‘ അതിഥി തൊഴിലാളികളിൽ ഭൂരിഭാഗവും നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ടുചെയ്യാൻ നാട്ടിലേക്ക് പോകും. അതിനിടയിലാണ് പാചക വാതക പ്രതിസന്ധി.
ചുരുങ്ങിയത് സിലിണ്ടറിന് 4,000 രൂപം വേണം. ഈ കൊള്ളവിലയ്ക്ക് ഇത് വാങ്ങിയാൽ എങ്ങനെയാണിത് കച്ചവടം മുതലാവുക.
ഇനി ഹോട്ടൽ പൂട്ടിയിടാമെന്ന് വച്ചാൽ ബാങ്കു വായ്പ ആരടയ്ക്കും? ഈ തൊഴിലാളികളുടെ കുടുംബങ്ങൾ എങ്ങനെ ജീവിക്കും’ – ചോദ്യം കേരളത്തിലെ ഹോട്ടൽ ഉടമകളുടേതാണ്.
എൽപിജി പ്രതിസന്ധി രൂക്ഷമായതോടെ കേരളത്തിലെ ഭൂരിഭാഗം ഹോട്ടലുകളും പൂട്ടി. മറ്റുള്ളവർക്ക് ഒന്നോ രണ്ടോ ദിവസങ്ങൾ കൂടി തുടരാനാകും.
അതുകഴിഞ്ഞാൽ ലക്ഷങ്ങൾ പണിയെടുക്കുന്ന ഒരു തൊഴിൽ മേഖല പരിപൂർണമായും സ്തംഭിക്കും. ബദൽ മാര്‍ഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഹോട്ടല്‍ ഉടമകൾ നടത്തുന്നുണ്ടെങ്കിലും ഉടനെയൊന്നും പരിഹാരമുണ്ടാകില്ല.
ഗ്യാസിന് തീവില
പ്രതിസന്ധി മുതലെടുത്ത് സ്വകാര്യ കമ്പനികൾ കൊള്ളവിലയാണ് ഗ്യാസ് സിലണ്ടറുകൾക്ക് ഈടാക്കുന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 1,500 രൂപയായിരുന്ന 17 കിലോയുടെ സിലിണ്ടറിന് നിലവിൽ 3,500 രൂപ കടന്നു. ഇത്രയും പണം കൊടുത്ത് സിലിണ്ടർ വാങ്ങിയാൽ എങ്ങനെയാണ് നഷ്ടമില്ലാതെ ഹോട്ടൽ നടത്തുന്നതെന്ന് ഹോട്ടൽ ഉടമകള്‍ ചോദിക്കുന്നു.
രാജ്യത്ത് പാചക വാതകത്തിന് ക്ഷാമമുണ്ടെങ്കിൽ സ്വകാര്യ കമ്പനികൾക്ക് സിലിണ്ടർ ലഭിക്കുന്നത് എങ്ങനെയെന്നും ഇവർ സംശയം ഉന്നയിക്കുന്നു. വിറക് അടുപ്പിൽ പാചകം ചെയ്യാൻ അറിയാവുന്ന തൊഴിലാളികൾ ഇപ്പോൾ കുറവാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.കെ.ഫിലിപ്പ് കുട്ടി മനോരമ ഓൺലൈനോട് പറഞ്ഞു.
ഇത് പ്രതിസന്ധി രൂക്ഷമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അവർ മടങ്ങി വരുമോ
നിയമസഭാ തിരഞ്ഞെടുപ്പിനായി അതിഥി തൊഴിലാളികൾ മടങ്ങുന്നതും ഹോട്ടൽ മേഖല നേരിടുന്ന മറ്റൊരു പ്രതിസന്ധി. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടക്കുന്ന അസമിലുള്ളവർ മാസങ്ങൾക്ക് മുമ്പു തന്നെ മടക്കം തുടങ്ങിയിരുന്നു.
ബാക്കിയുള്ളവർ മാർച്ച് അവസാനത്തോടെ സംസ്ഥാനം വിടും. കേരളത്തിൽ ഒരു ലക്ഷത്തോളം ഹോട്ടലുകൾ ഉണ്ടെന്നാണ് കണക്ക്.
ഇതിൽ 4–5 ലക്ഷം വരെ തൊഴിലാളികളും പണിയെടുക്കുന്നു. ഭൂരിഭാഗവും അതിഥി തൊഴിലാളികളാണ്.
എൽപിജി പ്രതിസന്ധി മൂലം ഹോട്ടലുകളും കൂടി അടയ്ക്കുന്നതോടെ ഇവർ തിരിച്ചെത്തുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ഹോട്ടൽ ഉടമയായ ബെന്നി മനോരമ ഓൺലൈനോട് പറഞ്ഞു. നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 10 റോക്കറ്റ് അടുപ്പുകള്‍ക്ക് ഓർഡർ നൽകിയിട്ടുണ്ട്.
3.7 ലക്ഷം രൂപയാണ് ചെലവായത്. മുഴുവൻ പണവും കൊടുത്തെങ്കിലും മൂന്നാഴ്ച കഴിഞ്ഞു മാത്രമേ ഇവ ലഭിക്കൂ.
കൽക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന അടുപ്പ് ഉപയോഗിക്കാനാകുമോ എന്ന സാധ്യതയും തേടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമരത്തിലേക്ക്
നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാൽ വിഷയത്തിൽ ഇടപെടുന്നതിൽ പരിമിതികൾ ഉണ്ടെന്നാണ് മുഖ്യമന്ത്രി നൽകിയ മറുപടി.
വിഷയത്തിൽ നടപടി സ്വീകരിക്കുന്നതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങാനുള്ള തീരുമാനത്തിലാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ. ചൊവ്വാഴ്ച വൈകിട്ട് എക്സിക്യൂട്ടീവ് യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എ.ജയപാലൻ മനോരമ ഓൺലൈനോട് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

