
പെട്ടെന്ന് പണത്തിനൊരാവശ്യം വന്നാൽ എന്താണ് ചെയ്യുക? കാർഡുമായി നേരെ എടിഎമ്മിൽ പോയി എസ് ബി അക്കൗണ്ടിൽ കിടക്കുന്ന പണമെടുത്ത് ആവശ്യം നടത്തും. അനായാസം കൈകാര്യം ചെയ്യാമെന്നുള്ള സൗകര്യമാണ് സേവിങ്സ് ബാങ്ക് അക്കൗണ്ടിനെ പലിശ കുറവാണെങ്കിലും ഇടപാടുകാർക്കിടയിൽ പോപ്പുലറാക്കുന്നത്.
റിസർവ് ബാങ്കിന്റെ നിബന്ധനയനുസരിച്ച്, ഇപ്പോൾ ഒരു ലക്ഷം വരെ ബാലൻസ് വയ്ക്കുന്ന സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് ഏതാണ്ട് ഒരേ പലിശയാണ് ലഭിക്കുക. ഒരു ലക്ഷം രൂപയ്ക്കു മേലെ ബാലൻസുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് ഉയർന്ന പലിശ നൽകുന്ന കാര്യത്തിൽ ഓരോ ബാങ്കുകള്‍ക്കും തീരുമാനമെടുക്കാനാകും.
പക്ഷേ കഴിഞ്ഞ ആഴ്ച റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന്റെ ചുവട് പിടിച്ച് ചില ബാങ്കുകൾ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് പലിശ കുറയ്ക്കാനൊരുങ്ങുകയാണ്. അതു കൊണ്ടു സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച് കൂടുതൽ നേട്ടം കിട്ടുന്ന മറ്റെവിടെയെങ്കിലും നിക്ഷേപിച്ചാലോ എന്ന് പലരും ആലോചിച്ചിക്കുകയാണ്. ഇത്തരത്തിൽ എപ്പോൾ വേണമെങ്കിലും പിൻവലിക്കാനാകുന്നതും ഒപ്പം പലിശ അധികം കിട്ടുകയും ചെയ്യുന്ന ഏതൊക്കെ നിക്ഷേപങ്ങളാണുള്ളത് എന്നറിയാം
സ്വീപ്പ് ഇൻ – സ്വീപ്പ് ഔട്ട് പദ്ധതികൾ
സേവിങ്സ് ബാങ്ക് അക്കൗണ്ടിലുള്ള തുകയ്ക്ക് മറ്റ് നടപടികളില്ലാതെ കൂടുതൽ നേട്ടമെടുക്കാനുള്ള സൗകര്യമാണിത്. ഇടപാടുകാരുടെ തീരുമാനമനുസരിച്ച് എസ് ബി അക്കൗണ്ടിൽ ഉള്ള തുക നിശ്ചിത പരിധിയെത്തുമ്പോൾ ഫിക്സഡ് ഡെപ്പോസിറ്റ് ആക്കി മാറ്റിയിടാനും ആവശ്യമെങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് വീണ്ടും സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്കു മാറ്റി ഇടാനും സൗകര്യമുള്ള സ്വീപ്പ് ഇൻ – സ്വീപ്പ് ഔട്ട് പദ്ധതികൾ എസ് ബി അക്കൗണ്ടുടമകൾക്ക് അധിക നേട്ടം ലഭിക്കാനായി ബാങ്കുകൾ നൽകുന്നുണ്ട്. ഈ പദ്ധതി ഉള്ള ബാങ്കിൽ എസ്ബി അക്കൗണ്ട് തുടങ്ങുന്നവർക്ക് ആവശ്യമെങ്കിൽ ഈ പദ്ധതിയിൽ നിക്ഷേപിച്ച് സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള ഈ അധിക നേട്ടം കൂടി എടുക്കാം. അങ്ങനെയെങ്കിൽ നിശ്ചിത പരിധി കഴിഞ്ഞ് ഫിക്സഡ് ഡെപ്പോസിറ്റിലേക്ക് മാറ്റിയിടുന്ന തുകക്ക് ഉയർന്ന പലിശ ലഭിക്കും. അതേ സമയം പണം ആവശ്യമെങ്കിൽ തിരികെ എസ് ബി അക്കൗണ്ടിലേയ്ക്ക് മാറ്റാനുമാകും
ലിക്വിഡ് ഫണ്ട്
കുറഞ്ഞ കാലാവധിയുള്ള കടപ്പത്ര അധിഷ്ടിത ഫണ്ടുകളാണ് ലിക്വിഡ് ഫണ്ടുകൾ. കടപ്പത്രത്തില്‍ നിക്ഷേപിക്കുന്നതിനാൽ അവയ്ക്ക് റിസ്ക് തീരെ കുറവാണ്, അതേ സമയം എസ്ബി അക്കൗണ്ടുകളേക്കാൾ നേട്ടവും കിട്ടും. 91 ദിവസമാണ് ഇത്തരം ഫണ്ടുകളുടെ കാലാവധി. ആക്സിസ് മ്യൂച്ചല്‍ ഫണ്ട്, ആദിത്യ ബിർല മ്യൂച്ചൽ ഫണ്ട്, ബറോഡ ബിഎൻപി പാരിബാസ്, എൽഐസി മ്യൂച്ചൽ ഫണ്ട് ഇവയുടെ ലിക്വിഡ് ഫണ്ടുകൾ സ്വീകാര്യത നേടിയിട്ടുള്ളതാണ്.
ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങൾ
പേരു സൂചിപ്പിക്കും പോലെ കുറഞ്ഞ കാലാവധിയുള്ള ബാങ്ക് സ്ഥിര നിക്ഷേപങ്ങളാണ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങൾ (ഷോർട് ടേം എഫ്ഡി). 7 ദിവസം കാലാവധിയുള്ള എഫ് ഡികൾ വരെയുണ്ട്. സേവിങ്സ് നിക്ഷേപത്തെക്കാൾ കൂടുതൽ പലിശ ബാങ്കുകൾ ഈ നിക്ഷേപങ്ങൾക്ക് ഉറപ്പാക്കുന്നു. ഇത്തരം നിക്ഷേപങ്ങൾ കാലയളവ് കഴിയുമ്പോൾ പുതുക്കി നിക്ഷേപിക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത.
പലിശ കിട്ടുമെന്നതിലുപരി പെട്ടെന്ന് പണത്തിന് ആവശ്യം വന്നാൽ എപ്പോൾ വേണമെങ്കിലും എടുത്തുപയോഗിക്കുന്നതിനു വേണ്ടിയാണ് പലരും സേവിങ്സ് അക്കൗണ്ടിൽ പണം സൂക്ഷിക്കുന്നത്. ഡയറക്ട് ബെനഫിറ്റ് പദ്ധതികളിൽ നിന്നുള്ള പണം ലഭിക്കുന്നതിനും സേവിങ്സ് ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. ഇത്തരം ആവശ്യങ്ങൾക്ക് നിശ്ചിത തുക അക്കൗണ്ടിൽ സൂക്ഷിച്ച ശേഷം ബാക്കി മുകളില്‍ പറഞ്ഞതിൽ ഏതെങ്കിലും അനുയോജ്യമായ പദ്ധതികളിലേക്ക് മാറ്റുന്നതാണ് കൂടുതൽ നേട്ടം കിട്ടാൻ എപ്പോഴും നല്ലത്.
English Summary:
Facing low savings account interest rates? This article explores easy-access, high-yield alternatives including sweep-in/sweep-out schemes, liquid funds, and short-term fixed deposits to help you maximize your returns while maintaining access to your funds for emergencies.
mo-business-interestrate p-g-suja mo-business-rbi mo-business-bankdeposit 2fa5rb7hbqfap03h4e48cf762-list mo-business-fixeddeposit 2i1bbbq22kkbocjf0vgtlrq3r0 mo-business-savingsbankaccount 7q27nanmp7mo3bduka3suu4a45-list mo-business-liquidfund