കൊച്ചി∙ ജീവനക്കാർക്ക് വിരമിക്കൽ പ്രായം നിശ്ചയിച്ചിട്ടില്ല, ജോലി വിട്ടു പോകുന്നവർ അപൂർവം, അവരെ റിക്രൂട്ട് ചെയ്യുന്നതോ ‘ഗ്ലാമർ’ ഇല്ലാത്ത കോളജുകളിൽ നിന്ന്, പ്രവർത്തനം നാട്ടിൻപുറങ്ങളിൽ… ഇങ്ങനെയൊരു ഫിലോസഫി വിജയകരമായി നടപ്പാക്കിയിട്ടുള്ള ഇരട്ട ഐടി കമ്പനികളുണ്ട്. സോഹോ കോർപറേഷനും മാനേജ് എൻജിനും.
ചെന്നൈ ഐഐടിയിലെ വിദ്യാർഥികൾ തൊണ്ണൂറുകളുടെ തുടക്കത്തിൽ രൂപം കൊടുത്ത സ്റ്റാർട്ടപ്പാണിത്. ആഡ്വെന്റ് നെറ്റ് എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് ഇരട്ട കമ്പനികളായി. ചെന്നൈയിൽ നിന്നു 30 കിലോമീറ്റർ ദൂരെ ഗുഡുവാഞ്ചേരിയിൽ 50 ഏക്കർ ക്യാംപസിലേക്കു മാറി. സോഹോയിലും മാനേജ് എൻജിനിലുമായി അവിടെ ഏകദേശം 12,000 ടെക്കികളുണ്ട്. കേരളത്തിൽ, വൻ നഗരങ്ങളിലെ ടെക്നോപാർക്കിലോ ഇൻഫോപാർക്കിലോ സ്ഥലമെടുക്കുന്നതിനു പകരം കൊട്ടാരക്കരയിലാണു തുടങ്ങിയത്.
190 രാജ്യങ്ങളിൽ പ്രവർത്തനവും 2 ലക്ഷത്തിലേറെ കമ്പനികളുമായി ഇടപാടുമുണ്ട്. ഇന്ത്യയിൽ 10000 കമ്പനികളുമായി ഇടപാട്. ആകെ 18,000 ജീവനക്കാർ. ആരും വിട്ടുപോകാറില്ലാത്തതിനാൽ ഇരുപതുകളിലും അറുപതുകളിലുമെത്തിയവരുണ്ട്.
കമ്പനികളിലും ബാങ്കിങ്–ഇൻഷുറൻസ് സ്ഥാപനങ്ങളിലും എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ട സോഫ്റ്റ്വെയർ ഉൽപന്നങ്ങൾ സോഹോ നൽകുമ്പോൾ അവിടങ്ങളിലെ ഐടി വിഭാഗത്തിനു വേണ്ട ‘ടൂൾസ്’ മാനേജ് എൻജിൻ നൽകുന്നു. കമ്പനികളുടെ നെറ്റ്വർക്, ഡേറ്റ സെന്റർ, ആപ്ലിക്കേഷൻസ് എന്നിവയുടെ മാത്രമല്ല സർവ ജീവനക്കാരുടെയും ലാപ്ടോപ്പുകളുടെയും സുരക്ഷ നോക്കി നടത്താനുള്ള സോഫ്റ്റ്വെയറുകളാണ് ടൂൾസ്.!
കൊട്ടാരക്കരയിൽ 3 ഏക്കർ സ്ഥലം വാങ്ങി ക്യാംപസ് വിപുലീകരിക്കുകയാണെന്ന് മാനേജ് എൻജിൻ വൈസ് പ്രസിഡന്റും സഹസ്ഥാപകനുമായ ശൈലേഷ് ഡേവി അറിയിച്ചു.
അതനുസരിച്ച് കൂടുതൽ പേരെ റിക്രൂട്ട് ചെയ്യും. സാധാരണക്കാരെ റിക്രൂട്ട് ചെയ്തു പരിശീലനം നൽകി നാട്ടിൻപുറങ്ങളിൽ പ്രവർത്തിക്കുക എന്ന ശൈലിയുടെ ഭാഗമാണിതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]