ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുകയാണ്. അടുത്തിടെയുണ്ടായ വന്‍ ഇടിവിന് ശേഷം വിപണി ഇപ്പോള്‍  തിരിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ 2025ല്‍ ഇതുവരെയുള്ള കണക്കെടുക്കുമ്പോള്‍ വന്‍കിട കമ്പനികളുടെ വിപണി മൂല്യത്തില്‍ കാര്യമായ ഇടിവാണുണ്ടായിരിക്കുന്നത്. 

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ഓഹരി വിപണിയിലെ കടുത്ത ചാഞ്ചാട്ടങ്ങളും കാരണം ടാറ്റ, അദാനി ഗ്രൂപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ വന്‍ ഗ്രൂപ്പുകളെല്ലാം തിരിച്ചടി നേരിട്ടു. എയ്‌സ് ഇക്വിറ്റി എന്ന ഗവേഷണ സ്ഥാപനം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അദാനി, റിലയന്‍സ് , ടാറ്റ , മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര  തുടങ്ങിയവരുടെ ഗ്രൂപ്പുകളുടെ മൊത്തം വിപണി മൂല്യത്തില്‍ വന്ന നഷ്ടം 5.37 ലക്ഷം കോടി രൂപയാണ്. 

ചിത്രം: SAJJAD HUSSAIN / AFP

ഇതില്‍ ഏറ്റവും കൂടുതല്‍ പരിക്കേറ്റിരിക്കുന്നത് ടാറ്റ ഗ്രൂപ്പിനാണ്. ഇവരുടെ 25 ലിസ്റ്റഡ് കമ്പനികളുടെ മൂല്യത്തിലുണ്ടായത് 4.84 ലക്ഷം കോടി രൂപയുടെ ഇടിവാണ്. 31.1 ലക്ഷം കോടി രൂപയായിരുന്നു ഗ്രൂപ്പിലെ 25 ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം. ഇതാണ് ഇടിഞ്ഞ് 26.25 ലക്ഷം കോടി രൂപയിലേക്ക് എത്തിയിരിക്കുന്നത്. അതായത് 15.6 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ടിസിഎസും ടാറ്റ മോട്ടോഴ്‌സുമാണ് ഏറ്റവുമധികം ഇടിവ് നേരിട്ട ടാറ്റ കമ്പനികള്‍. 

അതേസമയം സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ച മുന്‍നിര്‍ത്തി ഈ ഓഹരികളെല്ലാം വിപണി മൂല്യം തിരിച്ചുപിടിക്കുമെന്നാണ് വിപണി വിദഗ്ധരുടെ പ്രതീക്ഷ.

English Summary:

Tata Group’s market value plunges by ₹4.84 lakh crore amidst global economic uncertainty and volatile stock market conditions. Experts predict a market recovery, but the impact on Tata’s 25 listed companies is significant.