
എട്ടുവർഷം മുമ്പ് പദ്ധതി നടപ്പാക്കിയപ്പോൾ ഗ്രാമിന് വില വെറും 2,684 രൂപ. എട്ടുവർഷത്തെ മെച്യൂരിറ്റി കാലാവധി കഴിഞ്ഞപ്പോൾ 6,132 രൂപ. നേട്ടം 120 ശതമാനത്തിലധികം. പലിശയും ചേർന്നാലോ കണ്ണഞ്ചിപ്പിക്കുന്ന ലാഭവും. പദ്ധതി വൻ സ്വീകാര്യത നേടി പറക്കുന്നതിനെ കേന്ദ്രസർക്കാർ അതങ്ങ് അവസാനിപ്പിച്ചു. അതോടെ, നിക്ഷേപകർക്ക് നഷ്ടമായത് മികച്ച നിക്ഷേപനേട്ടം കൊയ്യാവുന്ന ‘സ്വർണഖനിയും’.
കേന്ദ്രസർക്കാരും റിസർവ് ബാങ്കും ചേർന്ന് 2015 നവംബറിൽ അവതരിപ്പിക്കുകയും പിന്നീട് കഴിഞ്ഞ സാമ്പത്തിക വർഷത്തോടെ അവസാനിപ്പിക്കുകയും ചെയ്ത സോവറീൻ ഗോൾഡ് ബോണ്ട് (എസ്ജിബി) അഥവാ സ്വർണ ബോണ്ട് പദ്ധതിയെക്കുറിച്ചാണ് പറയുന്നത്. പ്രഥമ സ്വർണ ബോണ്ട് പദ്ധയിൽ 93,940 രൂപ നൽകി 35 ഗ്രാം സ്വർണ ബോണ്ടുകൾ വാങ്ങിയ നിക്ഷേപകർക്ക് 8 വർഷം കഴിഞ്ഞപ്പോൾ തിരികെ ലഭിച്ചത് 2.14 ലക്ഷം രൂപയാണ്. അതായത്, മെച്യൂരിറ്റി കാലാവധി തീരുമ്പോഴത്തെ സ്വർണത്തിന്റെ വിപണിവില എന്താണോ, അതിനനുസരിച്ച് നിക്ഷേപം തിരികെ ലഭിക്കും, പുറമേ പലിശയും. 2.5 ശതമാനമാണ് വാർഷിക പലിശ.
Image : Shutterstock/FOTOGRIN
മികച്ച നേട്ടം (റിട്ടേൺ) കിട്ടുന്നതിനാൽ സ്വർണ ബോണ്ട് പദ്ധതിയുടെ ഓരോ സീരീസിനും ലഭിച്ചത് പ്രതീക്ഷിച്ചതിലും കവിഞ്ഞ സ്വീകാര്യതയായിരുന്നു. ഇപ്പോഴിതാ, 2016-17ലെ 4-ാം സീരിസ് നാളെ (മാർച്ച് 17) മെച്യൂരിറ്റി കാലാധി തികയുകയാണ്. 2017 ഫെബ്രുവരിയിലായിരുന്നു സീരിസിന്റെ ഇഷ്യൂ (ആരംഭം). അന്നു ഗോൾഡ് ബോണ്ട് ഒരു ഗ്രാമിന് വില 2,943 രൂപ. നാളെ മെച്യൂരിറ്റി ആകുന്ന വേളയിൽ വില എത്തിനിൽക്കുന്നത് 193% കുതിച്ച് 8,624 രൂപയിൽ. പുറമേ 2.5% വാർഷിക പലിശയും നേടാം. 2019-20ലെ 4-ാം സീരീസും നാളെയാണ് മെച്യൂരിറ്റി. നേട്ടം ഗ്രാമിന് 8,634 രൂപ വീതം.
മികച്ച റിട്ടേൺ കിട്ടുമെന്നത് മാത്രമായിരുന്നില്ല എസ്ജിബിയുടെ ആകർഷണം. ഒന്ന്, കേന്ദ്രസർക്കാരിനു വേണ്ടി റിസർവ് ബാങ്കാണ് എസ്ജിബി അവതരിപ്പിച്ചിരുന്നത്. അതായത്, കേന്ദ്രത്തിന്റെയും റിസർവ് ബാങ്കിന്റെയും നിയന്ത്രണമുള്ളതിനാൽ സമ്പൂർണ സുരക്ഷിതം. മറ്റൊന്ന്, പൂർണമായും ഡിജിറ്റൽ പദ്ധതിയാണ്. ഭൗതിക സ്വർണം വാങ്ങി സൂക്ഷിക്കുമ്പോഴുണ്ടാകാവുന്ന സുരക്ഷാഭീതിക്ക് എസ്ജിബിയിൽ ഇടമില്ല.
Image Credits: KanawatTH/Istockphoto.com
എട്ടുവർഷത്തെ മെച്യൂരിറ്റി കാലാവധി വരെ സൂക്ഷിച്ചാൽ ക്യാപിറ്റൽ ഗെയിൻ ടാക്സ് അഥവാ മൂലധന നേട്ട നികുതി ഇല്ല9. 5 വർഷത്തിനുശേഷം നിബന്ധനകളോടെയും വിൽക്കാൻ അവസരം നൽകിയിരുന്നു. അങ്ങനെ വിറ്റാൽ നികുതി ബാധകമാണ്.
എന്തുകൊണ്ട് പദ്ധതി നിർത്തി?
ഇതിനുള്ള കൃത്യമായ വിശദീകരണം കേന്ദ്രം നൽകിയിട്ടില്ല. എങ്കിലും നിരവധി കാരണങ്ങൾ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒന്ന്, ഭൗതിക സ്വർണത്തോടുള്ള താൽപര്യം കുറയ്ക്കുക, ഇക്കുമതി നിയന്ത്രിച്ച് വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ കുറയ്ക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് കേന്ദ്രം എസ്ജിബി അവതരിപ്പിച്ചത്. മാത്രമല്ല, എസ്ജിബി വഴി നിക്ഷേപമായി എത്തുന്ന പണം നേരിട്ട് സമ്പദ്വ്യവസ്ഥയിലേക്ക് എത്തുന്നതിനാൽ അതു വികസനാവശ്യങ്ങൾക്ക് പ്രയോജനപ്പെടുകയും ചെയ്യുമായിരുന്നു.
എന്നാൽ, കേന്ദ്രം പ്രതീക്ഷിച്ചതുപോലെ ഭൗതിക സ്വർണത്തിന്റെ ഡിമാൻഡും ഇറക്കുമതിയും കുറഞ്ഞില്ല. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചതോടെ ഇറക്കുമതി വീണ്ടും കുതിച്ചുയർന്നു. അതേസമയം, തീരുവ കുറച്ച വേളയിൽ സ്വർണവില കുറഞ്ഞെങ്കിലും താമസിയാതെ, വീണ്ടും റെക്കോർഡുകൾ തകർത്തു മുന്നേറി. അതോടെ, എസ്ജിബിയുടെ പ്രസക്തി നഷ്ടമായി.
രണ്ട്, സ്വർണവില കുതിച്ചുയർന്നതോടെ നിക്ഷേപകർക്ക് കേന്ദ്രം മടക്കിനൽകേണ്ട തുക വലിയ ബാധ്യതയായി മാറി. നിക്ഷേപത്തിന്റെ ഇരട്ടിയിലേറെ തുക മടക്കിനൽകേണ്ട സ്ഥിതി വന്നതോടെ എസ്ജിബിയിൽ പുതിയ സീരീസ് അവതരിപ്പിക്കുന്നത് കേന്ദ്രം അവസാനിപ്പിക്കുകയായിരുന്നു.
നിക്ഷേപകർക്ക് മുന്നിലെ വഴി?
സോവറീൻ ഗോൾഡ് ബോണ്ട് പുതിയ നിക്ഷേപത്തിനു ലഭ്യമല്ലെങ്കിലും സെക്കൻഡറി (എൻഎസ്ഇ/ബിഎസ്ഇ) വിപണിയിൽ അവ വാങ്ങാം. താൽപര്യമുള്ളവർക്ക് ആ വഴി തിരഞ്ഞെടുക്കാം. മറ്റൊന്ന്, സ്വർണനിക്ഷേപം തന്നെയാണ് താൽപര്യമെങ്കിൽ ഗോൾഡ് ഇടിഎഫുകളിലോ ഗോൾഡ് മ്യൂച്വൽഫണ്ടുകളിലോ നിക്ഷേപിക്കാം. തവണവ്യവസ്ഥ (എസ്ഐപി) വഴിയും ഗോൾഡ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]