പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയതിന് പിന്നാലെ മേഖലയിലേക്കുള്ള പ്രധാന സമുദ്ര പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ഇതുവഴി പോയ ചില കപ്പലുകളെ ആക്രമിക്കുകയും കൂടി ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി.
ജിസിസി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയും ഇതോടെ നിലച്ചു.
ഏതാണ്ട് 22 ഇന്ത്യൻ കപ്പലുകൾ പശ്ചിമേഷ്യയിൽ കുടുങ്ങിയെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്. എന്നാൽ ചില ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ഇറാൻ സഞ്ചാര അനുമതി നൽകിയിരുന്നു.
അതിൽ ആദ്യ കപ്പൽ ഇന്നലെ ഇന്ത്യയിലെത്തി. 46,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് എന്ന കപ്പലാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തിയത്.
ഇന്ത്യൻ ഓയിൽ കോര്പറേഷന് വേണ്ടിയാണിത്. മറ്റൊരു കപ്പലായ നന്ദാദേവിയും ഇന്ന് ഗുജറാത്തിലെത്തി.
ഹോർമുസിലൂടെ കൂടുതൽ ഇന്ത്യൻ കപ്പലുകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഇതിനു പകരമായി ഇന്ത്യയുടെ കസ്റ്റഡിയിലുള്ള മൂന്ന് കപ്പലുകൾ വിട്ടുനൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ അനധികൃത എണ്ണക്കടത്ത് ആരോപിച്ചാണ് മുംബൈ തീരത്തു നിന്ന് കോസ്റ്റ് ഗാർഡ് മൂന്നു കപ്പലുകൾ പിടികൂടിയത്.
ഇതിൽ സ്റ്റെല്ലാർ റൂബിയെന്ന കപ്പല്‍ ഇറാൻ രജിസ്ട്രേഷനിലുള്ളതാണ്. ആസ്ഫാൾട്ട് സ്റ്റാർ, അല്‍ ജാഫ്സിയ എന്നീ കപ്പലുകൾ മാലി, നിക്കരാഗ്വ എന്നീ രാജ്യങ്ങളിലേതുമാണ്.
നിലവിൽ മൂന്ന് കപ്പലുകളും മുംബൈ തുറമുഖത്താണുള്ളത്.
പിടികൂടിയ സമയത്ത് ഇവ തങ്ങളുടെ ഉടമസ്ഥതയിലുള്ളതല്ല എന്നാണ് ഇറാൻ പറഞ്ഞിരുന്നത്. അമേരിക്കൻ ഉപരോധം മറികടന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂഡ് ഓയിൽ എത്തിക്കാൻ ഇറാൻ ഉപയോഗിക്കുന്ന ഷാഡോ ഫ്ളീറ്റിന്റെ ഭാഗമാണ് ഈ കപ്പലുകളെന്ന് ആരോപണമുണ്ട്.
അതേസമയം, കപ്പലുകളെ ഇന്ത്യൻ അധികൃതർ അനധികൃതമായി തടഞ്ഞു വെച്ചിരിക്കുകയാണെന്ന് ഇവയുടെ ഷിപിങ് കൺസൾട്ടന്റായി പ്രവര്‍ത്തിക്കുന്ന ജുഗ്വീന്ദർ സിങ് ബ്രാർ ആരോപിച്ചു.
റോഡ് ടാറിങിന് ഉപയോഗിക്കുന്ന ബിറ്റുമിനാണ് കപ്പലുകളിൽ ഉണ്ടായിരുന്നത്. ഇതിന് നിയമപരമായ തടസങ്ങളില്ല.
40 ദിവസമായി കപ്പലുകൾ മുംബൈ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ്. വലിയ നഷ്ടമാണ് ഇതിലൂടെ തനിക്കുണ്ടായതെന്നും ജുഗ്വീന്ദർ പ്രതികരിച്ചു.
ഇറാന് വേണ്ടി ഷാഡോ ഫ്ളീറ്റുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രധാനിയാണെന്ന് യുഎസ് അന്വേഷണ ഏജൻസികൾ ആരോപിക്കുന്ന ആളാണ് ഇന്ത്യക്കാരനായ ജുഗ്വീന്ദർ സിങ്. ദുബായ് കേന്ദ്രമാക്കിയാണ് ഇയാളുടെ പ്രവർത്തനം.
കപ്പലുകൾക്ക് പുറമെ ചില മരുന്നുകളും മറ്റു ചില ഉൽപന്നങ്ങളും എത്തിച്ചു നൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകൾ പറയുന്നു.
എന്നാൽ ഇത്തരത്തിൽ ചർച്ച നടന്നിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്. കപ്പലുകൾ വിട്ടുനൽകാമെന്ന് ഇറാന് ഉറപ്പു നൽകിയിട്ടില്ലെന്നും അനൗദ്യോഗിക വിശദീകരണത്തിൽ പറയുന്നു.
ഇക്കാര്യത്തിൽ കേന്ദ്രം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

