
കൊച്ചി∙ കേരളത്തിലെ ഭക്ഷ്യോൽപന്നങ്ങളുടെ ഉയർന്ന വില. ദേശീയനിരക്കിനെക്കാൾ 4.6% കൂടുതലാണ് കേരളത്തിലെ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള (കൺസ്യൂമർ പ്രൈസ് ഇൻഡക്സ്) വിലക്കയറ്റം.
ദേശീയ നിരക്ക് 2.1%, കേരളത്തിന്റേത് 6.7%. തുടർച്ചയായ ആറാം തവണയാണ് കേരളം പട്ടികയിൽ ഒന്നാമതെത്തുന്നത്.
പച്ചക്കറി അടക്കമുള്ള ഭക്ഷ്യോൽപന്നങ്ങളുടെ വില കുറഞ്ഞതാണ് രാജ്യത്തെ വിലക്കയറ്റത്തോത് ഇത്ര കുറച്ചത്.
സംസ്ഥാനത്തെ കാർഷികോൽപാദനം കൂടിയെന്ന അവകാശവാദങ്ങളുള്ളപ്പോഴും വളരെ കുറച്ചു മാത്രം ഉൽപാദിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഉപഭോഗമുള്ള സംസ്ഥാനമായി തുടരുന്നതിന്റെ ഫലമാണ് ഈ ‘ഒന്നാം സ്ഥാനം’. ഉയർന്ന വരുമാനമുള്ളവരുടെ എണ്ണം വളരെ കൂടുതലുള്ള കേരളത്തിൽ, സാധാരണക്കാരാണ് ഇതിനിടയിൽപ്പെട്ടു ഞെരുങ്ങുന്നത്.
അതിനാൽ ഉപഭോഗ അസമത്വം ഏറ്റവും കൂടിയ സംസ്ഥാനവും കേരളമാണ്.
ആഹാര-പാനീയങ്ങൾ, ഭവന വാടക നിരക്ക്, യാത്രച്ചെലവ്, ഇന്ധനവില, വൈദ്യുതി, പുകയില-സിഗരറ്റ് മുതലായവയുടെ വില, പിന്നെ മറ്റു ചില്ലറ വസ്തുക്കളുടെയും സേവനങ്ങളുടെയും വില തുടങ്ങിയവയാണ് സൂചിക തയാറാക്കാൻ പരിഗണിക്കുന്നത്. സൂചികയിലെ മൊത്തം കണക്കിൽ ആഹാര സാധനകൾക്കുള്ള വെയ്റ്റേജ് 46 ശതമാനമാണ്.
അരിയും പച്ചക്കറിയുമെല്ലാം തമിഴ്നാട് ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരണമെന്നതാണ് കേരളത്തിന്റെ വിലക്കയറ്റം ഉയർന്നു നിൽക്കാൻ കാരണം.
കേരളത്തിന്റെ നെല്ലുൽപാദനവും നെൽക്കൃഷി ചെയ്യുന്ന പാടങ്ങളുടെ വിസ്തൃതിയും വർഷം തോറും കുറയുന്നുവെന്ന് ആസൂത്രണ ബോർഡിന്റെ സാമ്പത്തികാവലോകന കണക്കുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. വന്യജീവി ശല്യവും കാർഷികോൽപാദനം കുറച്ചു.
കുടിയേറ്റ കർഷകർ കുടിയിറങ്ങുന്ന സ്ഥിതിയാണ്. സംസ്ഥാന പൊതുവിതരണ സമ്പ്രദായത്തിലെ പോരായ്മകളും പ്രതിസന്ധിക്കു കാരണമാകുന്നുണ്ട്.
സൂചികയിലെ മറ്റൊരു പ്രധാന ഘടകമായ ഇന്ധനവില അയൽ സംസ്ഥാനങ്ങളെക്കാൾ 8 രൂപ വരെ കൂടുതൽ.
ഇത് അധിക ഗതാഗതച്ചെലവിന് ഇടയാക്കുന്നു. അതേസമയം, സൂചിക കണക്കാക്കാൻ ആധാരമാക്കുന്ന ഉൽപന്നങ്ങളുടെ പട്ടിക കാലാനുസൃതമായി പരിഷ്കരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]