
എണ്ണ വിതരണരംഗത്ത് റഷ്യയ്ക്ക് ഇന്ത്യയെന്ന ഉപഭോക്താവിനെ നഷ്ടമായെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. ആവശ്യത്തിനുള്ള 40% എണ്ണയും (ക്രൂഡ് ഓയിൽ) റഷ്യയിൽ നിന്നായിരുന്നു ഇന്ത്യ വാങ്ങിയിരുന്നത്.
50% തീരുവ ചുമത്തിയതോടെ ഇന്ത്യ ഇറക്കുമതി നിർത്തിയെന്നും ട്രംപ് പറഞ്ഞു. എന്നാൽ, റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ചൈനയ്ക്കെതിരെ തൽക്കാലം നടപടിയൊന്നും എടുക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
25% ഇറക്കുമതി തീരുവയ്ക്ക് പുറമെ റഷ്യൻ എണ്ണ ഇറക്കുമതിയുടേ പേരിൽ ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25% അധികത്തീരുവ (മൊത്തം 50%) ഓഗസ്റ്റ് 27ന് ആണ് പ്രാബല്യത്തിൽ വരുന്നത്.
‘‘ചൈനയ്ക്കുമേൽ ഇനി കടുത്ത നടപടിയെടുത്താൽ അതവർക്ക് ദോഷം ചെയ്യും. അതെനിക്ക് ചെയ്യാനും പറ്റും.
തൽക്കാലം ഞാനത് ചെയ്യുന്നില്ല’’, ട്രംപ് ഒരു യുഎസ് മാധ്യമത്തോട് പറഞ്ഞു.
അതേസമയം, ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിയെന്ന ട്രംപിന്റെ വാദങ്ങൾ തള്ളുന്നതാണ് പുത്തൻ കണക്കുകൾ. കമ്മോഡിറ്റി വിപണിയുടെ നിരീക്ഷകരായ കെപ്ലറിന്റെ റിപ്പോർട്ടുകൾ പ്രകാരം ജൂലൈയേക്കാൾ കൂടുതൽ റഷ്യൻ എണ്ണയാണ് ഇന്ത്യ ഈമാസം വാങ്ങുന്നത്.
ജൂലൈയിൽ പ്രതിദിനം 16 ലക്ഷം ബാരൽ വീതം റഷ്യൻ എണ്ണയാണ് ഇറക്കുമതി ചെയ്തതെങ്കിൽ ഓഗസ്റ്റിൽ അത് 20 ലക്ഷമായി ഉയർന്നു.
സ്വയം ‘ഉപരോധിച്ച’ വെനസ്വേലൻ എണ്ണ വാങ്ങി അമേരിക്ക
രാഷ്ട്രീയ എതിർപ്പുകളുടെ പേരിൽ വെനസ്വേലയ്ക്കുമേൽ പ്രഖ്യാപിച്ച ഉപരോധം നിലനിൽക്കേതന്നെ, വൻതോതിൽ വെനസ്വേലൻ എണ്ണ ഇറക്കുമതി ചെയ്ത് അമേരിക്ക. വെനസ്വേലയിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് യുഎസ് കമ്പനിയായ ഷെവ്റോണിന് അടുത്തിടെ ട്രംപ് ഭരണകൂടം പുനഃസ്ഥാപിച്ചിരുന്നു.
ഷെവ്റോൺ ആണ് വൻതോതിൽ യുഎസിലേക്ക് വെനസ്വേലൻ എണ്ണ എത്തിക്കുന്നത്.
1923 മുതൽ വെനസ്വേലയിൽ സാന്നിധ്യമുള്ള കമ്പനിയാണ് ഷെവ്റോൺ. വെനസ്വേലയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ പിഡിവിഎസ്എയുമായി ചേർന്ന് ഷെവ്റോൺ എണ്ണ പര്യവേക്ഷണവും ഉൽപാദനവും നടത്തിയിരുന്നു.
ഇതിനിടെ രാഷ്ട്രീയഭിന്നതകളെ തുടർന്ന് യുഎസും വെനസ്വേലയും തമ്മിൽ അകന്നു. വെനസ്വേലയ്ക്കുമേൽ യുഎസ് കടുത്ത ഉപരോധങ്ങളും ഏർപ്പെടുത്തുകയായിരുന്നു.
വെനസ്വേലയിൽ സുതാര്യമായ തിരഞ്ഞെടുപ്പ് നടത്താമെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ ഉറപ്പുനൽകിയതിനെ തുടർന്ന് ഉപരോധങ്ങളിൽ പിന്നീട് യുഎസ് ഇളവ് വരുത്തി.
ഷെവ്റോണിന് 2022ൽ ബൈഡൻ ഭരണകൂടം വെനസ്വേലയിൽ പ്രവർത്തിക്കാനുള്ള ലൈസൻസും അനുവദിച്ചിരുന്നു. വാഗ്ദാനം പാലിക്കാൻ മഡുറോയ്ക്ക് കഴിയാതിരിക്കുകയും അദ്ദേഹം ഭരണത്തിൽ തുടരുകയും ചെയ്തതിനാൽ പിന്നീടുവന്ന ട്രംപ് ഭരണകൂടം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഉപരോധം വീണ്ടും കടുപ്പിക്കുകയായിരുന്നു.
ഷെവ്റോണിനോട് ഒരുമാസത്തിനകം പ്രവർത്തനം നിർത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിൽനിന്ന് മലക്കംമറിഞ്ഞാണ് ഇപ്പോൾ ഷെവ്റോണിന് വീണ്ടും വെനസ്വേലയിൽ പ്രവർത്തിക്കാൻ അനുമതി നൽകിയത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]