ഇറാൻ-ഇസ്രയേൽ സംഘർഷം (Iran-Israel conflict) അയവില്ലാതെ നാലാം നാളിലേക്ക് കടന്നെങ്കിലും ഏഷ്യൻ ഓഹരി വിപണികൾ (Asian Markets) ഇന്ന് പൊതുവേ നേട്ടത്തിലേറിയത് ഇന്ത്യൻ ഓഹരി വിപണികൾക്ക് (Indian Stock Markets) നൽകുന്നത് ശുഭപ്രതീക്ഷ. ഇന്നു രാവിലെ 6.32വരെയുള്ള കണക്കുപ്രകാരം ഗിഫ്റ്റ് നിഫ്റ്റി (Gift Nifty) 44 പോയിന്റ് ഉയർന്നതും സെൻസെക്സും (Sensex) നിഫ്റ്റിയും (Nifty) ഇന്ന് നേട്ടത്തിൽ വ്യാപാരം തുടങ്ങിയേക്കുമെന്ന പ്രതീക്ഷയാണ് നൽകുന്നത്.
കഴിഞ്ഞവാരം അവസാന സെഷനിൽ നിഫ്റ്റി 169 പോയിന്റ് (-0.68%) ഇടിഞ്ഞ് 24,718ലും സെൻസെക്സ് 573 പോയിന്റ് (-0.70%) നഷ്ടത്തോടെ 81,118ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇറാൻ-ഇസ്രയേൽ സംഘർഷം യുദ്ധസമാനമായി മാറിയതും ഇറാനുമേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (Donald Trump) തന്നെ ഭീഷണിയുമായി രംഗത്തുള്ളതും ആശങ്ക പടർത്തുന്നുണ്ടെങ്കിലും നിലവിൽ ഓഹരി വിപണികൾ കൂടുതൽ ശ്രദ്ധയൂന്നുന്നത് ചില ‘സാമ്പത്തിക’ കണക്കുകളിലേക്കാണ്.
അതാണ് ഏഷ്യൻ ഓഹരി വിപണികളും ഗിഫ്റ്റ് നിഫ്റ്റിയും ഇന്ന് പച്ചതൊടാനും പ്രധാന കാരണം. ഉറ്റുനോട്ടം ചൈനയിലേക്ക് ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയും വ്യാവസായിക ഭൂപടത്തിലെ നിർണായകശക്തിയുമായ ചൈനയുടെ റീട്ടെയ്ൽ സെയിൽസ്, വ്യാവസായിക ഉൽപാദന വളർച്ച, മേയിലെ തൊഴിലില്ലായ്മക്കണക്ക് എന്നിവ ഇന്ന് പുറത്തുവരും.
കണക്കുകൾ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയിന്മേലാണ് ഏഷ്യൻ ഓഹരി വിപണികൾ ഇന്ന് നേട്ടത്തിന്റെ ട്രാക്ക് പിടിച്ചത്. ജാപ്പനീസ് നിക്കേയ് 0.73%, ദക്ഷിണ കൊറിയയുടെ കോസ്പി 0.17%, ഓസ്ട്രേലിയയുടെ എഎസ്എക്സ് 200 സൂചിക 0.12% എന്നിങ്ങനെ നേട്ടത്തിലേറി.
യുഎസിൽ ഡൗ ജോൺസ്, നാസ്ഡാക്, എസ് ആൻഡ് പി500 സൂചിക എന്നിവ 1.79% വരെ നഷ്ടത്തിലായിരുന്നു. യുഎസ് വിപണികൾ പ്രധാനമായും കാത്തിരിക്കുന്നത് നാളെ പുറത്തുവരുന്ന റീട്ടെയ്ൽ സെയിൽസ്, കയറ്റുമതി-ഇറക്കുമതിക്കണക്ക്, മേയിലെ മാനുഫാക്ചറിങ് പ്രൊഡക്ഷൻ വളർച്ചാക്കണക്ക് എന്നിവയിലേക്കാണ്.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ സമിതിയോഗം (FOMC Meet) ഈയാഴ്ചയുണ്ട്. ഇന്ത്യയുടെ മൊത്തവില പണപ്പെരുപ്പ കണക്ക് ഇന്നറിയാം.
കഴിഞ്ഞവാരം പുറത്തുവന്ന റീട്ടെയ്ൽ പണപ്പെരുപ്പക്കണക്ക് ഏറെ ആശ്വാസകരമായിരുന്നു. കഴിഞ്ഞമാസത്തെ വാഹന വിൽപന, കയറ്റുമതി-ഇറക്കുമതി എന്നിവ സംബന്ധിച്ച കണക്കുകളും ഇന്ന് പുറത്തുവരും.
രൂപയും സ്വർണവും ക്രൂഡ് ഓയിലും ഡോളറിനെതിരെ ഇന്ത്യൻ റുപ്പി കഴിഞ്ഞവാരം 0.41% ഇടിഞ്ഞ് രണ്ടുമാസത്തെ താഴ്ചയായ 86.09ലേക്ക് വീണിരുന്നു. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ, സ്വർണ വിലകൾ കുതിച്ചുകയറുന്നതും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് രൂപയെ തളർത്തുന്നത്.
കഴിഞ്ഞവാരം വിദേശ ധനകാര്യ സ്ഥാപനങ്ങൾ 4,812 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞിരുന്നു. മധ്യേഷ്യ വീണ്ടും യുദ്ധസമാന സാഹചര്യത്തിലായത് ക്രൂഡ് വിലയെ മുന്നോട്ട് നയിക്കുന്നു. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് നിലവിൽ 0.82% നേട്ടവുമായി 73.58 ഡോളറിലും ബ്രെന്റ് വില 0.81% ഉയർന്ന് 74.83 ഡോളറിലുമാണ് വ്യാപാരം.
ക്രൂഡ് വില കൂടുന്നത് എണ്ണക്കമ്പനികൾ, പെയിന്റ് നിർമാതാക്കൾ, വളം ഉൽപാദകർ, വിമാനക്കമ്പനികൾ, വാഹനമമേഖല, പെട്രോകെമിക്കൽ തുടങ്ങിയവയ്ക്ക് തിരിച്ചടിയാണ്. യുദ്ധം പോലുള്ള പ്രതിസന്ധിയുടെ സാഹചര്യത്തിൽ എപ്പോഴും ‘സുരക്ഷിത നിക്ഷേപം’ (Safe-haven) എന്ന പെരുമയുള്ള സ്വർണവിലയും കുതിക്കുന്നു.
ഇന്ന് രാജ്യാന്തര വില രാവിലെ ഔൺസിന് 10 ഡോളറിലധികം ഉയർന്ന് 3,441 ഡോളറിലെത്തി. കേരളത്തിൽ ഇന്ന് വില കൂടിയേക്കാമെന്നും റെക്കോർഡ് പുതുക്കിയേക്കാമെന്നുമുള്ള സൂചന ഇതു നൽകുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]