ഇറാൻ യുഎസ് സമാധാന ചർച്ചകൾ നടക്കാനിരിക്കെ രാജ്യാന്തര തലത്തിൽ ഓഹരി വിപണികൾ ജാഗ്രതയിൽ. ഇന്ന് ജനീവയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ഒമാന്റെ മധ്യസ്ഥതയിൽ ചര്‍ച്ച നടത്തുന്നത്.
അതിനിടയില്‍ ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈനിക അഭ്യാസം നടത്തിയതും മധ്യേഷ്യയിലേക്ക് യുഎസ് കൂടുതൽ സേനാ വിന്യാസം നടത്തിയതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. രാജ്യാന്തര ക്രൂഡ് ഓയിൽ വിതരണത്തിന്റെ 20 ശതമാനവും നടക്കുന്ന നിർണായക ഇടനാഴിയാണ് ഹോർമുസ് കടലിടുക്ക്.
യുഎസ് സൈനിക നടപടിയുണ്ടായാൽ മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതം തടയുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സൈനിക അഭ്യാസം നടത്തിയതെന്നാണ് ഇറാൻ പ്രതിരോധ വൃത്തങ്ങൾ വിശദീകരിക്കുന്നത്.
അതേസമയം, സമാധാന ചര്‍ച്ചയിൽ യുഎസും ഇറാനും ചില വിട്ടുവീഴ്ചകൾക്ക് തയാറായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
യുഎസ് ഉപരോധം തുടരുന്നത് സാമ്പത്തികമായി ബാധിച്ചതായാണ് ഇറാന്റെ വിലയിരുത്തൽ. നേരത്തെയുള്ള ആണവ കരാറുകളിൽ നിന്ന് വ്യത്യസ്തമായി യുഎസിന് കൂടി സാമ്പത്തിക നേട്ടമുണ്ടാകുന്ന നിർദേശങ്ങൾ അംഗീകരിക്കാമെന്നാണ് ഇറാന്റെ വിലയിരുത്തൽ.
ജനീവയിലെത്തിയ ഇറാറിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അർഗാച്ചി യുഎൻ അധികൃതരുമായി ചർച്ച നടത്തിയതും ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.
ഇന്ന് ഗിഫ്റ്റ് നിഫ്റ്റി 35 പോയിന്റോളം ഇടിവിലാണ് ഫ്യൂച്ചര്‍ വ്യാപാരം നടത്തുന്നത്. ഇന്ത്യൻ ഓഹരി വിപണി സൂചികകൾ നെഗറ്റീവായി വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചിക.
അതിനിടെ ഇന്ത്യ–യുഎസ് വ്യാപാര കരാറിലെ തുടർ ചർച്ചകൾ അടുത്ത ആഴ്ച നടക്കും. ഇതിനായി ഇന്ത്യൻ പ്രതിനിധികൾ യുഎസിലേക്ക് പോകും.
വ്യാപാര കരാർ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യക്ക് മേലുള്ള തീരുവ 18 ശതമാനമാക്കി കുറച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട
ചർച്ചകളും യുഎസില്‍ നടക്കും.
തിരിച്ചു വന്ന് വിപണി
ഇന്നലെ ഇടിവിൽ തുടങ്ങിയ ഓഹരി വിപണി മികച്ച നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. തുടക്കത്തിലെ ഇടിവിന് ശേഷം വില്പന സമ്മർദം രൂക്ഷമാകാത്തതും ബാങ്കിങ്, ഫാർമ, ഹെൽത്ത് കെയർ ഓഹരികൾ മികച്ച പിന്തുണ നൽകിയതുമാണ് വിപണിക്ക് നേട്ടമായത്.
മുഖ്യഓഹരി സൂചികയായ സെൻസെക്സ് 650.39 പോയിന്റ് ഉയർന്ന് 83,277.15ലെത്തി. നിഫ്റ്റിയാകട്ടെ 211.65 പോയിന്റ് കയറി 25,682.75ലുമെത്തി.
നിഫ്റ്റി ബാങ്ക് 1.27 ശതമാനവും ഐടി 0.50 ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 465 ലക്ഷം കോടി രൂപയിൽ നിന്ന് 468 ലക്ഷം കോടി രൂപയായി ഉയർന്നു.
ഒറ്റ ദിവസം കൊണ്ട് നിക്ഷേപകരുടെ പോക്കറ്റില്‍ അധികമായെത്തിയത് 3 ലക്ഷം കോടി രൂപ.
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് മാറ്റമില്ലാതെ 90.66 ൽ തുടർന്നു. ഇന്നലെ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് 972 കോടി രൂപയുടെ അറ്റഓഹരി വിൽപന നടത്തി.
പ്രാദേശിക നിക്ഷേപകർ 1,667 കോടി രൂപയുടെ ഓഹരി വാങ്ങിയതായും കണക്കുകൾ പറയുന്നു.
ഇന്നലെ അവധി ആയിരുന്നതിനാൽ യുഎസ് വിപണിയിൽ വ്യാപാരം നടന്നിരുന്നില്ല. ഇന്ന് യുഎസ് ഫ്യൂച്ചർ വ്യാപാരത്തിലും ആവേശം പ്രകടമല്ല.
ഡോ 0.03 ശതമാനവും നാസ്ഡാക് 0.11 ശതമാനവും നഷ്ടത്തിലാണ് ഫ്യൂച്ചർ വ്യാപാരം. എസ് ആൻഡ് പി ആകട്ടെ നേരിയ നേട്ടത്തിലും.
യുഎസിലെ പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നത് ഇക്കൊല്ലം അടിസ്ഥാന പലിശ നിരക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതാണ് വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തൽ.
അതേസമയം, ഇന്നലെ യൂറോപ്യൻ വിപണികൾ സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്.
ലണ്ടനിലെ എഫ്ടിഎസ്ഇ സൂചിക 0.26 ശതമാനവും ഫ്രാൻസിലെ സിഎസി 0.06 ശതമാനവും സ്പെയിനിലെ ഐബിഇഎക്സ് സൂചിക 0.99 ശതമാനവും നേട്ടത്തിലായി. എന്നാൽ ജർമനി, ഇറ്റലി സൂചികകൾ ഇടിഞ്ഞു.
ഇന്ന് ഏഷ്യൻ വിപണികളിലും കാര്യമായ കുതിച്ചു കയറ്റമില്ല.
ജപ്പാനിലെ നിക്കെയ് സൂചിക 0.68 ശതമാനം ഇടിവിലാണ്. രാജ്യത്തെ ജിഡിപി കണക്കുകൾ സാമ്പത്തിക നിലയെക്കുറിച്ചുള്ള ആശങ്ക ശക്തമാക്കിയതാണ് ഇടിവിന് കാരണം.
ചാന്ദ്രമാസം അനുസരിച്ചുള്ള പുതുവർഷത്തിന്റെ ഭാഗമായി ചൈനീസ്, ഹോങ്കോങ്, സിംഗപൂർ, തായ്വാൻ, ദക്ഷിണ കൊറിയ ഓഹരി വിപണികൾ ചൊവ്വാഴ്ചയും പ്രവർത്തിക്കില്ല.
സ്വർണം ഇടിയുന്നു
രാജ്യാന്തര വിപണിയിൽ സ്വർണവിലയിലെ ക്ഷീണം തുടരുകയാണ്. ഔൺസിന് 1.5 ശതമാനത്തോളം ഇടിവിൽ 4,965 ഡോളറെന്ന നിലയിലാണ് സ്വർണവില.
ഒരുവേള 4,932 ഡോളറിലേക്ക് ഇടിഞ്ഞെങ്കിലും പിന്നീട് നില മെച്ചപ്പെടുത്തുകയായിരുന്നു. ഇന്നലെ കേരളത്തിൽ സ്വർണം പവന് 960 രൂപ കുറഞ്ഞിരുന്നു.
ഇന്നും വില കുറയാനാണ് സാധ്യത. വെള്ളി വിലയും 1.5 ശതമാനത്തിലധികം ഇടിഞ്ഞ് ഔൺസിന് 76 ഡോളറെന്ന നിലയിലാണ്.
അതേസമയം, ഇറാൻ യുഎസ് സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുകയാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

