
കേരളത്തിൽ എല്ലാ ദിവസവും ചെറുതും വലുതുമായ സ്വർണക്കവർച്ചകളുടെ വാർത്തകളാണ്. അതുകൊണ്ടുതന്നെ സ്വർണം വീട്ടിൽ സൂക്ഷിക്കുന്നത് ഇന്നു വലിയ തലവേദനയാണ്. ഇനി സുരക്ഷ നോക്കി ബാങ്കു ലോക്കറിൽവച്ചാൽ നല്ല ഫീസ് നൽകണം. മാത്രമല്ല ലോക്കറിലെ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടാൽ ബാങ്കുകൾക്കു ബാധ്യതയില്ല എന്ന് റിസർവ് ബാങ്കുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജ്വല്ലറി ഇൻഷുറൻസിന്റെ പ്രാധാന്യം ഇവിടെയാണ്.
ബാങ്കു ലോക്കറിൽ സൂക്ഷിക്കുന്നതിനു പകരം സ്വർണം വീട്ടിൽ സൂക്ഷിച്ച് അതിനു ഇൻഷുറൻസ് പരിരക്ഷ എടുക്കുന്നതാണിത്. ഇവിടെ സ്വർണം ഏതെങ്കിലും തരത്തിൽ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കും എന്നതാണ് മെച്ചം. ബാങ്കുലോക്കറിനു വർഷാവർഷം മുടക്കുന്ന തുകകൊണ്ട് ആഭരണ ഇൻഷുറൻസ് എടുത്താൽ ന്യായമായ കവറേജ് നേടാം.
സ്വർണം നഷ്ടപ്പെട്ടാൽ?
ആഭരണങ്ങൾ വാങ്ങുമ്പോൾ ഇൻഷുറൻസും എടുക്കാം. ഇൻഷൂർ ചെയ്തിട്ടുള്ള സ്വർണം മോഷ്ടിക്കപ്പെട്ടാൽ ഉടൻ പൊലീസിൽ പരാതിപ്പെടുക. പൊലീസ് റിപ്പോർട്ടിനൊപ്പം ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടുക. പോളിസിയെ അടിസ്ഥാനമാക്കി നിങ്ങൾക്കു പണം തിരികെ നൽകിയേക്കാം.
ജുവലറികൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവ വഴി ഈ ഇൻഷുറൻസ് എടുക്കാം. എല്ലാത്തരം അപകടസാധ്യതകളും കണക്കിലെടുക്കുന്ന സമഗ്രമായ പ്ലാനുകൾ നിങ്ങൾക്കു തിരഞ്ഞെടുക്കാം. അടുത്തിടെ വിവാഹിതരായവർക്കും വീട്ടിൽ ധാരാളം ആഭരണങ്ങളുള്ളവർക്കും യാത്ര ചെയ്യുന്നവർക്കും ഈ ഇൻഷുറൻസ് ഗുണകരമാകും.
ആഭരണ ഇൻഷുറൻസ്
ജ്വല്ലറി ഇൻഷുറൻസിൽ വിവിധ ആഭരണങ്ങൾക്കും വിലപിടിപ്പുള്ള വസ്തുക്കൾക്കും കവറേജ് നേടാം. ആഭരണം നഷ്ടപ്പെട്ടാൽ അതു കവർ ചെയ്യും. വെള്ളപ്പൊക്കം, തീപിടിത്തം പ്രകൃതിദുരന്തം എന്നിവ മൂലമുള്ള നാശനഷ്ടങ്ങൾ കവർ ചെയ്യുന്ന ജ്വല്ലറി പോളിസികളുമുണ്ട്.
ഇൻഷൂർ ചെയ്ത ആഭരണത്തിനേ കവറേജുണ്ടാകൂ. മാറ്റിവാങ്ങിയാൽ വേറെ ഇൻഷുൻസ് എടുക്കണം. യഥാർഥ മൂല്യം വെളിപ്പെടുത്തിയില്ലെങ്കിൽ പിന്നീട് ക്ലെയിം നിരസിക്കപ്പെടാം. സ്വത്തു കണ്ടുകെട്ടുന്ന സാഹചര്യത്തിലും ഈ കവറേജ് ലഭിക്കില്ല.
Image Credits: raisbeckfoto/Istockphoto.com
ഹോം ഇൻഷുറൻസിൽ ആഭരണങ്ങളും
പല ഇൻഷുറൻസ് കമ്പനികളും ഹോം ഇൻഷുൻസിൽ ജ്വല്ലറികളും കവർ ചെയ്യുന്നുണ്ട്. എന്നാൽ എങ്ങനെ ആഭരണം നഷ്ടപെട്ടു, കേടുപാടുണ്ടായി എന്നു പോളിസിയുടമ തെളിയിക്കേണ്ടി വരും. തീപിടിത്തം മൂലമാണെങ്കിൽ അഗ്നിശമനസേനയുടെ റിപ്പോർട്ടും കവർച്ചയാണെങ്കിൽ എഫ്ഐആറും നൽകണം.
നഷ്ടപ്പെട്ട ആഭരണങ്ങളുടെ ശരിയായ മൂല്യനിർണയം നൽകേണ്ടതും ആവശ്യമാണ്. വിവരങ്ങൾ തൃപ്തികരമെങ്കിൽ മൂല്യത്തിനനുസരിച്ചു നഷ്ടപരിഹാരം ലഭിക്കും: എച്ച്ഡിഎഫ്സി എർഗോ, റിലയൻസ് ജനറൽ ഇൻഷുറൻസ്, റോയൽ സുന്ദരം, ഓറിയന്റൽ ഇൻഷുറൻസ് എന്നിവ ജ്വല്ലറി ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ പ്രമുഖ കമ്പനികളാണ്.
മാർച്ച് ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]