
ഹിൻഡൻബർഗ് ആരോപണം ഉൾപ്പെടെ ആഞ്ഞടിച്ച കാലത്ത് അദാനി ഗ്രൂപ്പ് കമ്പനികളുടെ ‘രക്ഷക പരിവേഷ’മണിഞ്ഞ് രംഗത്തെത്തിയ ജിക്യുജി പാർട്ണേഴ്സ്, യുഎസ് ഉയർത്തിവിട്ട കൈക്കൂലി ആരോപണങ്ങളുടെ പശ്ചാത്തലത്തിലും ഓഹരി പങ്കാളിത്തം കൂട്ടിയത് 5 അദാനിക്കമ്പനികളിൽ.
ഇന്ത്യൻ വംശജനും അമേരിക്കൻ ശതകോടീശ്വരനുമായ രാജീവ് ജെയിൻ നയിക്കുന്ന അമേരിക്കൻ നിക്ഷേപ സ്ഥാപനമാണ് ജിക്യുജി പാർട്ണേഴ്സ്. 2023ൽ ഹിൻഡൻബർഗിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ കനത്ത വിൽപനസമ്മർദ്ദം നേരിടുകയും വിപണിമൂല്യത്തിൽ നിന്ന് സംയോജിതമായി 12 ലക്ഷം കോടിയിലേറെ രൂപ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ജിക്യുജി പാർട്ണേഴ്സ് അദാനി ഗ്രൂപ്പ് ഓഹരികളിൽ വൻതോതിൽ നിക്ഷേപവുമായി എത്തിയത്. ഇത്, അദാനി ഓഹരികൾക്ക് വലിയ ആശ്വാസവുമായിരുന്നു.
ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി, അദാനി എന്റർപ്രൈസസ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി പവർ എന്നീ കമ്പനികളിലെ ഓഹരി പങ്കാളിത്തമാണ് ജിക്യുജി ഉയർത്തിയതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഡിസംബർ പാദത്തിൽ അദാനി പോർട്സിലെ ഓഹരി പങ്കാളിത്തം ജിക്യുജി ഏതാണ്ട് 1.46 ശതമാനത്തിലേക്ക് കുറച്ചിരുന്നു. എന്നാൽ, മാർച്ചിൽ വീണ്ടും ഓഹരികൾ വാങ്ങിക്കൂട്ടി.
2.47% അധിക ഓഹരികൾ വാങ്ങി അദാനി പോർട്സിലെ പങ്കാളിത്തം 3.93 ശതമാനത്തിലേക്കാണ് ജിക്യുജി ഉയർത്തിയത്. അദാനി ഗ്രീൻ എനർജിയിലേത് 0.28% വർധിപ്പിച്ച് 4.49 ശതമാനമാക്കി. 0.17% ഉയർത്തി 3.84 ശതമാനമാണ് അദാനി എന്റർപ്രൈസസിലെ പങ്കാളിത്തം. നേരിയ വർധനയോടെ 5.1 ശതമാനം ഓഹരി പങ്കാളിത്തം അദാനി പവറിലുമുണ്ട്. അദാനി എനർജി സൊല്യൂഷൻസിൽ ഓഹരി പങ്കാളിത്തം 5.23 ശതമാനം; മാർച്ചിൽ ഉയർത്തിയത് 0.13%. അതേസമയം, അംബുജ സിമന്റ്സിലെ ഓഹരിപങ്കാളിത്തം നേരിയതോതിൽ കുറയ്ക്കുകയും ചെയ്തു.
അദാനിക്കെതിരെ ബൈഡൻ ഭരണകൂടത്തിന്റെ അവസാനകാലത്താണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്, ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ എന്നിവ 265 മില്യൺ ഡോളർ മതിക്കുന്ന കൈക്കൂലി ആരോപണം ഉന്നയിച്ചത്. വൈദ്യുതിവിതരണ കരാറുകൾ നേടാൻ ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് അദാനി കൈക്കൂലി നൽകിയെന്നായിരുന്നു ആരോപണം. ഇത് പൂർണമായും അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നു.
എന്നാൽ, യുഎസ് പ്രസിഡന്റായി വീണ്ടും അധികാരമേറ്റ ഡോണൾഡ് ട്രംപ്, അദാനിക്കെതിരെ കേസെടുക്കാൻ ആസ്പദമായ ഫോറിൻ കറപ്റ്റ് പ്രാക്ടീസസ് ആക്ട് (FCPA) റദ്ദാക്കി. അദാനിക്കെതിരായ കൈക്കൂലി അരോപണത്തിൽ നിന്ന് യുഎസ് ഭരണകൂടം പിൻവലിയുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്ത്യയിലെ വിവിധ മ്യൂച്വൽഫണ്ടുകളും എൽഐസിയും അദാനി ഗ്രൂപ്പിലെ ഓഹരി പങ്കാളിത്തം കൂട്ടിയെന്നും റിപ്പോർട്ടുകളുണ്ട്. എസിസി, അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അംബുജ സിമന്റ്സ് എന്നിവയിലെ നിക്ഷേപമാണ് എൽഐസി ഉയർത്തിയത്. റീട്ടെയ്ൽ നിക്ഷേപകരാകട്ടെ അദാനി ടോട്ടൽ ഗ്യാസ്, അദാനി പവർ എന്നിവയിൽ ലാഭമെടുപ്പ് സമ്മർദമാണ് സൃഷ്ടിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നു നടത്തുന്നത് സമ്മിശ്ര പ്രകടനമാണ്. എസിസി, അദാനി എനർജി സൊല്യൂഷൻസ്, അദാനി ഗ്രീൻ എനർജി, അദാനി വിൽമർ എന്നിവ 0.93% വരെ നേട്ടത്തിൽ വ്യാപാരം ചെയ്യുന്നു. അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, അംബുജ സിമന്റ് എന്നിവ 1.19% വരെ നഷ്ടത്തിലുമാണുള്ളത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)