ജോലിയുണ്ട്, പക്ഷേ, വലിയ സമ്പാദ്യം ഉണ്ടാക്കാൻ പറ്റുന്ന ജോലിയല്ല, പെൻഷനും ഉണ്ടാകില്ല. അല്ലെങ്കിൽ പെൻഷനുണ്ടെങ്കിലും പ്രായമാകുമ്പോഴുള്ള ചെലവുകൾ താങ്ങാൻ കഴിയില്ല. എന്തു ചെയ്യും?
അരിഷ്ടിച്ചു ജീവിച്ചിട്ടു കിട്ടുന്ന കാശു മുഴുവൻ സമ്പാദിച്ചാലും കാര്യമില്ല. ഈ പ്രശ്നം പരിഹരിക്കാൻ പണ്ടുമുതൽതന്നെ സാധാരണക്കാർ ചെയ്യുന്ന സംഗതിയാണ് ദൂരെ വിലകുറഞ്ഞ സ്ഥലം നോക്കി വാങ്ങിയിടുക എന്നത്. അടുത്ത പത്തോ, ഇരുപതോ വർഷത്തേക്ക് അതു വിൽക്കാൻ ഉദ്ദേശിക്കുന്നില്ല. ജോലിയിൽനിന്നു വിരമിക്കുമ്പോഴേക്കും സ്ഥലവില കൂടുമെന്നും അപ്പോൾ വിറ്റ് വലിയ ചെലവുകൾ നടത്താമെന്നുമായിരിക്കും ചിന്ത. അഥവാ മകളുടെ വിവാഹംപോലുള്ള ചെലവുകൾ ജോലിയിൽ നിന്നു സമ്പാദിച്ച തുകകൊണ്ടു നടത്തിയിട്ട് ശിഷ്ടകാലത്തെ ചെലവുകൾക്കായി സ്ഥലംവിറ്റ പണം ബാങ്കിൽ എഫ്ഡിയായി ഇടുന്നു. ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടു നിൽക്കേണ്ട. വളരെ മാന്യമായ രീതി.
ഇതിനു വേറൊരു വേർഷനുമുണ്ട്. ജോലി ചെയ്യുന്ന സ്ഥലത്ത് ഭവനവായ്പയെടുത്ത് ഒരു വീട് തട്ടിക്കൂട്ടുക. അവിടെ താമസിക്കുക. വിരമിക്കാറാവുമ്പോഴേക്കും ആ വായ്പ അടച്ചു തീർത്തിരിക്കും. നാട്ടിൽ കുറച്ചു സ്ഥലമോ, പഴയ വീടോ ഉണ്ടെങ്കിൽ വിരമിച്ചശേഷം അവിടെ ചെറിയൊരു വീടുവച്ചോ, പഴയതു പുതുക്കിയോ അങ്ങോട്ടു മാറും. എന്നിട്ട് വായ്പയെടുത്തു നിർമിച്ച വീടു വിൽക്കുക. പത്തിരുപതു വർഷം പഴക്കമുള്ള വീടിനും സ്ഥലത്തിനും അപ്പോഴേക്കും വൻ വില ലഭിക്കുകയും ചെയ്യും.
ആർക്കും പരീക്ഷിക്കാവുന്ന രീതികളാണിത്. ഭൂമിയിലാവുമ്പോൾ വലിയ റിസ്കില്ല. പക്ഷേ, വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയാൽ വിൽക്കാൻ പ്രയാസമാവുന്നതായാണു കാണുന്നത്. അല്ലെങ്കിൽ പ്ലോട്ട്തിരിച്ച് വിൽക്കാൻ പറ്റുന്നതായിരിക്കണം. 5 സെന്റ്പോലുള്ള വീടുവയ്ക്കാൻ പറ്റുന്നതരം തുണ്ടുഭൂമി വേഗം വിറ്റുപോകുന്നു.
പെൺമക്കളുണ്ടെങ്കിൽ ചെറിയ പ്രായത്തിൽതന്നെ സ്വർണം കുറേശ്ശെ വാങ്ങുന്ന രീതി വ്യാപകമാണ്. വിവാഹം ഉറപ്പിച്ചശേഷം സ്വർണം വാങ്ങാൻചെന്നാൽ വില എടുത്താൽ പൊങ്ങില്ല. കുട്ടിക്കാലത്തുതന്നെ ഭാവിയിലേക്കായി ഓരോ പവൻ വാങ്ങി ബാങ്ക് ലോക്കറിലോ, മറ്റോ സൂക്ഷിച്ചുവയ്ക്കുക. പവന് 5,000 രൂപയ്ക്കു വാങ്ങിയത് ഇപ്പോൾ 57,000 രൂപയുടെ കാലത്ത് ഉപകാരപ്പെട്ടവരുണ്ടേറെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]