ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പ്രഖ്യാപനം ഈ മാസം തന്നെയുണ്ടാകുമെന്ന് സൂചന. കരാർ സംബന്ധിച്ച് ഇന്ത്യയുടെയും യുഎസിന്റെയും പ്രതിനിധികൾ തമ്മിലെ ചർച്ചകൾ പൂർത്തിയായി.
കരാറിനായുള്ള ഇന്ത്യയുടെ ആവശ്യങ്ങളടങ്ങിയ പ്രൊപ്പോസൽ യുഎസിന് സമർപ്പിച്ചു. ഇനി അന്തിമ തീരുമാനമെടുക്കേണ്ടത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണെന്നാണ് ഇന്ത്യയുടെ നിലപാട്.
മറ്റ് ഏഷ്യൻ രാജ്യങ്ങൾക്ക് യുഎസ് പൊതുവേ ചുമത്തിയ 19-20 ശതമാനം താരിഫിനേക്കാൾ കുറവായിരിക്കും ഇന്ത്യയ്ക്ക് ചുമത്തുക.
യൂറോപ്യൻ യൂണിയനുമേലുള്ള 15 ശതമാനത്തേക്കാൾ കുറഞ്ഞ താരിഫ് മതിയെന്നാണ് ഇന്ത്യയുടെ ആവശ്യം. 12 ശതമാനത്തിനായാണ് ഇന്ത്യ വാദിക്കുന്നതും.
നിലവിൽ 50% തീരുവയാണ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യുഎസ് ചുമത്തുന്നത്. ഇതിൽ 25% റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിലുള്ള ‘പിഴച്ചുങ്ക’മാണ്.
ഏറ്റവും മികച്ച ഡീൽ
റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ പൂർണമായി നിർത്തുകയോ നിശ്ചിത പരിധിയിലേക്ക് വെട്ടിക്കുറയ്ക്കുകയോ ചെയ്താൽ ഇന്ത്യയ്ക്കുമേലുള്ള തീരുവയും കുറയ്ക്കുമെന്ന് ട്രംപ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുമായി ഏറ്റവും മികച്ച ഡീൽ ആണ് പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, യുഎസിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായി ട്രംപ് ഭരണകൂടം കഴിഞ്ഞദിവസം ഒട്ടേറെ കാർഷിക ഉൽപന്നങ്ങളുടെ തീരുവ വെട്ടിച്ചുറച്ചിരുന്നു. കാപ്പി, തേയില, പഴവർഗങ്ങൾ സുഗന്ധവ്യഞ്ജനങ്ങൾ, തക്കാളി, ബീഫ്, കൊക്കോ, വാഴപ്പഴം തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട
ഉൽപന്നങ്ങളുടെ തീരുവയാണ് കുറച്ചത്. യുഎസ് ഇറക്കുമതി ചെയ്യുന്ന 5,060 കോടി ഡോളർ മതിക്കുന്ന ഉൽപന്നങ്ങൾക്കാണ് ഇളവ് ബാധകം.
ഇതിൽ പക്ഷേ, ഇന്ത്യയുടെ പങ്ക് 54.8 കോടി ഡോളർ മാത്രമായതിനാൽ കാര്യമായ നേട്ടമില്ല.
ബിഹാർ വിജയം തുറുപ്പുചീട്ട്
കൃഷിക്ക് വൻ പ്രാമുഖ്യമുള്ള ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ മിന്നുന്ന വിജയം ഇന്ത്യ-യുഎസ് ഡീലിൽ അതിവേഗം തീരുമാനങ്ങളിലേക്ക് കടക്കാൻ കേന്ദ്രസർക്കാരിന് കരുത്താകുമെന്നാണ് പൊതുവിലയിരുത്തൽ. നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം ചോളം ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ.
യുഎസിന്റെ കാർഷിക ഉൽപന്നങ്ങൾക്ക് ഇന്ത്യ തീരുവ ഇളവ് നൽകണമെന്ന ആവശ്യമാണ് വ്യാപാരച്ചർച്ചയിൽ ട്രംപ് ഭരണകൂടം പ്രധാനമായും മുന്നോട്ടുവച്ചത്.
ഇന്ത്യയിലെ കർഷകരുടെ താൽപ്പര്യം സംരക്ഷിച്ചുകൊണ്ടുതന്നെ, നിബന്ധനകളോടെ അമേരിക്കയിൽനിന്ന് ചോളവും സോയാബീനും ചില പാലുൽപന്നങ്ങളും വാങ്ങാൻ കേന്ദ്രം തയാറായേക്കും. തിരഞ്ഞെടുപ്പ് ഫലം മറിച്ചായിരുന്നെങ്കിൽ അമേരിക്കൻ സമ്മർദത്തിന് വഴങ്ങി സമവായത്തിലേക്ക് കടക്കാൻ കേന്ദ്രത്തിന് കഴിയുമായിരുന്നില്ല.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതും കർഷക വോട്ടുകളുടെ പ്രാമുഖ്യമുള്ള ബംഗാൾ, തമിഴ്നാട് സംസ്ഥാനങ്ങളിലാണെന്നതും കേന്ദ്രത്തിന് നിർണായകമാണ്. ബംഗാളിൽ ഭരണംപിടിക്കുമെന്ന പ്രഖ്യാപനം ബിജെപി നടത്തിക്കഴിഞ്ഞു.
അതുകൊണ്ടുതന്നെ, തിരഞ്ഞെടുപ്പിൽ പിടിച്ചുനിൽക്കണമെങ്കിൽ കർഷക താൽപ്പര്യം സംരക്ഷിക്കേണ്ടതും കേന്ദ്രത്തിന് അനിവാര്യമാണ്.
വാഹനങ്ങളിലെ ഇന്ധനത്തിനൊപ്പം ചേർക്കാനുള്ള എഥനോൾ ഉൽപാദനം ഉന്നമിട്ടുമാത്രം അമേരിക്കൻ ചോളം വൻതോതിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യ സമ്മതം മൂളിയേക്കുമെന്നാണ് സൂചനകൾ. അതേസമയം, ജനിതകമാറ്റം വരുത്തിയ കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതി (genetically modified crop imports) ഇന്ത്യ നിരോധിച്ചിട്ടുണ്ട്.
യുഎസിന്റെ ചോളമാകട്ടെ 90 ശതമാനത്തിലധികം ഈയിനത്തിലുള്ളതാണ്. അതുകൊണ്ട്, ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് തയാറാകുമോ എന്ന് കണ്ടറിയണം.
സ്വിറ്റ്സർലൻഡിന് വൻ ആശ്വാസം
കഴിഞ്ഞ ഏപ്രിലിൽ ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചപ്പോൾ ഏറ്റവുമധികം തീരുവ ചുമത്തപ്പെട്ട
രാജ്യങ്ങളിലൊന്നായിരുന്നു സ്വിറ്റ്സർലൻഡ്. 39% തീരുവ ചുമത്തിയ ട്രംപിന്റെ നടപടി സ്വിറ്റ്സർലൻഡിനെ ഞെട്ടിച്ചിരുന്നു.
അമേരിക്കയുമായി വ്യാപാര ഡീലിലെത്താൻ സ്വിസ് പ്രതിനിധികളുമായി നടന്ന ചർച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ട്രംപ് 39% തീരുവ പ്രഖ്യാപിച്ചത്.
എന്നാൽ, കഴിഞ്ഞദിവസം നടന്ന ചർച്ചകളിൽ ഇരു രാജ്യങ്ങളും സമവായത്തിലെത്തുകയും തീരുവ 15 ശതമാനത്തിലേക്ക് വെട്ടിക്കുറയ്ക്കാമെന്ന് യുഎസ് അറിയിക്കുകയുമായിരുന്നു.
പുതിയ വ്യാപാര ഡീൽ പ്രകാരം സ്വിസ് കമ്പനികൾ യുഎസിൽ 200 ബില്യൻ ഡോളറിന്റെ നിക്ഷേപവും നടത്തും. മാനുഫാക്ചറിങ്, സ്വർണം, റെയിൽവേ, വിദ്യാഭ്യാസം, ഫാർമ തുടങ്ങിയ മേഖലകളിൽ 2028 ഡിസംബറിനകമായിരിക്കും സ്വിസ് നിക്ഷേപം.
ഒട്ടേറെ യുഎസ് ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് സ്വിറ്റ്സർലൻഡ് ഇറക്കുമതി തീരുവയിൽ ഇളവും അനുവദിക്കും.
ട്രംപിന്റെ വിജയതന്ത്രം
നിലവിൽ യുകെ, യൂറോപ്യൻ യൂണിയൻ, ചൈന, ഓസ്ട്രേലിയ, കാനഡ, ജപ്പാൻ, ദക്ഷിണ കൊറിയ, കിഴക്കനേഷ്യൻ രാജ്യങ്ങൾ തുടങ്ങി ഒട്ടുമിക്ക വ്യാപാര പങ്കാളികളുമായും യുഎസ് പ്രാഥമിക വ്യാപാരക്കരാറിലേക്ക് കടന്നുകഴിഞ്ഞു. തീരുവ പ്രഖ്യാപനം വഴി ചർച്ചകൾക്ക് നിർബന്ധിതരാക്കാനും അതുവഴി യുഎസിന് അനുകൂലമായ കരാർ നേടിയെടുക്കാനും ട്രംപിന്റെ ‘തീരുവ പദ്ധതി’ വിജയിക്കുകയും ചെയ്തു.
മിക്ക രാജ്യങ്ങളും യുഎസ് ഉൽപന്നങ്ങൾക്കുമേലുള്ള തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്തു.
യുഎസിൽ വൻതോതിലുള്ള നിക്ഷപ വാഗ്ദാനങ്ങൾ നേടിയെടുക്കാനും ട്രംപിന് കഴിഞ്ഞു. സമാനമായ ഡീൽ ആണ് ഇന്ത്യയിൽ നിന്നും ട്രംപ് പ്രതീക്ഷിച്ചത്.
എന്നാൽ, കർഷക താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതോടെ ചർച്ചകൾ നീളുകയായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

