
ആഭരണ (gold) പ്രേമികളുടെയും വിവാഹം പോലുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരുടെയും ചങ്കിടിപ്പേറ്റി സ്വർണ വിലയുടെ (gold rate) കുതിച്ചുകയറ്റം. സംസ്ഥാനത്തും (Kerala gold price) ദേശീയതലത്തിലും രാജ്യാന്തര വിപണിയിലും വില റെക്കോർഡ് തിരുത്തി. കേരളത്തിൽ ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 105 രൂപയും പവന് 840 രൂപയും ഉയർന്ന് പുതിയ ഉയരം തൊട്ടു. പവൻവില ചരിത്രത്തിലാദ്യമായി 71,000 രൂപയും കടന്നു. 9,000 രൂപയെന്ന നാഴികക്കല്ലിൽ നിന്ന് വെറും 80 രൂപ അകലെയാണ് ഗ്രാം വില.
ഇന്ന് ഗ്രാമിന് 8,920 രൂപയിലും പവന് 71,360 രൂപയിലുമാണ് കേരളത്തിൽ വ്യാപാരം. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 8,815 രൂപയും പവന് 70,520 രൂപയും എന്ന റെക്കോർഡ് മറക്കാം. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം പവന് കൂടിയത് 5,560 രൂപ; ഗ്രാമിന് 695 രൂപയും. പണിക്കൂലിയും നികുതിയും ഹോൾമാർക്ക് ഫീസും ചേരുമ്പോൾ വില വർധനയുടെ ഭാരം ഇതിലും കൂടുതലാണെന്നത് ഏറ്റവുമധികം വലയ്ക്കുക വിവാഹാഭരണങ്ങൾ എടുക്കാൻ കാത്തിരുന്നവരെ.
18 കാരറ്റും വെള്ളിയും
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഇന്ന് ഗ്രാമിന് 90 രൂപ ഉയർന്ന് പുതിയ ഉയരമായ 7,390 രൂപയായി. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ നൽകിയ വില ഗ്രാമിന് 90 രൂപ തന്നെ ഉയർത്തി 7,350 രൂപ.
അതേസമയം, ഇരു വിഭാഗങ്ങളും വെള്ളി വില ഗ്രാമിന് 108 രൂപയിൽ മാറ്റമില്ലാതെ നിലനിർത്തി. 22 കാരറ്റുമായി താരതമ്യം ചെയ്യുമ്പോൾ വില കുറവാണെന്നത് 18 കാരറ്റിലേക്ക് ഇപ്പോഴും വിവാഹപ്പാർട്ടികളെ അടക്കം ആകർഷിക്കുന്നുണ്ട്. 18 കാരറ്റ് സ്വർണം വാങ്ങുന്നത് ഗുണകരമാണോ? മറിച്ചുവിറ്റാൽ മൂല്യം കിട്ടുമോ? പണയംവച്ച് ലോൺ എടുക്കാനാകുമോ? അക്ഷയതൃതീയയും വരുന്നു, സ്വർണം വാങ്ങൽരീതി ഒന്നു മാറ്റിപ്പിടിച്ചാലോ? വിശദാംശം വായിക്കാം.
കടിഞ്ഞാണില്ലാതെ പൊന്നുംവില
രാജ്യാന്തരവില ചരിത്രത്തിൽ ആദ്യമായി 3,350 ഡോളർ മറിടകന്നു. ഔൺസിന് ഇന്നലെ കുറിച്ച 3,281 ഡോളർ എന്ന റെക്കോർഡ് പഴങ്കഥയാക്കി വില ഇന്ന് 3,355.20 ഡോളർ വരെയെത്തി. 3,300 ഡോളർ മറികടന്നതും ചരിത്രത്തിലാദ്യം. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളായ യുഎസും ചൈനയും തമ്മിലെ വ്യാപാരയുദ്ധം അനുദിനം വഷളാകുന്നതാണ് സ്വർണത്തിന് കരുത്താവുന്നത്.
ചൈനയ്ക്കുമേൽ 245% ഇറക്കുമതി തീരുവ യുഎസ് പ്രഖ്യാപിച്ചതോടെ, ചൈന തിരിച്ചടിക്കുമെന്ന് ഏറക്കുറെ ഉറപ്പായി. മാത്രമല്ല, ട്രംപിന്റെ തീരുവ നയങ്ങൾ യുഎസിൽ പണപ്പെരുപ്പം കുത്തനെ കൂടാനും ജിഡിപി വളർച്ച ഇടിയാനും വഴിവയ്ക്കുമെന്ന കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവിന്റെ മേധാവി ജെറോം പവലിന്റെ അഭിപ്രായവും സ്വർണത്തെ മുന്നോട്ട് നയിക്കുകയാണ്.
ഓഹരി, കടപ്പത്ര വിപണികളുടെ ചാഞ്ചാട്ടം, ഡോളറിന്റെ വീഴ്ച എന്നിവയും സ്വർണത്തിനാണ് അനുകൂലം. നിക്ഷേപകർ ‘സുരക്ഷിത നിക്ഷേപം’ (safe-haven demand) എന്നോണം സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപം വൻതോതിൽ മാറ്റുന്നതും ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രധാന കേന്ദ്രബാങ്കുകൾ വിദേശനാണയ ശേഖരത്തിലേക്ക് സ്വർണം വൻതോതിൽ വാങ്ങിച്ചേർക്കുന്നതും വില വർധനയുടെ ആക്കംകൂട്ടുന്നു.
ഡോളറിനെതിരെ ഇന്ത്യൻ റുപ്പി ഇന്ന് 11 പൈസ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. അല്ലായിരുന്നെങ്കിൽ ഇന്നു കേരളത്തിൽ സ്വർണവില കൂടുതൽ ഉയരുമായിരുന്നു. മാത്രമല്ല, രാജ്യാന്തരവിലയിലെ റെക്കോർഡ് മുന്നേറ്റം മുതലെടുത്ത് ഒരുവിഭാഗം നിക്ഷേപകർ ഗോൾഡ് ഇടിഎഫിൽ ലാഭമെടുപ്പ് തകൃതിയാക്കിയിട്ടുണ്ട്. ഇതോടെ, റെക്കോർഡിൽ നിന്ന് രാജ്യാന്തരവില അൽപം താഴെയിറങ്ങിയതും കേരളത്തിൽ വിലവർധനയുടെ ആക്കംകുറച്ചു.
ഇനി വില കൂടുമോ കുറയുമോ?
രാജ്യാന്തര സ്വർണവില ഔൺസിന് 3,300 ഡോളർ എന്ന ‘സൈക്കോളജിക്കൽ’ തലം മറികടന്നതിനെ ആശങ്കയോടെയാണ് നിരീക്ഷകർ കാണുന്നത്. വില ഇനിയും കൂടിയേക്കാമെന്ന് അവർ കരുതുന്നു. സ്വർണവില ഈ വർഷം റെക്കോർഡുകൾ തകർത്ത് മുന്നേറുമെന്ന് പ്രമുഖ ധനകാര്യസ്ഥാപനങ്ങളായ ഗോൾഡ്മാൻ സാക്സ്, യുബിഎസ് എന്നിവ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഔൺസിന് ഈ വർഷം 3,300 ഡോളറാകുമെന്ന മുൻ പ്രവചനം തിരുത്തിയ ഗോൾഡ്മാൻ സാക്സ് ഇപ്പോൾ പ്രവചിക്കുന്നത് 3,700 ഡോളർ. സ്വർണവില 3,500 ഡോളറിലെത്തുമെന്നാണ് യുബിഎസിന്റെ വിലയിരുത്തൽ.
ഇന്ത്യയിൽ, ദേശീയ വിപണിയിൽ (ഡൽഹി) വില ചരിത്രത്തിലാദ്യമായി 10 ഗ്രാമിന് ഒരുലക്ഷം രൂപ കടന്നു. മൾട്ടി കമ്മോഡിറ്റി മാർക്കറ്റായ എംസിഎക്സിലും (MCX) വില (ജൂൺ അവധിവില) റെക്കോർഡ് 95,435 രൂപയാണ്. വില ഇനിയും കൂടിയേക്കാമെന്ന സൂചന ഇതു നൽകുന്നു.
പണിക്കൂലിയും ചേർന്നാലോ?
സ്വർണം ആഭരണമായി വാങ്ങുമ്പോൾ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ് എന്നിവയ്ക്ക് പുറമെ പണിക്കൂലിയും നൽകണം. ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് പണിക്കൂലി മുന്നു മുതൽ 35 ശതമാനം വരെയൊക്കെയാകാം. ഇന്നു നിങ്ങൾ 5% പണിക്കൂലി പ്രകാരം ഒരു പവൻ ആഭരണം വാങ്ങിക്കുന്നുവെങ്കിൽ മിനിമം 77,230 രൂപയെങ്കിലും നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,654 രൂപയും.