ഒടുവിൽ, ഇന്ത്യയോടും ചൈനയോടുമുള്ള പിടിവാശി കൈവിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി നിർത്താത്തപക്ഷം ഇനി ചർച്ചയില്ലെന്ന് നേരത്തേ വ്യക്തമാക്കിയ ട്രംപ് നിലപാട് മാറ്റി.
മോദി നല്ല ചങ്ങാതിയാണെന്നും ഇന്ത്യയുമായി ചർച്ച തുടരുമെന്നും മാറ്റിപ്പറഞ്ഞ ട്രംപ്, ഇന്നലെ ചൈനയുമായുള്ള സമീപനവും തിരുത്തി. ചൈനീസ് അധികൃതരുമായി സ്പെയിനിൽ നടന്ന വ്യാപാരച്ചർച്ചകൾ ഫലപ്രദമായിരുന്നെന്നും വെള്ളിയാഴ്ച താൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു.
മോദിയുമായും വൈകാതെ സംസാരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച ആറാംഘട്ട ചർച്ചകൾക്കായി ന്യൂഡൽഹിയിൽ കഴിഞ്ഞമാസം എത്തേണ്ട
യുഎസ് സംഘം ഇരു രാജ്യങ്ങളും തമ്മിലെ ഭിന്നത കടുത്തതോടെ യാത്ര ഉപേക്ഷിച്ചിരുന്നു. എന്നാൽ, യുഎസ് നിലപാട് മയപ്പെടുത്തുന്നുവെന്ന സൂചന നൽകി, യുഎസ് വ്യാപാര പ്രതിനിധിയും ചീഫ് നെഗോഷ്യേറ്ററുമായ ബ്രെൻഡൻ ലിഞ്ച് ഇന്ന് ഡൽഹിയിലെത്തും.
വാണിജ്യ മന്ത്രാലയ പ്രതിനിധികളുമായി അദ്ദേഹം ചർച്ചയും നടത്തും.
ഒറ്റ ദിവസത്തെ സന്ദർശനമാണ് ബ്രെൻഡൻ നടത്തുന്നത്. വ്യാപാരക്കരാർ ചർച്ചയ്ക്ക് പുറമേ, മറ്റ് വിഷയങ്ങളിലും ഇന്ത്യ-യുഎസ് തമ്മിലെ ബന്ധം മോശമായിരുന്നു.
ഇവ പരിഹരിക്കാനുള്ള സമാന്തര ചർച്ചകൾ തുടരാനും തീരുമാനമായിട്ടുണ്ട്. ട്രംപിന്റെയും യുഎസിന്റെയും നിലപാട് മാറ്റത്തെ ഇന്ത്യയും സ്വാഗതം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ യുഎസിൽ നടന്ന ചർച്ചയിൽ ഇന്ത്യ-യുഎസ് വ്യാപാരച്ചർച്ചകൾ തുടരാൻ ധാരണയായിരുന്നു.
ഈ വർഷം ഒക്ടോബർ-നവംബറിനകം കരാർ യഥാർഥ്യമാക്കുകയും ലക്ഷ്യമായിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ ട്രംപ് ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുംമേൽ ഏകപക്ഷീയമായി കനത്ത ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് നിലപാടുകളിൽനിന്ന് മലക്കംമറിഞ്ഞു.
ഇന്ത്യയ്ക്ക് ആദ്യം 25% തീരുവ പ്രഖ്യാപിച്ച ട്രംപ്, പിന്നാലെ റഷ്യൻ ഇറക്കുമതിക്കുള്ള പിഴയായി 25% കൂടി ചുമത്തുകയായിരുന്നു. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലെ ഭിന്നത രൂക്ഷമായത്.
യുഎസ് കാർഷിക, ക്ഷീര ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ തീരുവ വിപണി തുറന്നുകിട്ടണമെന്നും തീരുവ പൂജ്യമാക്കണമെന്നുമുള്ള യുഎസ് സംഘത്തിന്റെ ആവശ്യം ഇന്ത്യൻ പ്രതിനിധികൾ ചർച്ചയിൽ തള്ളിയതും ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന വാദത്തെ ഇന്ത്യ പിന്തുണയ്ക്കാതിരുന്നതും ട്രംപിനെ നീരസത്തിലാക്കുകയായിരുന്നു.
അതേസമയം, ട്രംപ് കനത്ത തീരുവ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി ഓഗസ്റ്റിൽ വൻതോതിൽ ഇടിഞ്ഞു.
ജൂലൈയിലെ 801.2 കോടി ഡോളറിൽ നിന്ന് 686.5 കോടി ഡോളറായാണ് ഇടിവ്; നഷ്ടം 15.41%.
ഓഹരികളുടെ ഉറ്റുനോട്ടം അമേരിക്കൻ പലിശയിലേക്ക്
ഇന്നുരാവിലെ ഗിഫ്റ്റ് നിഫ്റ്റി 30 പോയിന്റ് താഴ്ന്നാണ് വ്യാപാരം ചെയ്തത്. സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ തുടങ്ങിയേക്കാമെന്ന സൂചന ഇതു നൽകുന്നു.
എന്നാൽ, മുന്നിൽ ഒട്ടേറെ പോസിറ്റീവ് ഘടകങ്ങളുമുണ്ട്.
∙ ഒന്ന്, ഇന്ത്യയും യുഎസും വീണ്ടും വ്യാപാര ചർച്ചകളിലേക്ക് കടക്കുന്നതും മോദി-ട്രംപ്, ട്രംപ്-ചൈന മഞ്ഞുകളുരുകുന്നതും ആശാവഹമാണ്.
∙ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നാളെ പണനയം പ്രഖ്യാപിക്കും. പലിശയിളവ് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ നേട്ടത്തിലാണ് യുഎസ് ഓഹരികൾ.
എസ് ആൻഡ് പി 500 സൂചിക 0.47%, നാസ്ഡാക് 0.94%, ഡൗ ജോൺസ് 0.11% എന്നിങ്ങനെ കയറി.
∙ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ വിപണിമൂല്യം 3 ട്രില്യൻ ഡോളർ കടന്നു. ഈ ക്ലബ്ബിലെ മറ്റ് അംഗങ്ങൾ എൻവിഡിയ, ആപ്പിൾ, മൈക്രോസോഫ്റ്റ് എന്നിവ മാത്രമാണ്.
ആന്റിട്രസ്റ്റ് ആരോപണങ്ങളിൽ അനുകൂല വിധിയുണ്ടായതാണ് ഗൂഗിൾ ഓഹരികളെ ആഘോഷത്തിലാക്കിയത്.
∙ ഇലോൺ മസ്ക് ടെസ്ലയുടെ 100 കോടി ഡോളർ മതിക്കുന്ന ഓഹരികൾ കൂടി സ്വന്തമാക്കിയതിനു പിന്നാലെ, കമ്പനിയുടെ ഓഹരികൾ 3% കയറി.
∙ യുഎസ്-ചൈന, യുഎസ്-ഇന്ത്യ വ്യാപാര പ്രശ്നങ്ങൾക്ക് വൈകാതെ പരിഹാരമുണ്ടായേക്കുമെന്ന പ്രതീക്ഷകളെ തുടർന്ന് ജാപ്പനീസ് നിക്കേയ് 0.31% ഉയർന്ന് പുത്തനുയരത്തിലെത്തി.
∙ ചൈനയിൽ ഷാങ്ഹായ്, ഹോങ്കോങ് ഓഹരികളും 0.30 ശതമാനത്തിലേറെ ഉർന്നു.
∙ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള യുഎസ് ഫെഡിന്റെ നീക്കം ഡോളറിനും യുഎസ് ട്രഷറി യീൽഡിനും തിരിച്ചടിയാകും. ഇത് ഇന്ത്യൻ മൂലധന വിപണിയിലേക്ക് വിദേശ നിക്ഷേപമെത്താൻ സഹായിക്കും.
സോനപ്രയാഗ്-കേദാർനാഥ് റോപ്വേ: വമ്പൻ പദ്ധതിയുമായി അദാനി
ഉത്തരാഖണ്ഡിലെ സോനപ്രയാഗിനെയും കേദാർനാഥിനെയും ബന്ധിപ്പിച്ച് 12.9 കിലോമീറ്റർ റോപ്വേ നിർമിക്കാനുള്ള കരാർ അദാനി എന്റർപ്രൈസസ് സ്വന്തമാക്കി.
പദ്ധതിക്കായി 4,081 കോടി രൂപ അദാനി നിക്ഷേപിക്കും. നിലവിൽ 9 മണിക്കൂർ നീളുന്ന ട്രക്കിങ് ആവശ്യമായ യാത്ര, പദ്ധതി യാഥാർഥ്യമാകുന്നതോടെ വെറും 36 മിനിറ്റിലേക്ക് ചുരുങ്ങും.
∙ കനറാ ബാങ്കിന്റെ ഉപസ്ഥാപനമായ കനറാ എച്ച്എസ്ബിസിക്ക് പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) സെബിയിൽ നിന്ന് പച്ചക്കൊടി കിട്ടി.
∙ മാരുതി സുസുക്കിയുടെ പുത്തൻ മോഡൽ വിക്ടോറിയസ് വിപണിയിലെത്തി; പ്രാരംഭ വില 10.49 ലക്ഷം രൂപ.
സെപ്റ്റംബർ 22 മുതലാണ് വിൽപന.
പവൻ 82,000 തൊടും
അമേരിക്കയിൽ പലിശയിറക്കത്തിന് സാധ്യത തെളിഞ്ഞതോടെ കത്തിക്കയറുകയാണ് രാജ്യാന്തര സ്വർണവില. പലിശ കുറയുന്നത് ഡോളറിന്റെ മൂല്യം, യുഎസ് ഗവൺമെന്റിന്റഎ കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്) എന്നിവ കുറയാനിടയാക്കുമെന്നത്, ഗോൾഡ് ഇടിഎഫുകൾക്ക് സമ്മാനിക്കുന്ന സ്വീകാര്യതയാണ് വിലക്കുതിപ്പിന് മുഖ്യകാരണം.
∙ രാജ്യാന്തരവില ഔൺസിന് 40 ഡോളറിലധികം ഉയർന്ന് 3,687.07 എന്ന സർവകാല ഉയരത്തിലെത്തി.
3,680 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നതും.
∙ കേരളത്തിൽ ഇന്നലെ പവൻവില 81,440 രൂപയാണ്. കഴിഞ്ഞ 2 ദിവസങ്ങളിലായി 160 രൂപ കുറഞ്ഞിരുന്നു.
ഇന്നു വില കൂടും. ഒരുപക്ഷേ, പവൻ 82,000 രൂപയും ഭേദിക്കും.
∙ രൂപ ഡോളറിനെതിരെ ഇന്നലെ 10 പൈസ മെച്ചപ്പെട്ട് 88.16ൽ എത്തി.
നിലവിൽ യൂറോ, യെൻ തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരെ കഴിഞ്ഞ രണ്ടരമാസത്തെ താഴ്ചയിലാണ് ഡോളറുള്ളത്.
∙ രൂപ ഇന്നും മെച്ചപ്പെട്ടാൽ സ്വർണവില വർധനയുടെ ആക്കം അൽപം കുറയും.
∙ എണ്ണ വില പോസിറ്റീവാണ്. ബ്രെന്റ് വില ബാരലിന് 0.12% ഉയർന്ന് 67.52 ഡോളറിൽ വ്യാപാരം ചെയ്യുന്നു.
ഡബ്ല്യുടിഐ ക്രൂഡ് വില 0.08% നേട്ടവുമായി 63.35 ഡോളറിലും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]