ആഗോളതലത്തിൽ പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങൾ കൂട്ടപ്പിരിച്ചുവിടലുകൾ നടപ്പിലാക്കുന്ന സാഹചര്യത്തിനിടയിലും, ഇന്ത്യയിൽ വൻതോതിലുള്ള തൊഴിലവസരങ്ങൾ പ്രഖന്ത്രിച്ച് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് രംഗത്ത്. രാജ്യത്തുടനീളം നേരിട്ടും അല്ലാതെയും ഏകദേശം 2.5 ലക്ഷം പേർക്കാണ് കമ്പനി പുതിയ തൊഴിൽ വാഗ്ദാനം ചെയ്യുന്നത്.
വരാനിരിക്കുന്ന ഉത്സവ സീസണിലെ വിപണി ആവശ്യകത മുൻകൂട്ടി കണ്ടുകൊണ്ടാണ് ഈ സുപ്രധാന തീരുമാനം. ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് ഈ തൊഴിൽ അവസരങ്ങൾ ലഭ്യമാകുക.
ഗിഗ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെയാണ് ഇതിനായി പരിഗണിക്കുന്നത്. ഇതിൽ 75,000-ത്തോളം പേർക്ക് ഇത് ജീവിതത്തിലെ ആദ്യ തൊഴിലായിരിക്കുമെന്നും കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപന നടക്കുന്ന ഉത്സവകാലത്ത് ഉപഭോക്താക്കളെ ആകർഷിക്കാനായി കമ്പനികൾ വലിയതോതിലുള്ള ഓഫറുകളാണ് പ്രഖ്യാപിക്കുന്നത്. ഫ്ലിപ്കാർട്ടിന്റെ ജനപ്രിയ വിപണന മേളയായ ‘ബിഗ് ബില്യൻ ഡേ’ ഈ കാലയളവിലാണ് നടക്കുന്നത്.
ഇതിന്റെ ഭാഗമായി രാജ്യത്ത് 900 പുതിയ ഡെലിവറി ഹബ്ബുകൾ കൂടി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതുവഴി മാത്രം 1.4 ലക്ഷം താൽകാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
ആകെ തൊഴിൽ അവസരങ്ങളുടെ 60 ശതമാനവും ഇത്തരം ലാസ്റ്റ് മൈൽ ഡെലിവറി ജോലികളായിരിക്കും. ടിയർ 2, ടിയർ 3 നഗരങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഉത്സവകാലത്ത് രാജ്യത്തെ ചെറുനഗരങ്ങളിൽ പോലും ഡിമാൻഡ് ഗണ്യമായി വർധിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. കേരളത്തിലെ ഓണാഘോഷങ്ങളോടെയാണ് ഇന്ത്യയിൽ ഉത്സവകാല വിപണിക്ക് തുടക്കമാകുന്നത്.
തുടർന്ന് നവരാത്രി, ദീപാവലി ആഘോഷങ്ങൾ വരെ ഇത് നീണ്ടുനിൽക്കും. ഹോം അപ്ലയൻസസ്, വാഹനങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി എല്ലാവിധ ഉൽപന്നങ്ങൾക്കും ഈ കാലയളവിൽ ആവശ്യക്കാർ ഏറെയാണ്.
ഈ വർഷത്തെ ഉത്സവകാലത്തിന്റെ തുടക്കം മികച്ച രീതിയിലായിരുന്നുവെന്നും, വിപണിയിലെ ആവശ്യകത കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓൺലൈൻ, ക്വിക്ക് കൊമേഴ്സ്, ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾ ഇതിനോടകം തന്നെ മികച്ച മുന്നേറ്റമാണ് വിപണിയിൽ കാഴ്ചവെച്ചിരിക്കുന്നത്.
ഓണക്കാലത്ത് മാത്രം റെഫ്രിജറേറ്റർ, എസി, വാഷിങ് മെഷീൻ എന്നിവയുടെ വിൽപനയിൽ 15 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഗണേശചതുർഥി അവധി ദിവസങ്ങളിലും രാജ്യത്ത് ശക്തമായ വിപണി പ്രവർത്തനങ്ങൾ നടന്നു.
കാർ വിൽപനയിൽ 20 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത്. ഈ വിപണി വളർച്ചയും ഡിമാൻഡും വരുന്ന മാസങ്ങളിലും തുടർന്നാൽ രാജ്യത്തെ വ്യാപാരികൾക്കും കമ്പനികൾക്കും ഇത് വലിയ നേട്ടമായി മാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

