തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ കയറ്റുമതി പ്രോത്സാഹനം, ലോജിസ്റ്റിക്സ്, ഇഎസ്ജി (എൻവയൺമെന്റൽ, സോഷ്യൽ ആൻഡ് ഗവേണൻസ്) നയങ്ങളും ഹൈടെക് ഫ്രെയിംവർക്കും മന്ത്രി പി.രാജീവ് പ്രകാശനം ചെയ്തു. പുതിയ വ്യവസായ നയത്തിന്റെ തുടർച്ചയായാണു വ്യത്യസ്ത മേഖലകളെ സമഗ്രമായി ഉൾക്കൊള്ളുന്ന ഉപമേഖലാ നയങ്ങൾ തയാറാക്കിയത്.
2027-28ൽ കയറ്റുമതി 20 ബില്യൻ യുഎസ് ഡോളറിലെത്തുക എന്ന ലക്ഷ്യം വയ്ക്കുന്നതാണു കയറ്റുമതി പ്രോത്സാഹന നയമെന്നു മന്ത്രി പറഞ്ഞു.
സമുദ്രോൽപന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, എൻജിനീയറിങ് ഉൽപന്നങ്ങൾ, പെട്രോളിയം ഉൽപന്നങ്ങൾ എന്നീ മേഖലകളിലാണു നിലവിൽ കയറ്റുമതി കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതു ബയോടെക്നോളജി, ലൈഫ് സയൻസസ്, എയ്റോസ്പേസ്, പ്രതിരോധം, ഇലക്ട്രോണിക്സ്, ആയുർവേദം, ഫാർമസ്യൂട്ടിക്കൽസ്, ഐടി, ടൂറിസം, ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെ ഉയർന്ന മൂല്യമുള്ള മേഖലകളിലേക്കു വ്യാപിപ്പിക്കുക എന്നതാണു ലക്ഷ്യം.
സംസ്ഥാന കയറ്റുമതി പ്രമോഷൻ കമ്മിറ്റി, ജില്ലാ കയറ്റുമതി പ്രമോഷൻ കമ്മിറ്റികൾ, സംസ്ഥാന കയറ്റുമതി ഫെസിലിറ്റേഷൻ ഡെസ്ക് എന്നിവ ഉൾപ്പെടുന്ന മൾട്ടി-ടയർ ഫെസിലിറ്റേഷൻ ഘടന സ്ഥാപിക്കും. സംസ്ഥാനത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുന്നതിനും കേരളത്തിലുടനീളം ലോജിസ്റ്റിക് പാർക്കുകളുടെ ശൃംഖല സൃഷ്ടിക്കുന്നതിനും ലോജിസ്റ്റിക്സ് നയം ലക്ഷ്യമിടുന്നു.
പരിസ്ഥിതിക്ക് ഇണങ്ങുന്നതും സമൂഹത്തെ പരിഗണിക്കുന്നതും സുതാര്യവും മൂല്യാധിഷ്ഠിതവുമായ ഭരണനിർവഹണം ഉറപ്പാക്കുന്നതുമായ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതാണ് ഇഎസ്ജി നയം. ഈ നയം സ്വീകരിക്കുന്ന ആദ്യത്തെ സംസ്ഥാനമാണു കേരളം.
5 വർഷത്തേക്കു മൂലധന നിക്ഷേപത്തിന്റെ 100% റീഇംബേഴ്സ്മെന്റ് നൽകുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി പി.വിഷ്ണുരാജ്, എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.ഹരികൃഷ്ണൻ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെ–ബിപ് സിഇഒ എസ്.സൂരജ് എന്നിവർ പ്രസംഗിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]