
വായ്പാ ഇടപാടുകാർക്ക് വൻ ആശ്വാസം സമ്മാനിച്ച് എസ്ബിഐ (SBI) വായ്പകളുടെ പലിശനിരക്ക് വെട്ടിക്കുറച്ചു. നിലവിലെ വായ്പാ ഇടപാടുകാർക്കും പുതുതായി വായ്പ എടുക്കുന്നവർക്കും മികച്ച നേട്ടമാണിത്. വായ്പയുടെ പ്രതിമാസ തിരിച്ചടവ് തുക അഥവാ ഇഎംഐ (EMI) കുറയുമെന്നതാണ് പ്രധാന നേട്ടം.
റിസർവ് ബാങ്ക് (RBI) കഴിഞ്ഞ ധനനയ നിർണയ യോഗത്തിൽ (MPC meet) റീപ്പോനിരക്ക് (Repo rate) 0.50 കുറച്ചതിന്റെ ചുവടുപിടിച്ച് അരശതമാനം ഇളവാണ് ജൂൺ 15ന് പ്രാബല്യത്തിൽ വന്നവിധം എസ്ബിഐ കുറച്ചത്. റീപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ് (RLLR), എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലിങ്ക്ഡ് ലെൻഡിങ് റേറ്റ് (EBLR) എന്നിവയിലാണ് 0.50% ഇളവ് വരുത്തിയത്. ആർഎൽഎൽആർ, ഇബിഎൽആർ എന്നിവ അധിഷ്ഠിതമായ വായ്പകളുള്ളവർക്കും പുതുതായി വായ്പ എടുക്കുന്നവർക്കുമാണ് നേട്ടം.
പുതിയ നിരക്കുകൾ
റീപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ് നിലവിലെ 8.25 ശതമാനത്തിൽ (8.25+CRP) നിന്ന് 7.75 ശതമാനമായും (7.75+CRP) എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലിങ്ക്ഡ് ലെൻഡിങ് റേറ്റ് 8.65 ശതമാനത്തിൽ (8.65+CRP+BSP) നിന്ന് 8.15 ശതമാനവുമായാണ് (8.15+CRP+BSP) കുറച്ചതെന്ന് എസ്ബിഐ വെബ്സൈറ്റിൽ വ്യക്തമാക്കി. (താഴെ ചാർട്ട് നോക്കുക).
നിക്ഷേപങ്ങളുടെ പലിശയിലും മാറ്റം
എസ്ബിഐ വിവിധ കാലാവധികളുള്ള സ്ഥിരനിക്ഷേപങ്ങളുടെ (term deposit rates) പലിശനിരക്ക് കാൽ ശതമാനം കുറച്ചുവെന്നും വെബ്സൈറ്റ് വ്യക്തമാക്കി. (താഴെ ചാർട്ട് കാണുക). പുതുക്കിയനിരക്ക് ജൂൺ 15ന് പ്രാബല്യത്തിൽ വന്നു. പ്രത്യേക എഫ്ഡി (FD) പദ്ധതിയായ, 444 ദിവസക്കാലാവധിയുള്ള ‘അമൃത് വൃഷ്ടി’യുടെ പലിശനിരക്ക് 6.85 ശതമാനത്തിൽ നിന്ന് 6.60 ശതമാനമായും കുറച്ചിട്ടുണ്ട്. ഇതിനു പുറമെ എസ്ബിഐ സേവിങ്സ് അക്കൗണ്ടുകളുടെ പലിശയും കുറച്ചിട്ടുണ്ട്. 2.50 ശതമാനമായാണ് കുറച്ചത്. നേരത്തേ പലിശ 2.70 ശതമാനമായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html
English Summary:
State Bank of India (SBI) has announced a significant reduction in its loan interest rates, effective June 15th, following the RBI’s repo rate cut. This benefits both existing and new borrowers with loans linked to RLLR and EBLR. SBI has also lowered its fixed deposit and savings account interest rates.
5uldts7ucoruup7p5g5vp7d2d4 mo-business-interestrate mo-business-reporate mo-business-rbi mo-business-loan 2fa5rb7hbqfap03h4e48cf762-list mo-business-fixeddeposit 7q27nanmp7mo3bduka3suu4a45-list mo-business-sbi