
പ്രത്യക്ഷ നികുതിയായി കേന്ദ്ര ഖജനാവിൽ 25.86 ലക്ഷം കോടി; ഓഹരി ഇടപാട് നികുതിയിലും കുതിപ്പ് | നികുതി വരുമാനം | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് –
പ്രത്യക്ഷ നികുതിയായി കേന്ദ്ര ഖജനാവിൽ 25.86 ലക്ഷം കോടി; ഓഹരി ഇടപാട് നികുതിയിലും കുതിപ്പ്
Published: March 17 , 2025 08:31 PM IST
Updated: March 17, 2025 08:39 PM IST
1 minute Read
Finance Minister Nirmala Sitharaman (Photo by Sam PANTHAKY / AFP) File Photo
കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനം (Direct tax collections) നടപ്പു സാമ്പത്തിക വർഷം (2024-25) ഏപ്രിൽ മുതൽ മാർച്ച് 16 വരെയുള്ള കാലയളവിൽ 16.15% കുതിച്ച് 25.86 ലക്ഷം കോടി രൂപയിലെത്തി. കോർപ്പറേറ്റ്, കോർപ്പറേറ്റ് ഇതര (വ്യക്തിഗത ആദായനികുതി) നികുതി വരുമാനങ്ങളിലെ വർധനയാണ് നേട്ടമായതെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) വ്യക്തമാക്കി. ഓഹരി ഇടപാട് നികുതിയിലെ (Securitiex transaction tax/STT) വർധനയും കരുത്തായി.
മുൻവർഷത്തെ സമാനകാലത്തെ 10.1 ലക്ഷം കോടി രൂപയിൽ നിന്ന് 12.40 ലക്ഷം കോടി രൂപയായാണ് കോർപ്പറേറ്റ് നികുതിവരുമാനം വർധിച്ചത്. കോർപ്പറേറ്റ് ഇതര വരുമാനം 10.91 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 12.90 ലക്ഷം കോടി രൂപയായും മെച്ചപ്പെട്ടു. ഓഹരി ഇടപാടുകളിലൂടെ നേടുന്ന നികുതിവരുമാനമായ എസ്ടിടി 34,131 കോടി രൂപയിൽ നിന്ന് 53,095 കോടി രൂപയിലെത്തി.
അതേസമയം, സ്വത്ത് നികുതി (wealth tax) ഉൾപ്പെടെയുള്ള മറ്റ് നികുതി വരുമാനങ്ങൾ 3,656 കോടി രൂപയായിരുന്നത് 3,399 രൂപയായി കുറഞ്ഞു. ജനങ്ങളും കമ്പനികളും നേരിട്ട് കേന്ദ്രസർക്കാരിലേക്ക് അടയ്ക്കുന്ന നികുതിയാണ് പ്രത്യക്ഷ നികുതി. കോർപ്പറേറ്റ് നികുതി, വ്യക്തഗത ആദായനികുതി (personal income tax), എസ്ടിടി തുടങ്ങിയവ ഈ വിഭാഗത്തിലാണുള്ളത്.
Image : Shutterstock/ANDREI ASKIRKA
ഏപ്രിൽ 1-മാർച്ച് 16 കാലയളവിൽ കേന്ദ്രം 32.51% വർധനയോടെ 4.6 ലക്ഷം കോടി രൂപ നികുതി റീഫണ്ടും ചെയ്തിട്ടുണ്ട്. അതു കിഴിച്ചാൽ പ്രത്യക്ഷ നികുതി വരുമാനം (net direct tax collections) 21.26 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തെ സമാനകാലത്തെ 18.8 ലക്ഷം കോടി രൂപയേക്കാൾ 13.13% അധികം. ആഭ്യന്തര സമ്പദ്വ്യവസ്ഥ ഊർജസ്വലമാണെന്ന് വ്യക്തമാക്കുന്നതു കൂടിയാണ് പ്രത്യക്ഷ നികുതി വരുമാനത്തിലെ വളർച്ച. കേന്ദ്രസർക്കാരിനും ഇതു നേട്ടമാണ്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Direct Tax Collections Surge by 16.15%, Corporate and Personal Income Taxes Drive Growth.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
5o8ejl7dvg2jmp64hd5vnqsftv mo-business-incometax mo-business-capital-gain-tax 74at65i9lnnnob9av8n2nocf3j-list mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-tax