റഷ്യയിൽ നിന്ന് ഇനി എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനൽകിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ നഷ്ടയാത്ര അവസാനിപ്പിച്ച് നേട്ടത്തിലേക്ക് കുതിച്ച് രാജ്യാന്തര എണ്ണവില. ബുധനാഴ്ച നടത്തിയ സംഭാഷണത്തിനിടെയാണ് മോദി തന്നോട് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പറഞ്ഞതെന്ന് ട്രംപ് വ്യക്തമാക്കി.
പിന്നാലെ ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.82% ഉയർന്ന് 58.75 ഡോളറിൽ എത്തി. ബ്രെന്റ് വില 0.78% കയറി 63.29 ഡോളറുമായി.
‘‘ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് എനിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല, എന്നാൽ എനിക്കിപ്പോൾ അവർ (ഇന്ത്യ) ഉറപ്പുതന്നു.
ഇനി അവർ റഷ്യൻ എണ്ണ വാങ്ങില്ല. അതൊരു വലിയ ചുവടുവയ്പ്പാണ്.
ചൈനയെയും ഇതേ നിലപാടിലേക്ക് ഞാൻ കൊണ്ടുവരും’’, ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ട്രംപിന്റെ പ്രസ്താവനയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാഷിങ്ടണിലെ ഇന്ത്യൻ എംബസിയും മൗനത്തിലാണ്.
. : Indian Prime Minister Modi “has assured me there will be NO OIL purchased from Russia.”
അതേസമയം, ഇന്ത്യയും ചൈനയും റഷ്യൻ എണ്ണ വാങ്ങിക്കൂട്ടാൻ മത്സരത്തിലാണെന്നാണ് സെപ്റ്റംബറിലെ കണക്കുകൾ വ്യക്തമാക്കുന്നത്.
സെന്റർ ഫോർ റിസർച് ഓൺ എനർജി ആൻഡ് ക്ലീൻ എയറിന്റെ (സിആർഇഎ) റിപ്പോർട്ട് പ്രകാരം സെപ്റ്റംബറിൽ ചൈന 3.2 ബില്യൻ ഡോളറിന്റെ റഷ്യൻ എണ്ണ വാങ്ങി; ഇന്ത്യ ചെലവിട്ടത് 2.5 ബില്യൻ ഡോളർ (ഏകദേശം 25,600 കോടി രൂപ).
റഷ്യൻ എണ്ണ ഇറക്കുമതിയിൽ ചൈന ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്. എണ്ണയ്ക്കുപുറമേ റഷ്യയുടെ കൽക്കരിയും മറ്റ് റിഫൈൻഡ് ഉൽപന്നങ്ങളും പരിഗണിച്ചാൽ സെപ്റ്റംബറിൽ ചൈന 5.5 ബില്യൻ ഡോളറും ഇന്ത്യ 3.6 ബില്യൻ ഡോളറും ചെലവിട്ടു.
ചൈനയും ഇന്ത്യയും കഴിഞ്ഞാൽ തുർക്കി, യൂറോപ്യൻ യൂണിയൻ, ദക്ഷിണ കൊറിയ എന്നിയാണ് തൊട്ടുപിന്നാലെയുള്ളത്. റഷ്യൻ എണ്ണ, എൽഎൻജി, കൽക്കരി എന്നിവയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാർ ചൈനയാണ്.
റഷ്യയുടെ മറ്റ് റിഫൈൻഡ് ഉൽപന്നങ്ങളും പൈപ്പ്ലൈൻ ഗ്യാസും വാങ്ങുന്നതിൽ മുന്നിലാകട്ടെ തുർക്കിയും.
എങ്കിലും, ഇന്ത്യയോട് മാത്രമാണ് റഷ്യൻ എണ്ണയുടെ പേരിൽ ട്രംപ് നടപടി എടുത്തിട്ടുള്ളത്. ഇന്ത്യയ്ക്കുമേൽ 25% പിഴച്ചുങ്കം ഉൾപ്പെടെ ട്രംപ് ചുമത്തുന്നത് മൊത്തം 50% ഇറക്കുമതി തീരുവ.
അതേസമയം, താരിഫ് ഭാരം കുറയ്ക്കാനും യുഎസുമായുള്ള വ്യാപാരക്കരാർ ചർച്ചകൾ സജീവമാക്കാനുമായി ഇന്ത്യ യുഎസിന്റെ എണ്ണ വൻതോതിൽ വാങ്ങിക്കൂട്ടാൻ ആലോചിക്കുന്നതായും സൂചനകളുണ്ട്. യുഎസിൽ നിന്ന് അധികമായി 15 ബില്യൻ ഡോളറിന്റെ (ഏകദേശം 1.3 ലക്ഷം കോടി രൂപ) എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് കേന്ദ്ര വിലയിരുത്തൽ.
നിലവിൽ യുഎസുമായുള്ള വ്യാപാരത്തിൽ ഇന്ത്യയ്ക്ക് 42.7 ബില്യന്റെ വ്യാപാര സർപ്ലസ് ഉണ്ട്.
ഇതിൽ ട്രംപിന് നീരസവുമുണ്ട്. റഷ്യയെ കൈവിട്ട് ഇന്ത്യ യുഎസിന്റെ എണ്ണ വൻതോതിൽ വാങ്ങിക്കൂട്ടിയാൽ അമേരിക്ക അഭിമുഖീകരിക്കുന്ന ഈ ‘വ്യാപാരക്കമ്മി’ കുറയും.
അത് ട്രംപിനെ സന്തോഷിപ്പിക്കുകയും ചെയ്യും.
ട്രംപിന് വൻ തിരിച്ചടി, നീക്കങ്ങൾക്ക് തടയിട്ട് കോടതി
യുഎസ് ഗവൺമെന്റ് നേരിടുന്ന പ്രവർത്തന സ്തംഭനത്തിന്റെ (ഗവൺമെന്റ് ഷട്ട്ഡൗൺ) ഭാഗമായി സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള ട്രംപിനെ നീക്കം തടഞ്ഞ് കോടതി. 4,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കമാണ് സാൻ ഫ്രാൻസിസ്കോയിലെ ഫെഡറൽ ജഡ്ജ് തടഞ്ഞത്.
അതേസമയം 10,000ഓളം പേരെ പിരിച്ചുവിടാനാണ് യഥാർഥ നീക്കമെന്നാണ് സൂചനകൾ.
ഷട്ട്ഡൗൺ അവസാനിപ്പിക്കാനും ഗവൺമെന്റിന് പ്രവർത്തിക്കാനുള്ള ഫണ്ട് ഉറപ്പാക്കാനും സെനറ്റിലെത്തിയ ബിൽ വീണ്ടും പരാജയപ്പെട്ടതും ട്രംപിന് തിരിച്ചടിയായി. ഇതിനകം രണ്ടാഴ്ച പിന്നിട്ട
ഷട്ട്ഡൗൺ ഇനിയും നീളുമെന്ന് ഇതോടെ ഉറപ്പായി. ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ തയാറല്ലെന്ന വാശിയിലാണ് ഡെമോക്രാറ്റുകളെന്ന് റിപ്പബ്ലിക്കൻ നേതാക്കൾ കുറ്റപ്പെടുത്തുകയും ചെയ്തു.
യുഎസിന്റെ സൈനികർക്കും വേതനം മുടങ്ങുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
വിട്ടുവീഴ്ചയില്ലാതെ ചൈനയും യുഎസും
ഇതിനിടെ, യുഎസും ചൈനയും തമ്മിലെ വ്യാപാരയുദ്ധവും ശമനമില്ലാതെ നീളുകയാണ്. ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലെ കൂടിക്കാഴ്ചയ്ക്ക് വീണ്ടും വഴിതുറന്നെങ്കിലും മറുവശത്ത് വാക്പോര് രൂക്ഷമാകുന്നു.
റെയർ എർത്ത് കയറ്റുമതി നിയന്ത്രിക്കാനുള്ള നീക്കവുമായി ചൈന മുന്നോട്ട് പോയാൽ പ്രത്യാഘാതം കൂടുതൽ ഗുരുതരമായിരിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് മുന്നറിയിപ്പ് നൽകി.
റെയർ എർത്ത് നിയന്ത്രണത്തിന്റെ പേരിൽ ചൈനയ്ക്കുമേൽ ട്രംപ് 100% അധിക ഇറക്കുമതി തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് നവംബർ ഒന്നിന് പ്രാബല്യത്തിൽ വരുമെന്ന് പറയുന്നുണ്ടെങ്കിലും ഉറപ്പിച്ചിട്ടില്ല.
ഇതിനിടെ ചൈനയുടെ സോയാബീൻ നയത്തിനെതിരെയും ട്രംപ് രംഗത്തെത്തിയിരുന്നു. ‘‘ഞങ്ങളുടെ സോയാബീൻ വേണ്ടെന്ന് ചൈന കരുതിക്കൂട്ടി നിലപാട് എടുത്തിരിക്കുകയാണ്.
യുഎസിലെ കർഷകർക്ക് അത് തിരിച്ചടിയായിട്ടുണ്ട്. ഇതാണ് ചൈനയുടെ നിലപാടെങ്കിൽ ചൈനയുടെ ഭക്ഷ്യ എണ്ണ ഞങ്ങൾക്കും വേണ്ട, സ്വന്തമായി ഭക്ഷ്യ എണ്ണ ഉൽപാദിപ്പിക്കാൻ ഞങ്ങൾക്ക് പറ്റും’’, ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ വ്യക്തമാക്കി.
ഓഹരികൾ നേട്ടപ്പാതയിൽ
വെല്ലുവിളികൾക്കിടയിലും പക്ഷേ, ഓഹരികൾ നേട്ടത്തിന്റെ ‘വണ്ടി പിടിച്ചത്’ നിക്ഷേപകർക്ക് ആശ്വാസമാകുന്നുണ്ട്.
യുഎസിൽ എസ് ആൻഡ് പി500 സൂചിക 0.40%, നാസ്ഡാക് 0.66% എന്നിങ്ങനെ നേട്ടമുണ്ടാക്കിയപ്പോൾ ഡൗ ജോൺസ് പക്ഷേ 0.04% താഴ്ന്നു. ജാപ്പനീസ് നിക്കേയ് 0.73%.
ചൈനയിൽ ഷാങ്ഹായ് സൂചിക 0.20%, ഹോങ്കോങ്ങിൽ ഹാങ്സെങ് സൂചിക 0.41% എന്നിങ്ങനെ നേട്ടത്തിലാണ്.
യുഎസിൽ ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ 0.2%, എസ് ആൻഡ് പി 0.1%., നാസ്ഡാക് 0.2% എന്നിങ്ങനെ ഉയർന്നതും ആഗോള വിപണികൾക്ക് ശുഭപ്രതീക്ഷ നൽകുന്നു. യുഎസ് ഗവൺമെന്റ് ഷട്ട്ഡൗൺ, യുഎസ്-ചൈന വ്യാപാരപ്പോര് എന്നിങ്ങനെ വെല്ലുവിളികൾ നിരവധിയുണ്ടെങ്കിലും നിക്ഷേപകരുടെ ശ്രദ്ധ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സെപ്റ്റംബർപാദ പ്രവർത്തനഫലങ്ങളിലേക്ക് മാറിയതാണ് യുഎസ് ഓഹരികളെ പച്ചപുതപ്പിച്ചത്.
ഗിഫ്റ്റ് നിഫ്റ്റി ഇന്നും പോസിറ്റീവ്, നേട്ടം തുടരാൻ വിപണി
ഡെറിവേറ്റീവ് വിപണിയായ ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 55 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം ചെയ്തത്.
ഇന്നലെ 0.7% നേട്ടമുണ്ടാക്കിയ സെൻസെക്സും നിഫ്റ്റിയും ഇന്നും കുതിപ്പ് തുടരുമെന്ന സൂചന ഇതു നൽകുന്നു.
∙ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലെ വ്യാപാരക്കരാർ ചർച്ചകൾ അവസാനഘട്ടത്തിലേക്ക് കടന്നുവെന്ന കേന്ദ്ര വാണിജ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് അഗ്രവാളിന്റെ പ്രസ്താന വിപണിക്ക് കരുത്ത് പകരും.
∙ യുഎസിന്റെ താരിഫ് ആഘാതമുണ്ടായിട്ടും സെപ്റ്റംബറിൽ ഇന്ത്യയുടെ കയറ്റുമതി മെച്ചപ്പെട്ടു. എന്നാൽ, വ്യാപാരക്കമ്മി 11-മാസത്തെ ഉയരത്തിലെത്തി.
∙ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് സെപ്റ്റംബറിൽ 5.2 ശതമാനമായി ഉയർന്നു.
ഓഗസ്റ്റിൽ 5.1 ശതമാനമായിരുന്നു.
ഇന്ത്യയ്ക്കെതിരെ ചൈന
സാമ്പത്തികരംഗത്ത് ഇതിനിടെ ഇന്ത്യയ്ക്കെതിരായ നിലപാടിലേക്കും ചൈന നീങ്ങുന്നത് ആശങ്ക വിതയ്ക്കുന്നുണ്ട്. റെയർ എർത്ത് കയറ്റുമതി നിയന്ത്രണം ഇന്ത്യയുടെ ഇലക്ട്രിക് വാഹന (ഇവി) നിർമാണം, ഇലക്ട്രോണിക്സ്, മെഷീനറി നിർമാണം തുടങ്ങിയ മേഖലകളെ സാരമായി ബാധിക്കും.
ഇതിനിടെ, ഇന്ത്യ ഇവിക്ക് സബ്സിഡി നൽകുന്നതിനെതിരെ ചൈന ലോക വ്യാപാര സംഘടനയെ സമീപിച്ചതും വിപണിക്ക് അമ്പരപ്പായിട്ടുണ്ട്.
ശ്രദ്ധയിൽ ഇവർ
ഇൻഫോസിസ്, വിപ്രോ, നെസ്ലെ, സൊമാറ്റോ (എറ്റേണൽ), ജിയോ ഫിനാൻഷ്യൽ സർവീസസ്, ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ, ഇന്ത്യൻ ബാങ്ക്, എൽടിഐ മൈൻഡ്ട്രീ, വാരീ എനർജീസ്, മെട്രോ ബ്രാൻഡ്സ് എന്നിവ ഇന്ന് സെപ്റ്റംബർപാദ പ്രവർത്തനഫലം പ്രഖ്യാപിക്കും.
∙ ഇന്നലെ രണ്ടാംപാദ പ്രവർത്തനഫലം പുറത്തുവിട്ട എച്ച്ഡിബി ഫിനാൻഷ്യൽ നേരിട
ഇടിവ് ലാഭത്തിൽ രേഖപ്പെടുത്തി.
∙ ആക്സിസ് ബാങ്കിന്റെ ലാഭം 6,918 കോടിയിൽ നിന്ന് 5,090 കോടിയായി കുറഞ്ഞു.
∙ ഇന്ത്യയിൽ 2,030ഓടെ 45,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഹ്യുണ്ടായ് മോട്ടോർ.
രൂപയ്ക്ക് കുതിപ്പ്
രാജ്യാന്തര തലത്തിൽ മറ്റ് കറൻസികൾക്കെതിരെ ഡോളർ ദുർബലമായത് രൂപയ്ക്ക് ഇന്നലെ വൻ നേട്ടമായി. ഒറ്റദിവസം 73 പൈസ ഉയർന്ന് രൂപയുടെ മൂല്യം ഇന്നലെ 88.08ൽ എത്തി.
4-മാസത്തിനിനിടെ ഒരുദിവസം രൂപയുടെ ഏറ്റവും മികച്ച നേട്ടമാണിത്. ഓഹരി വിപണികൾ ഇന്നലെ മികച്ച നേട്ടത്തിലേറിയതും രൂപയ്ക്ക് കരുത്തായി.
ബ്രേക്ക് നഷ്ടപ്പെട്ട് സ്വർണം
യുഎസ് ഷട്ട്ഡൗൺ, യുഎസിൽ പലിശനിരക്ക് ഇനിയും കുറയാനുള്ള സാധ്യത, ചൈന-യുഎസ് വ്യാപാരപ്പോര്, കറൻസി വിപണികളുടെ അസ്ഥിരത എന്നിവ സ്വർണത്തിന് വൻ കുതിപ്പേകുന്നു.
രാജ്യാന്തര വിപണിയിൽ വില ചരിത്രത്തിൽ ആദ്യമായി 4,200 ഡോളർ ഭേദിച്ചു. ഒരുവേള 4,234.60 ഡോളർ വരെയെത്തിയ വില ഇപ്പോഴുള്ളത് 4,228.2 ഡോളറിൽ.
കേരളത്തിൽ ഇന്നുവില പവന് 95,000 രൂപ കടക്കുമെന്ന് ഉറപ്പായി. 96,000 രൂപ കടന്നാലും അതിശയിക്കേണ്ടെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]