കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കാനിരിക്കേ, സ്വർണത്തിന്റെ നികുതി കുറയ്ക്കണമെന്നതുൾപ്പെടെ ഒട്ടേറെ ആവശ്യങ്ങളുമായി വ്യാപാരികൾ.
സ്വർണവില നിലവിൽ അനുദിനം റെക്കോർഡ് തകർത്ത് കുതിച്ചുകയറിയതോടെ പ്രയാസപ്പെടുന്നത് രാജ്യത്തെ സാധാരണക്കാരാണ്. ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽപോലും ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസും ചേർത്ത് മിനിമം 1.15 ലക്ഷം രൂപയിലധികം നൽകേണ്ട
സ്ഥിതി.
ഇപ്പോൾ ഔൺസിന് 4,600 ഡോളറിനടുത്തുള്ള രാജ്യാന്തര സ്വർണവില ഈ വർഷം 5,000 ഡോളർ കടക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില നികുതിയും പണിക്കൂലിയും കൂടാതെ തന്നെ 1.20 ലക്ഷം രൂപ ഭേദിക്കും.
പണിക്കൂലിയും നികുതിയും മറ്റും ചേർന്നാലുള്ള വാങ്ങൽവില 1.40 ലക്ഷം രൂപയ്ക്കടുത്തുമാകും.
അതേസമയം, ഇക്കുറി ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ കനിഞ്ഞാൽ സ്വർണം വാങ്ങൽ എളുപ്പമാകുമെന്ന് ഒരുവിഭാഗം വ്യാപാരികൾ പറയുന്നു. നിലവിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വർണം വാങ്ങാൻ ഉപയോക്താക്കൾക്ക് കഴിയും.
എന്നാൽ, ഇഎംഐ (പ്രതിമാസ തവണ വ്യവസ്ഥ) സൗകര്യമില്ല.
റിസർവ് ബാങ്കുമായി ചർച്ച ചെയ്ത് ഇഎംഐ സൗകര്യം ഏർപ്പെടുത്തിയാൽ സാധാരണക്കാർക്ക് ഒറ്റയടിക്ക് വലിയതുക ചെലവഴിച്ച് സ്വർണം വാങ്ങുന്ന അവസ്ഥ ഒഴിവാക്കാമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ധനമന്ത്രിക്ക് നൽകിയ നിവേദനം ചൂണ്ടിക്കാട്ടുന്നു.
സ്വർണത്തിന് നിലവിൽ ജിഎസ്ടി 3 ശതമാനമാണ്. ജിഎസ്ടി സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ജിഎസ്ടി കൗൺസിൽ ആണെങ്കിലും ഇക്കാര്യത്തിന് മുൻകൈ എടുക്കാൻ കേന്ദ്രത്തിന് കഴിയും.
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റിലായിരുന്നു സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് ഒറ്റയടിക്ക് 6 ശതമാനമായി കുറച്ചത്.
ഇതോടെ പവന് ഒറ്റയടിക്ക് 4,000 രൂപയോളം കുറയുകയും ചെയ്തിരുന്നു. എന്നാൽ, വില അനുദിനം കുതിച്ചുകയറിയതിനാൽ തീരുവയിളവിന്റെ ആനുകൂല്യം ഫലത്തിൽ സാധാരണക്കാർക്ക് കിട്ടിയിട്ടില്ല.
അതേസമയം, ഇറക്കുമതി തീരുവ കുറച്ചത് സ്വർണക്കള്ളക്കടത്ത് ഏറക്കുറെ കുറയാൻ വഴിയൊരുക്കിയിട്ടുണ്ട്.
ഇറക്കുമതി തീരുവ 5 ശതമാനത്തിനു താഴെയാക്കണമെന്ന ആവശ്യവും ശക്തമാണ്. സ്വർണത്തിന്റെ ഇറക്കുമതിക്ക് പകരം ആഭ്യന്തരതലത്തിലുള്ള സ്വർണം പുനരുപയോഗത്തിന് ലഭ്യമാക്കുന്ന പദ്ധതി വേണമെന്ന ആവശ്യവുമുണ്ട്.
നിലവിൽ ഏകദേശം 28,000 ടൺ സ്വർണം ഇന്ത്യയിലെ വീടുകളിൽ ‘ഉറങ്ങിക്കിടപ്പുണ്ട്’ എന്നാണ് അനൗദ്യോഗിക കണക്ക്. ലോകത്ത് ഇതുവരെ ഖനനം ചെയ്ത മൊത്തം സ്വർണത്തിന്റെ ഏകദേശം 10 ശതമാനം വരുമിത്.
പ്രതിവർഷം ശരാശരി 800 ടൺ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
ഇതിനായി 5-6 ലക്ഷം കോടി രൂപ ചെലവാക്കുന്നുമുണ്ട്. അതേസമയം, വീടുകളിലെ സ്വർണം രാജ്യപുരോഗതിക്ക് ഉപകാരപ്പെടുത്താനും വിപണിയിൽ പുനരുപയോഗത്തിനും ലഭ്യമാക്കുന്ന പദ്ധതി കൊണ്ടുവന്നാൽ ഇറക്കുമതി കുറയ്ക്കാനാകുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
വീടുകളിൽ വെറുതേയിരിക്കുന്ന സ്വർണം ബാങ്കുകളിൽ നിക്ഷേപിച്ച് പലിശ നേടാവുന്ന പദ്ധതി അവതരിപ്പിക്കണം.
ഇങ്ങനെ നിക്ഷേപിക്കുന്ന സ്വർണം, സ്വർണവ്യാപാരികൾക്ക് ‘ലോൺ’ ആയി അനുവദിക്കണം. ഇത് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കും.
മറ്റൊരു ആവശ്യം, കണക്കിൽപ്പെടാത്തതും രേഖകളില്ലാത്തതുമായ സ്വർണം വെളിപ്പെടുത്താനുള്ള പദ്ധതിയാണ്.
10-20% നികുതിയോടെ ഈ പദ്ധതി ആവിഷ്കരിക്കണം. 28,000 ടൺ സ്വർണത്തിൽ 5,000 സ്വർണം മാത്രം വെളിപ്പെടുത്തിയാൽപോലും നികുതിയനത്തിൽ വൻതുക സ്വന്തമാക്കാൻ സർക്കാരിന് കഴിയും.
രാജ്യത്ത് സ്വർണാഭരണ നിർമാണം പ്രോത്സാഹിപ്പിക്കാനായി ബുള്ള്യൻ പാർക്കുകളും ജ്വല്ലറി മാനുഫാക്ചറിങ് കേന്ദ്രങ്ങളും പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യവും വ്യാപാരികൾ ഉന്നയിക്കുന്നു.
കയറ്റുമതി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന എംഎസ്എംഇകൾക്ക് ഇൻസെന്റീവുകളും ലഭ്യമാക്കണം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

