
ഓപ്പറേഷൻ സിന്ദൂറിനെ ചെറുക്കാൻ പാക്കിസ്ഥാൻ തൊടുത്ത മിസൈലുകളെ നിലംതൊടീക്കാതിരുന്ന ഇന്ത്യയുടെ പ്രതിരോധശക്തിയായിരുന്നു ‘‘
’’ എന്നു വിളിക്കുന്ന എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ. അമേരിക്കയുടെ എതിർപ്പ് മറികടന്ന് റഷ്യയിൽ നിന്ന് സ്വന്തമാക്കിയ ഈ മികവുറ്റ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ ചൈന അതിർത്തിയിലും വിന്യസിച്ചിട്ടുണ്ട്.
എന്നാൽ, ഇക്കുറി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മിഷൻ സുദർശൻ ചക്ര’ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത് മറ്റൊരു സുപ്രധാന ദൗത്യത്തെക്കുറിച്ചാണ്.
പ്രതിരോധരംഗത്ത് ആയുധങ്ങൾക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും ആത്മനിർഭർ ഭാരത് ക്യാമ്പയ്നിലൂന്നി തന്ത്രപ്രധാന-അത്യാധുനിക സൈനിക സംവിധാനങ്ങളും സാങ്കേതികവിദ്യകളും ഇന്ത്യയിൽ തന്നെ നിർമിക്കുമെന്നും മോദി പറഞ്ഞു.
ശ്രീകൃഷ്ണ ഭഗവാന്റെ ആയുധമായ സുദർശന ചക്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതാണ് മോദി പ്രഖ്യാപിച്ച ‘മിഷൻ സുദർശൻ ചക്ര’. ഇന്ത്യയുടെ തന്ത്രപ്രധാന പ്രദേശങ്ങളെ ശത്രുവിന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് ചെറുക്കാനുള്ള വ്യോമപ്രതിരോധ സംവിധാനം.
2035ഓടെ രാജ്യവ്യാപകമായി പൊതുസ്ഥലങ്ങൾ സുരക്ഷാകവചത്തിന്റെ സംരക്ഷണത്തിലാക്കുമെന്ന് മോദി പറഞ്ഞു. ശത്രുവിന്റെ മിസൈലുകളെയും ഡ്രോണുകളെയും മറ്റും ചെറുക്കുക മാത്രമല്ല, പ്രത്യാക്രമണം നടത്താനും ശേഷിയുള്ള സംവിധാനമായിരിക്കും ‘മിഷൻ സുദർശൻ ചക്ര’.
യുവാക്കളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി മിഷൻ സുദർശൻ ചക്രയുടെ ഗവേഷണം, വികസനം, നിർമാണം എന്നിവ ഇന്ത്യയിൽതന്നെ നടത്തുമെന്നും പറഞ്ഞ മോദി, പക്ഷേ വിശദാംശങ്ങൾ വ്യക്തമാക്കിയില്ല.
ഇസ്രയേലിന്റെ അയേൺ ഡോമിന് സമാനമായ സംവിധാനമാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് കരുതുന്നു. പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ അടുത്തിടെ ഇന്ത്യയ്ക്കുനേരെ നടത്തിയ വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.
ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ റിഫൈനറിയടക്കം ഇന്ത്യയുടെ തന്ത്രപ്രധാന ആസ്തികൾ മിസൈൽ അയച്ച് തകർക്കുമെന്നായിരുന്നു മുനീറിന്റെ പ്രധാന ഭീഷണി.
‘മിഷൻ സുദർശൻ ചക്ര’ യാഥാർഥ്യമാക്കാനായി ഇന്ത്യയിലെ പ്രതിരോധ കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ എന്നിവയെല്ലാം കൈകോർക്കുമെന്നത് വലിയ കുതിപ്പ് തന്നെ ഇന്ത്യയ്ക്ക് നൽകുമെന്ന് വിലയിരുത്തപ്പെടുന്നു. യുദ്ധവിമാന എൻജിനുകളും (ഫൈറ്റർ ജെറ്റ് എൻജിൻ) ഇന്ത്യയിൽതന്നെ വികസിപ്പിക്കണമെന്ന് മോദി പറഞ്ഞിരുന്നു.
പ്രതിരോധ ഓഹരികൾക്ക് കുതിപ്പേകും
മോദിയുടെ ‘മിഷൻ സുദർശൻ ചക്ര’, ഫൈറ്റർ ജെറ്റ് എൻജിൻ പ്രഖ്യാപനങ്ങൾ രാജ്യത്തെ പ്രതിരോധ കമ്പനികളുടെ ഓഹരികൾക്ക് ഉണർവാകുമെന്നാണ് പ്രതീക്ഷകൾ.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ), ഭാരത് ഡൈനാമിക്സ്, ഭാരത് ഇലക്ട്രോണിക്സ് (ബെൽ), ബെമ്ൽ, ഡേറ്റ പാറ്റേൺസ്, പരസ് ഡിഫൻസ്, സോളർ ഇൻഡസ്ട്രീസ്, കൊച്ചിൻ ഷിപ്പ്യാർഡ്, മാസഗോൺ ഡോക്ക്, ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് എന്നിവയുടെ ഓഹരികൾ വരുംദിവസങ്ങളിൽ നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായേക്കും.
പ്രതിരോധ ഉൽപാദനത്തിലും കയറ്റുമതിയിലും മുന്നേറ്റം
2024-25ൽ ഇന്ത്യയുടെ പ്രതിരോധ ഉൽപാദനം തൊട്ടുമുൻവർഷത്തെ 1.27 ലക്ഷം കോടി രൂപയിൽ നിന്ന് 18% ഉയർന്ന് 1.5 ലക്ഷം കോടി രൂപയിൽ എത്തിയിരുന്നു. 2019-20ലെ 79,071 കോടി രൂപയേക്കാൾ 90 ശതമാനം അധികവുമാണിത്.
ഇന്ത്യൻ നിർമിത പ്രതിരോധ സംവിധാനങ്ങൾക്ക് ഒട്ടേറെ രാജ്യങ്ങളിൽ നിന്ന് ഡിമാൻഡും ലഭിക്കുന്നുണ്ട്.
പ്രതിരോധ കയറ്റുമതി 2024-25ൽ 23,622 കോടി രൂപയെന്ന റെക്കോർഡിൽ എത്തി. 5 വർഷത്തിനകം കയറ്റുമതി 50,000 കോടി രൂപയാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകൾ പാക്കിസ്ഥാന്റെ നിരവധി സൈനിക കേന്ദ്രങ്ങൾ തകർത്തിരുന്നു. അതിനുശേഷം ബ്രഹ്മോസ് മിസൈലുകൾക്കും മികച്ച ഓർഡറുകൾ വിദേശത്തുനിന്ന് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]