
ന്യൂഡൽഹി∙ സാധാരണക്കാരുടെ നികുതിഭാരം വൻതോതിൽ കുറയ്ക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ജിഎസ്ടി നികുതിഘടന അടിമുടി മാറ്റുന്നു. 5%, 12%, 18%, 28% എന്നിങ്ങനെയുള്ള നാല് നികുതി സ്ലാബുകൾ 5%, 18% എന്നിങ്ങനെ രണ്ടാക്കി കുറയ്ക്കും. 12 ശതമാനവും 28 ശതമാനവും പൂർണമായും ഇല്ലാതാകും.
നികുതി കുറയുന്നതോടെ വിലയും വൻതോതിൽ കുറയും. ദീപാവലി സമ്മാനമായിട്ടാകും പരിഷ്കരണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.
നിലവിൽ 12% നികുതി ബാധകമാകുന്ന 99% ഇനങ്ങൾക്കും 5% മാത്രമേ ചുമത്തൂ. 28% ബാധകമാകുന്ന 90% ഇനങ്ങളും 18 ശതമാനത്തിലേക്കു മാറും.
ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിനു ബാധകമായ 18% നികുതി ഒഴിവാക്കുകയോ 5 ശതമാനമായി കുറയ്ക്കുകയോ ചെയ്യും. പുകയില, സിഗരറ്റ്, എയറേറ്റഡ് പാനീയങ്ങൾ (ഉദാ: കോള), പാൻ മസാല അടക്കമുള്ള ഏഴിനങ്ങൾക്ക് 40% നികുതി ഈടാക്കും.
നിലവിൽ ഇവയ്ക്ക് 28% നികുതിയാണെങ്കിലും സെസ് അടക്കം 88% ആണു നികുതിഭാരം. 40% ജിഎസ്ടി ചുമത്തിയാലും മൊത്തം നികുതിഭാരം 88% ആയി തുടരും.
ഓൺലൈൻ ഗെയിമിങ്ങിനും 40% നികുതി ബാധകമാകും.
സ്വർണം, വെള്ളി എന്നിവയുടെ 3%, ഡയമണ്ടുകളുടെ 0.25% എന്നിങ്ങനെയുള്ള സ്പെഷൽ നിരക്കുകൾ തുടരും. പെട്രോളിയം, വൈദ്യുതി, മദ്യം തുടങ്ങിയവയെ ജിഎസ്ടിയിലേക്ക് കൊണ്ടുവരാനും ശുപാർശയില്ല.
ലക്ഷ്യം ജിഡിപി വളർച്ച
ജിഎസ്ടി നിലവിൽ വന്ന് 8 വർഷം കഴിയുമ്പോഴാണ് ഘടനയിൽ സമൂല മാറ്റത്തിന് കളമൊരുങ്ങുന്നത്.
ഇതിനുള്ള നിർദേശം കേന്ദ്രസർക്കാർ ജിഎസ്ടി കൗൺസിലിന്റെ മന്ത്രിതല ഉപസമിതിക്കു കൈമാറി. സെപ്റ്റംബറിലെ ജിഎസ്ടി കൗൺസിൽ ഇത് അംഗീകരിച്ചാൽ ഒക്ടോബറോടെ പുതിയ ഘടന പ്രാബല്യത്തിൽ വന്നേക്കും.
കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും നികുതി നഷ്ടമുണ്ടാകുമെങ്കിലും വിലക്കുറവു മൂലം ഉപഭോഗം കൂടുന്നതു സമ്പദ്വ്യവസ്ഥയ്ക്കു കരുത്തുപകരും.
വരുമാനത്തിലുണ്ടാകുന്ന നഷ്ടം ജിഡിപിയിലെ വളർച്ചയാക്കി മാറ്റാമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.
വില കുറയുന്നവയിൽ ഇവയും
മരുന്നുകൾ, മെഡിക്കൽ ഉൽപന്നങ്ങൾ ടിവി, ഫ്രിജ്, വാഷിങ് മെഷീൻ, എസി വളം, കീടനാശിനികൾ കാർഷിക ഉപകരണങ്ങൾ ലൈഫ്, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കരകൗശല വസ്തുക്കൾ പുനരുപയോഗ ഊർജ ഉൽപാദനവുമായി ബന്ധപ്പെട്ടവ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]