമെന്റ് ഫണ്ടിനായി തുടരാം.
കുട്ടിയുടെ പഠനാവശ്യത്തിനുശേഷം 50,000 രൂപയുടെ എസ്ഐപി പൂർണമായും ഈ ആവശ്യത്തിലേക്കു മാറ്റാം. ഈ രീതിയിൽ 60 വയസ്സിൽ 7 കോടി രൂപ സമാഹരിക്കാൻ സാധിക്കും. ആ സമയത്ത് താങ്കൾക്ക് FIREനും മാസം വരുമാനം ഉറപ്പാക്കുന്നതിനുംകൂടി ഏകദേശം 4–5 കോടി രൂപ മതിയാവും. അതായത്, രണ്ടു കോടിയോളം രൂപ അധികമായി സമാഹരിക്കാനാകും.
മാത്രമല്ല ജോബ് സെക്യൂരിറ്റി ഇല്ല എന്നു പറഞ്ഞതുകൊണ്ടു ശമ്പളവർധനവു പരിഗണിച്ചിട്ടില്ല. എന്നാൽ ജോലിചെയ്യുന്നത്രയും കാലം നിക്ഷേപം കഴിയുന്ന രീതിയിൽ ടോപ്അപ് ചെയ്താൽ സമാഹരിക്കാവുന്ന തുകയിൽ ഗണ്യമായ വർധന നേടാം.
അതേസമയം സ്കിൽ അപ്ഗ്രേഡ് ചെയ്യാനും ഫ്രീലാൻസ് ജോലികൾ കണ്ടെത്താനും ശ്രമിക്കണം. അതു വഴി വരുമാനം കൂട്ടാനും ജോലിയുടെ സുരക്ഷയെയെക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കാനും പറ്റും.
അതുപോലെ ഏഴു പവനോളം (നിലവിലെ വിലയിൽ നാലര ലക്ഷം രൂപ) സ്വർണം കൈവശമുണ്ട്. ഭാവിയിലെ വിലവർധന കൂടി പരിഗണിക്കുമ്പോൾ ഇത് എപ്പോഴും നിങ്ങളുടെ പോർട്ട്ഫോളിയോയ്ക്ക് ന്യായമായ കരുത്തു പകരും.
5. സ്വന്തം വീട്
സ്വന്തം വീട് എന്ന സ്വപ്നം മാറ്റിവയ്ക്കേണ്ടതില്ല. ഭവനവായ്പ കിട്ടുന്നില്ലെങ്കിൽ 10–15 വർഷത്തിനുശേഷം നിക്ഷേപങ്ങളുടെ ഒരു വിഹിതം പിൻവലിച്ച് അതുപയോഗിച്ച് ഒരു വീടോ അപ്പാർട്ട്മെന്റോ വാങ്ങാം. റിട്ടയർമെന്റ് ഫണ്ടിനായി സമാഹരിക്കുന്ന 7 കോടിയിൽനിന്നു വീടിനുള്ള തുക കണ്ടെത്താനാകും.
6. ഫോറിൻ ടൂർ
എല്ലാ രണ്ടു വർഷവും വിദേശയാത്രയ്ക്കു തുക കണ്ടെത്തുക ബുദ്ധിമുട്ടാണ്. എന്നാൽ എസ്ഐപി ടോപ് അപ് ചെയ്തോ മറ്റോ അധിക വരുമാനം നേടാൻ കഴിഞ്ഞാൽ ആവശ്യമായ പണം കണ്ടെത്താനാകും. ഇല്ലെങ്കിൽ ഇടയ്ക്ക് നിക്ഷേപത്തിൽനിന്ന് ഒരു തുക പിൻവലിച്ച് ഫോറിൻ ടൂർ നടത്താം. ഇന്ത്യയിലെതന്നെ നല്ല സ്ഥലങ്ങൾ സന്ദർശിക്കുന്ന കാര്യവും പരിഗണിക്കാം. ചെലവു കുറ വുമായിരിക്കും.
ഫൈനൽ ആക്ഷൻ പ്ലാൻ
✔ സ്റ്റെപ്പ് 1: 2 കോടിയുടെ ടേം ഇൻഷുറൻസ് എടുക്കുക.
✔ സ്റ്റെപ്പ് 2: മാതാപിതാക്കൾക്ക് 10–15 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്.
✔ സ്റ്റെപ്പ് 3: എസ്ഐപി തരംതിരിക്കുക– 50,000 രൂപയുടെ എസ്ഐപികൾ പത്തു വർഷത്തേക്കു മകന്റെ പഠനത്തിന്. ബാക്കി 25,000 രൂപയുടെ എസ്ഐപിയും മറ്റു നിക്ഷേപങ്ങളും റിട്ടയർമെന്റിലേക്ക്.
✔ സ്റ്റെപ്പ് 4: നേരിട്ടുള്ള ഓഹരി നിക്ഷേപത്തിൽ നിന്ന് ഒരു വിഹിതം കാർ വാങ്ങാൻ ഉപയോഗിക്കുക.
✔ സ്റ്റെപ്പ് 5: സമാഹരിക്കുന്ന റിട്ടയർമെന്റ് ഫണ്ട് അനുയോജ്യമായ ഹൈബ്രിഡ് ഫണ്ടിൽ നിക്ഷേപിച്ച ആവശ്യമായ തുക മാസം സിസ്റ്റമാറ്റിക്വിത്ഡ്രോവൽ പ്ലാൻവഴി പിൻവലിക്കാം. ഫ്രീലാൻസ് ജോലികളിലൂടെ വരുമാനം ഉയർത്തുന്നതു പരിഗണിക്കാം.
✔ സ്റ്റെപ്പ് 6: വീടെന്ന ആഗ്രഹം കുറച്ചുകൂടി നീട്ടിവയ്ക്കുക. റിട്ടയർമെന്റ് സമയത്തു ലഭിക്കുന്ന പണത്തിൽ ഒരു വിഹിതം ഉപയോഗിച്ച് അതു നേടാം. ∙
ആവശ്യമായ ഇൻഷുറൻസ് ഇല്ല
നിലവിലെ സാഹചര്യത്തിൽ ആവശ്യമായ ലൈഫ് കവറേജ് ഇല്ലെന്നതാണ് ഇദ്ദേഹത്തിന്റെ പോർട്ട് ഫോളിയോയിലെ പ്രധാന പോരായ്മ. അവിചാരിതമായി എന്തെങ്കിലും സംഭവിച്ചാൽ കുടുംബം പ്രതിസന്ധിയിലാകും. അതൊഴിവാക്കാൻ ടേം പ്ലാൻ അത്യാവശ്യമാണ്. മാത്രമല്ല 33 ലക്ഷത്തോളം രൂപയുടെ ഹെൽത്ത് കവറേജ് ഉണ്ടെന്നത് യഥാർഥ്യമാണെങ്കിലും അതു പൂർണമായും നിലവിലെ ജോലിയുമായി ബന്ധപ്പെട്ടാണ്. ജോബ് സെക്യൂരിറ്റി പ്രശ്നമാണെന്നു പറയുന്നതിനാൽ കുടുംബത്തിനായി 3–4 ലക്ഷം രൂപയുടെ ഫ്ലോട്ടർ പോളിസി സ്വന്തംനിലയിൽ എടുക്കുന്നതു നല്ലതായിരിക്കും.
ഭാവിയിൽ ജോലിക്കു പ്രശ്നമുണ്ടായാൽ ആ പ്രായത്തിൽ ഹെൽത്ത് കവറേജിനു വലിയ പ്രീമിയം നൽകേണ്ടിവരും.
വെൽത്ത് മെട്രിക്സ്, സ്ഥാപകനും സിഇഒയുമാണ് ലേഖകന്
www.wealthmetrics.in