ഹോർമുസിൽ ഇറാന്റെ ഭീഷണി നേരിടാൻ സഖ്യ രാജ്യങ്ങൾ യുഎസിനൊപ്പം ചേരാത്തതിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അമർഷം. കാലങ്ങളായി യുഎസ് സഹായം നൽകുന്ന രാജ്യങ്ങൾ പോകും മുഖം തിരിച്ചതാണ് ട്രംപിനെ കുഴപ്പിക്കുന്നത്. ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധം പരിഹാരമാകാതെ തുടരുകയാണ്.
ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് നിലച്ചു. എന്നാൽ ക്രൂഡ് ഓയിൽ കയറ്റി ഇറാന്റെ കപ്പലുകൾ പോകുന്നുണ്ട്.
തങ്ങളോട് ആലോചിക്കാതെ യുഎസ് സ്വയം തുടങ്ങിയ യുദ്ധമാണ് പശ്ചിമേഷ്യയിലേതെന്നാണ് മിക്ക രാജ്യങ്ങളുടെയും നിലപാട്.
യുദ്ധത്തിൽ നേരിട്ടു പങ്കെടുത്തില്ലെങ്കിലും പല രാജ്യങ്ങളും ഇതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുകയാണ്. ക്രൂഡ് ഓയിൽ വില വര്‍ധിച്ചത് രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച കുറച്ചു.
പണപ്പെരുപ്പ ഭീഷണിയുമുണ്ട്. നിലവിലെ സാഹചര്യത്തിൽ ഹോർമുസിലേക്ക് പടക്കപ്പലുകൾ അയക്കാനുള്ള തീരുമാനമില്ലെന്ന് ജർമനി, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്.
ക്രൂഡ് വീണ്ടും കയറ്റത്തിൽ
ഹോർമുസ് സംരക്ഷിക്കാൻ യുഎസിനൊപ്പം ചേരാൻ മറ്റു രാജ്യങ്ങൾ തയാറാകാത്തത് ക്രൂഡ് ഓയിൽ വില വീണ്ടും ഉയര്‍ത്തി.
ബ്രെന്റ് ക്രൂഡ് 2.43 ശതമാനം ഉയർന്ന് 102 ഡോളറിലെത്തി. ഡബ്ല്യുടിഐ 95 ഡോളറിലാണ്.
മർബൻ ക്രൂഡ് 106 ഡോളറിലും. ഹോർമുസിലൂടെ കൂടുതൽ കപ്പലുകൾ കടത്തി വിടുമെന്ന സൂചനകളെ തുടർന്ന് വില അൽപ്പം താഴ്ന്നിരുന്നു.
ഇത് രാജ്യന്തര തലത്തിൽ വിപണികളെയും ഉയർത്തി. എന്നാൽ ട്രംപിന്റെ പ്ലാൻ നടക്കില്ലെന്ന് നിക്ഷേപകർക്ക് തോന്നിയതോടെ വില വീണ്ടും ഉയരുകയായിരുന്നു.
ഹോർമുസിലൂടെ ക്രൂഡ് ഓയിൽ കടത്താൻ ഇറാനിയൻ കപ്പലുകളെ യുഎസ് അനുവദിക്കുന്നുണ്ടെന്ന് ഇന്നലെ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞിരുന്നു.
വിപണിയില്‍ വിതരണം മുടങ്ങാതിരിക്കാനാണ് നീക്കമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഹോർമുസിൽ സുരക്ഷയൊരുക്കാൻ വിവിധ രാജ്യങ്ങളെ അണിനിരത്തുന്ന സഖ്യം ഉടൻ പ്രഖ്യാപിക്കുമെന്നും യുഎസ് പറയുന്നു.
ഇതിലേക്ക് ചേരാൻ രാജ്യങ്ങൾ തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ പ്രതിസന്ധിക്കിടെയാണ് യുഎസ് നീക്കങ്ങൾ. നാവിക സേനയുടെ അകമ്പടിയും ഉയർന്ന ഇൻഷുറൻസ് തുകയും വാഗ്ദാനം ചെയ്തിട്ടും ഇറാന്റെ അനുമതിയില്ലാതെ ഹോർമുസിലൂടെ സഞ്ചരിക്കാൻ കപ്പലുകൾ തയാറാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
ചില കപ്പലുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ആക്രമണങ്ങൾ ഇനിയും ആവർത്തിക്കാനുള്ള സാധ്യതയുണ്ടെന്ന് സുരക്ഷാ വിദഗ്ധരും പറയുന്നു.
ഇറാന്റെ ആക്രമണ ശേഷി കുറഞ്ഞുവെന്ന് ബോധ്യപ്പെട്ടതിന് ശേഷമേ ഹോർമുസിൽ കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ യുഎസ് തയാറാകൂ എന്നും റിപ്പോർട്ടുകൾ പറയുന്നു.
തിരിച്ചു വന്ന് വിപണി
മൂന്നു ദിവസത്തെ നഷ്ടം പഴങ്കഥയാക്കി ഇന്നലെ ഇന്ത്യൻ വിപണി മികച്ച നേട്ടമുണ്ടാക്കി. 938 പോയിന്റുകൾ കയറിയ സെൻസെക്സ് 75,502.85ലെത്തി.
നിഫ്റ്റി 1.11 ശതമാനം നേട്ടത്തോടെ 23,408.80ലുമെത്തി. എച്ച്ഡിഎഫ്സി ബാങ്ക്, അൾട്രാടെക് സിമന്റ് പോലുള്ള ഓഹരികളിൽ നടന്ന ‘വാല്യൂ ബയിങ്’ ആണ് വിപണിയെ ചാഞ്ചാട്ടത്തിനൊടുവിൽ ലാഭത്തിലെത്തിച്ചത്.
മികച്ച കമ്പനികളുടെ ഓഹരികൾ യഥാർത്ഥ വിലയേക്കാൾ താഴെയെത്തുമ്പോള്‍ വാങ്ങുന്നതിനാണ് വാല്യൂ ബയിങ് എന്ന് പറയുന്നത്.
ബാങ്കിങ്, ഓട്ടോ, എഫ്എംസിജി സെക്ടറുകളാണ് ഇന്നലത്തെ റിക്കവറിയിൽ മുന്നിൽ നിന്നത്. ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി എന്നിവ നഷ്ടത്തിലായി.
വിശാല വിപണിയിലേക്ക് വന്നാൽ നിഫ്റ്റി മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ്. ഇന്നലെ വിദേശ നിക്ഷേപകർ 9,365 കോടി രൂപയുടെ അറ്റവിൽപ്പനക്കാരായി.
ഇന്ന് ഇന്ത്യൻ വിപണി സൂചികകൾ ഉയർന്ന് വ്യാപാരം തുടങ്ങാൻ സാധ്യത.
യുഎസ് – ഇറാൻ യുദ്ധത്തിൽ ആശങ്കയുണ്ടെങ്കിലും ആഗോളതലത്തിൽ ഓഹരി വിപണികൾ ഉയർന്നത് ഇന്ത്യയിലും പ്രതിഫലിക്കും.
ഇന്നലെ യുഎസ് വിപണികളും മികച്ച നേട്ടത്തിലായിരുന്നു. ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഹരികളുടെ മുന്നേറ്റമാണ് വിപണിയെ നേട്ടത്തിലാക്കിയത്.
ഡോ സൂചിക 0.83 ശതമാനവും എസ് ആൻഡ് പി 1.01 ശതമാനവും നാസ്ഡാക് 1.22 ശതമാനവും മുന്നിലെത്തി. എൻവിഡിയ, ആപ്പിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, ടെസ്ല തുടങ്ങിയ കമ്പനികളുടെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി.
എന്നാൽ അമേരിക്കൻ ഓഹരി ഫ്യൂച്ചറുകൾ ഇടിവിലാണ്. യൂറോപ്യൻ വിപണികളും നേട്ടത്തിലായിരുന്നു.
ഏഷ്യൻ വിപണികൾ ഉണർവിൽ
ക്രൂഡ് ഓയില്‍ വിലയിലെ മാറ്റവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങും തമ്മിലുള്ള കൂടിക്കാഴ്ചയുമാണ് ഏഷ്യൻ നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രം.
ഈ മാസം അവസാനത്തോടെ ട്രംപ് ചൈനയിലേക്ക് യാത്ര തിരിക്കേണ്ടതായിരുന്നു. എന്നാൽ ഹോർമുസിലേക്ക് പടക്കപ്പലുകളെ അയക്കാനുള്ള നിർദേശം അവഗണിച്ചതിന്റെ പേരിൽ യാത്ര വൈകിപ്പിക്കാനാണ് ട്രംപിന്റെ തീരുമാനം.
ഏഷ്യൻ വിപണികളെല്ലാം ഇന്ന് നേട്ടത്തിലാണ്. ജപ്പാനിലെ നിക്കെയ് സൂചിക അരശതമാനത്തോളം ഉയർന്നു.
ഹോങ്കോങ് സൂചിക 1.5 ശതമാനവും ഷാന്‍ഹായ് സൂചിക 0.40 ശതമാനവും കൊറിയയിലെ കോസ്പി സൂചിക 2.4 ശതമാനവും നേട്ടത്തിലാണ്. ഓസ്ട്രേലിയൻ വിപണിയിലും പച്ച തെളിഞ്ഞു.
സ്വർണത്തിന് മടി
രാജ്യാന്തര വിപണിയിൽ സ്വർണവില കുറച്ചു ദിവസങ്ങളായി ഔൺസിന് 5,000 ഡോളറിൽ ചുറ്റിക്കറങ്ങുകയാണ്.
ഇന്ന് ഔൺസിന് 4,984 ലേക്ക് താഴ്ന്ന സ്വർണവില 5,028 ഡോളറിലേക്ക് ഉയർന്നു. നിലവിൽ 5,022 ഡോളറെന്ന നിലയിലാണ് വ്യാപാരം.
അമേരിക്കൻ ഡോളറിന്റെ ഡിമാൻഡ് വർധിച്ചതും യുഎസില്‍ അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കില്ലെന്ന പ്രതീക്ഷയുമാണ് സ്വർണത്തെ ബാധിക്കുന്നത്. ഇന്നലെ കേരളത്തിൽ രണ്ടു തവണയായി പവന് 1,640 രൂപ കുറഞ്ഞിരുന്നു.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ കേരളത്തിലെ സ്വർണ വ്യാപാരം. ഇന്ന് വില വർധിക്കാൻ സാധ്യതയുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

