റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഒക്ടോബറിലും രണ്ടാംസ്ഥാനം നിലനിർത്തി ഇന്ത്യ. കഴിഞ്ഞമാസം 2.5 ബില്യൻ ഡോളർ (ഏകദേശം 22,100 കോടി രൂപ) മതിക്കുന്ന റഷ്യൻ എണ്ണയാണ് ഇന്ത്യ വാങ്ങിയതെന്ന് ഹെൽസിങ്കി ആസ്ഥാനമായ റിസർച് ഓൺ എനർജി ആൻഡ് ക്ലീൻ എയറിന്റെ (സിആർഇഎ) കണക്കുകൾ വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞമാസം രണ്ട് വമ്പൻ റഷ്യൻ എണ്ണ കയറ്റുമതിക്കമ്പനികൾക്കുമേൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു.
ഉപരോധം പ്രാബല്യത്തിൽ വരുംമുൻപേയുള്ള കരാർ പ്രകാരമുള്ള ഇറക്കുമതിയാണ് കഴിഞ്ഞമാസം ഇന്ത്യ നടത്തിയത്. നവംബറിലും ഇപ്രകാരമുള്ള റഷ്യൻ എണ്ണ ഇന്ത്യയിലെത്തും.
ഉപരോധത്തെ തുടർന്ന്, റഷ്യൻ കമ്പനികളുമായി പുതിയ കരാറുകളിൽ എത്തുന്നതിൽനിന്ന് ഒട്ടുമിക്ക ഇന്ത്യൻ കമ്പനികളും വിട്ടുനിൽക്കുകയാണ്. അതുകൊണ്ട്, ഉപരോധത്തിന്റെ പ്രതിഫലനം ഡിസംബർ മുതലുള്ള ഇറക്കുമതിയിലാകും പ്രകടമായേക്കുക.
റഷ്യയുടെ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ എണ്ണക്കമ്പനികൾക്കാണ് ഉപരോധം ബാധകം.
യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധത്തിന് അറുതിവരുത്തുകയും വരുമാനം തടഞ്ഞ് പ്രസിഡന്റ് പുട്ടിനെ സമാധാന ചർച്ചകൾക്ക് നിർബന്ധിതനാക്കുകയുമാണ് ഉപരോധത്തിലൂടെ ട്രംപും യൂറോപ്യൻ യൂണിയനും ലക്ഷ്യമിടുന്നത്.
3.7 ബില്യൻ ഡോളറിന്റെ (33,000 കോടി രൂപ) റഷ്യൻ എണ്ണ വാങ്ങിയ ചൈനയാണ് കഴിഞ്ഞമാസവും ഒന്നാമത്. ക്രൂഡോയിൽ ഉൾപ്പെടെ മൊത്തം 3.1 ബില്യൻ ഡോളറിന്റെ (27,500 കോടി രൂപ) ഫോസിൽ ഇന്ധനങ്ങളാണ് കഴിഞ്ഞമാസം ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്.
5.8 ബില്യൻ ഡോളറിന്റേതാണ് (51,400 കോടി രൂപ) ചൈനയുടെ ഇറക്കുമതി. 2.7 ബില്യനുമായി തുർക്കി (24,000 കോടി രൂപ) മൂന്നാമതും 1.1 ബില്യനുമായി (9,800 കോടി രൂപ) യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങൾ നാലാമതുമാണ്.
റഷ്യയ്ക്കെതിരായ ഉപരോധത്തിൽ യൂറോപ്യൻ യൂണിയൻ രണ്ടുതട്ടിലാണെന്നും ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
റഷ്യയുടെ കൽക്കരി ഇറക്കുമതി ചെയ്യുന്നതിലും ചൈനയ്ക്കാണ് ഒന്നാംസ്ഥാനം. ഇന്ത്യ രണ്ടാമതും തുർക്കി മൂന്നാമതുമാണ്.
351 മില്യന്റെ (3,100 കോടി രൂപ) കൽക്കരിയായിരുന്നു കഴിഞ്ഞമാസത്തെ ഇന്ത്യയുടെ ഇറക്കുമതി. 222 മില്യന്റെ (1,950 കോടി രൂപ) മറ്റ് എണ്ണ ഉൽപന്നങ്ങളും ഇന്ത്യ വാങ്ങി.
റഷ്യയിൽ നിന്ന് എണ്ണ ഉൽപന്നങ്ങൾ ഏറ്റവുമധികം വാങ്ങുന്നത് തുർക്കിയാണ്; കഴിഞ്ഞമാസത്തെ ഇറക്കുമതി 957 മില്യന്റേതായിരുന്നു (8,500 കോടി രൂപ). ഇതിൽ പാതിയും ഡീസലുമായിരുന്നു.
യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങൾ ഒരുവശത്ത് റഷ്യയ്ക്കുമേൽ ഉപരോധം പ്രഖ്യാപിക്കുകയും മറുവശത്ത് റഷ്യൻ ക്രൂഡ് ഓയിലും എൽഎൻജിയും വാങ്ങുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞമാസം പൈപ്പ്ലൈൻ വഴി 824 മില്യന്റെ (7,300 കോടി രൂപ) എൽഎൻജി അവർ വാങ്ങി; ക്രൂഡ് ഓയിൽ ഇറക്കുമതി 311 മില്യൻ (2,700 കോടി രൂപ). ഏകദേശം 400 മില്യന്റെ (3,500 കോടി രൂപ) റഷ്യൻ ഫോസിൽ ഇന്ധനങ്ങൾ വാങ്ങി ദക്ഷിണ കൊറിയയാണ് 5-ാം സ്ഥാനത്തെന്നും റിപ്പോർട്ടിലുണ്ട്.
എങ്കിലും, റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘പിഴച്ചുങ്കം’ ഏർപ്പെടുത്തിയ രാജ്യം ഇന്ത്യ മാത്രമാണ്.
25% അധികത്തീരുവയാണ് ട്രംപ് ഇന്ത്യയ്ക്കുമേൽ ചുമത്തിയത്. യുക്രെയ്നെതിരായ പുട്ടിന്റെ യുദ്ധയന്ത്രത്തിന് ഇന്ധനം പകരുന്നത് എണ്ണ ഇറക്കുമതി കുത്തനെക്കൂട്ടിക്കൊണ്ട് ഇന്ത്യയാണെന്നാണ് അമേരിക്കയുടെ വാദം.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുൻപ് ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതി വിഹിതം ഒരു ശതമാനത്തിലും താഴെയായിരുന്നു.
യുദ്ധാനന്തരം റഷ്യ വൻതോതിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഡിസ്കൗണ്ട് വാഗ്ദാനം ചെയ്തു. ഇതു സുവർണാവസരമാക്കിയ ഇന്ത്യ വൻതോതിൽ റഷ്യൻ എണ്ണ വാങ്ങി.
അതോടെ, റഷ്യയുടെ വിഹിതം 40 ശതമാനത്തിലേക്കുവരെ ഉയർന്നിരുന്നു. ഇതിനെയാണ് അമേരിക്ക വിമർശിക്കുന്നത്.
എന്നാൽ, ഉപഭോഗത്തിന്റെ 85-90% എണ്ണയ്ക്കും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും വിപണിയിലെ അനുകൂല സാഹചര്യങ്ങൾ, ഉപഭോക്താക്കളുടെ താൽപ്പര്യം എന്നിവ മുൻനിർത്തിയാണ് ഇന്ത്യ കുറഞ്ഞവിലയ്ക്ക് കിട്ടിയ എണ്ണ വാങ്ങിയതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
യുദ്ധാനന്തരം ഇന്ത്യ വൻതോതിൽ റഷ്യൻ എണ്ണ വാങ്ങിയില്ലായിരുന്നെങ്കിൽ രാജ്യാന്തര എണ്ണവില ബാരലിന് 150 ഡോളർ കടക്കുമായിരുന്നു എന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. നിലവിൽ ഏറെക്കാലമായി വില 60-65 ഡോളർ നിലവാരത്തിൽ തുടരുകയാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

